
സ്വന്തം ലേഖകൻ: മൂടൽമഞ്ഞ് ശക്തമായി തുടരുന്ന യുഎഇയിൽ കൊവിഡ് വ്യാപനവും ശക്തമാകുമെന്ന് മുന്നറിയിപ്പ്. ആസ്മ ഉൾപ്പെടെയുള്ള രോഗങ്ങളുള്ളവരും കരുതിയിരിക്കണമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അഞ്ചുദിവസം കൂടി മഞ്ഞ് ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
രാവിലെ പതിനൊന്നു വരെയും മിക്കയിടങ്ങളിലും മൂടൽ മഞ്ഞാണ്. കഴിഞ്ഞദിവസം അൽ ദർഫ മേഖലയിൽ 8.5 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു താപനില. തണുപ്പും വരണ്ടകാലാവസ്ഥയുമാണു വൈറസ് രോഗാണുക്കൾ വ്യാപിക്കാനുള്ള യോജിച്ച അന്തരീക്ഷം. അതു കൊണ്ടു തന്നെ കൊവിഡ് വ്യാപനത്തിന്റെ തോത് വർധിക്കാൻ യോജ്യമായ കാലാവസ്ഥയാണ് ഇതെന്നാണ് മുന്നറിയിപ്പ്. പുലർച്ചെയുള്ള യാത്രകൾ കൃത്യമായ മുന്നൊരുക്കങ്ങളോടെ വേണം. അതേസമയം അൽഐൻ, ഫുജൈറ എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് ഇല്ലായിരുന്നു.
ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രമാണ് മൂടൽമഞ്ഞ് ഉണ്ടായിരുന്നതെന്ന് കാലാവസ്ഥാ അധികൃതരും വ്യക്തമാക്കി. യുഎഇയിൽ ഷാർജയിൽ 13 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ദുബായ്-15, റാസൽഖൈമ-12, ഫുജൈറ-19, അൽഐൻ-16, അബുദാബി-16 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയായിരുന്നു ഇന്നലത്തെ താപനില. ഗൾഫ് രാജ്യങ്ങളിൽ കുവൈത്താണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 8ഡിഗ്രി സെൽഷ്യസ്.
കനത്ത മൂടൽമഞ്ഞുള്ള സമയത്ത് ഡ്രൈവിങ്ങിൽ അതീവ ജാഗ്രത വേണമെന്ന് അബൂദബി പൊലീസ് ആവശ്യപ്പെട്ടു.ഇതുമായി ബന്ധപ്പെട്ട് റോഡുകളിലെ ബോർഡുകളിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ സ്ഥാപിച്ചു. അബൂദബി, അൽഐൻ, അൽദഫ്ര എന്നിവിടങ്ങളിൽ വാഹനം ഡ്രൈവ് ചെയ്യുന്നതിനുമുമ്പ് അബൂദബി പൊലീസിെൻറ മൂടൽമഞ്ഞും കാലാവസ്ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. ഹൈവേകളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കണം. മതിയായ സുരക്ഷാ അകലം നൽകി സഞ്ചരിക്കാനും ഡ്രൈവർമാരോട് പൊലീസ് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല