1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2021

സ്വന്തം ലേഖകൻ: മൂടൽമഞ്ഞ് കനക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ രാവിലെ കനത്ത മൂടൽമഞ്ഞാണ് യുഎഇയുടെ വിവിധഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. ദൂരക്കാഴ്ച 1000 മീറ്ററിലും താഴെയാണ് മിക്ക റോഡുകളിലും. ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങളിലേക്ക് നയിക്കും. വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാതെയോടിച്ചാൽ അപകടസാധ്യത കൂടും.

യുഎഇയിലെ റോഡപകടങ്ങളിൽ ഭൂരിഭാഗവും വാഹനങ്ങൾക്കിടയിലെ അകലം കുറയുന്നതുമൂലമാണ് സംഭവിക്കുന്നത്. ഹസാഡ് ലൈറ്റുകളുടെ ശരിയായ ഉപയോഗവും വാഹനം ഉപയോഗിക്കുന്നവർ മനസ്സിലാക്കണം. അപകടം നടന്നാൽ മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടാവാത്ത വിധത്തിൽ വശങ്ങളിലേക്ക് മാറ്റിനിർത്തണം. അതത് സ്ഥലങ്ങളിലെ കമ്യൂണിറ്റി പോലീസിന്റെ സഹായവും തേടാം.

അബുദാബി, അൽഐൻ, അൽ ദഫ്‌റ എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. കാലാവസ്ഥാ വെല്ലുവിളികളുണ്ടാവുമ്പോൾ അബുദാബി നിരത്തുകളുടെ പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററായി ചുരുങ്ങും. ഇത് ഇലക്‌ട്രോണിക് ട്രാഫിക് ബോർഡുകളിലാണ് തെളിയുക. ഇതും ശ്രദ്ധിച്ച് വേണം വാഹനമോടിക്കാൻ.

പോലീസ് മുന്നറിയിപ്പ് എസ്.എം.എസ്. ആയും മൊബൈൽ ഫോണുകളിൽ ലഭിക്കും. അനാവശ്യയാത്രകൾ ഇത്തരം സമയങ്ങളിൽ ഒഴിവാക്കണമെന്നും പോലീസ് നിർദേശിച്ചു.

ലൈസൻസ് പ്ലേറ്റ് കണ്ടില്ലെങ്കിൽ പിഴ

സൈക്കിളുകൾ വാഹനങ്ങളുടെ പിറകിൽ ഘടിപ്പിച്ച് യാത്ര നടത്തുമ്പോൾ ലൈസൻസ് പ്ലേറ്റ് കണ്ടില്ലെങ്കിൽ പിഴ ചുമത്തുമെന്ന് അബുദാബി പോലീസ്. തണുപ്പുള്ള അന്തരീക്ഷത്തിൽ സൈക്ലിങ് നടത്തുന്ന സംഘങ്ങളുടെ എണ്ണം കൂടിവരികയാണ്. പലരും താമസ കേന്ദ്രങ്ങളിൽനിന്ന് ട്രാക്കുകളിലേക്ക് ഒന്നും രണ്ടും സൈക്കിളുകൾ സ്വന്തം വാഹനത്തിൽ കൊണ്ടുപോകുന്ന പതിവുണ്ട്.

എന്നാൽ ഇതുമൂലം ലൈസൻസ് പ്ലേറ്റ് മറഞ്ഞുപോയാൽ 400 ദിർഹമാണ് പിഴ. സൈക്കിളുകൾ വാഹനങ്ങളുടെ പുറകിൽ ഘടിപ്പിക്കുന്നത് അനുവദനീയമായ രീതിയിൽ തന്നെയാവണം. സൈക്കിൾ സവാരി നടത്തുന്നവർ ഹെൽമെറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.