1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2020

സ്വന്തം ലേഖകൻ: യുഎഇയുടെ വിവിധ മേഖലകളിൽ ശക്തമായ മഴ. മഴയും കാറ്റും ചിലയിടങ്ങളിൽ ഗതാഗതത്തെ ബാധിച്ചു. കൽബയിലെ പ്രധാന റോഡ് ഇന്നലെ ഉച്ചകഴിഞ്ഞ് അടച്ചിട്ടു. അൽ ഹഫിയ സ്ക്വയർ മുതൽ വാദി അൽ ഹിലോ വരെ ഇരുദിശകളിലേക്കും ഗതാഗതം നിർത്തിവച്ചു. വാദികൾ നിറഞ്ഞു. മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് ശക്തം. ഇനിയുള്ള ദിവസങ്ങളിൽ മഴയ്ക്കും ചിലയിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പു നൽകി.

ദുബായ് ജുമൈറ, ലഹ്ബാബ്, ജബൽഅലി, ഷാർജയിലെ ഖോർഫക്കാൻ, വാദി അൽ ഹിലോ, ദൈദ്, ഫുജൈറ അഹ്ഫാര, വാദി മൈദാഖ്, അൽ ബിദിയ, റാസൽഖൈമയിലെ മലീഹ-ഷൌഖ റോഡ്, അൽ മനാഇ, അജ്മാൻ അൽ നുഐമിയ, എമിറേറ്റ്സ് റോഡിനു സമീപം അൽ ഹിലിയോ, ഉമ്മുൽഖുവൈൻ ഫലജ് അൽ മുഅല്ല, അബുദാബി ഗന്തൂത്, അൽ ബഹ്‌യ, അൽഐൻ ജബൽ ഹബീത് മലനിരകൾ, സാഖിർ, ഒമാൻ അതിർത്തി ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ ഉച്ചയോടെ ശക്തമായ മഴപെയ്തു. താഴ്ന്ന മേഖലകളിലെ റോഡുകളിൽ വെള്ളം നിറഞ്ഞ് ഗതാഗത തടസ്സമുണ്ടായി. ദുബായിലടക്കം രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.

ഉച്ചയോടെ തണുത്തകാറ്റ് വീശി. ഇന്നും പൊതുവേ മൂടിക്കെട്ടിയ കാലാവസ്ഥ ആയിരിക്കുമെന്നു പ്രിൻസിപ്പൽ മീറ്റിയോറോളജിക്കൽ ഡേറ്റ അനലിസ്റ്റ് ആസിഫ് ഷാ പറഞ്ഞു. കിഴക്കു പടിഞ്ഞാറൻ മേഖലകളിൽ മഴയ്ക്കു സാധ്യതയുണ്ട്. രാത്രിയോടെ അന്തരീക്ഷ ഈർപ്പം ഉയരും. നാളെയും മറ്റന്നാളും വിവിധ മേഖലകളിൽ പുലർച്ചെ ശക്തമായ മൂടൽമഞ്ഞിനും സാധ്യത. െതക്കു കിഴക്കൻ കാറ്റ് വീശും. ഗ്രാമീണ മേഖലകളിലും തീരപ്രദേശങ്ങളിലും കാറ്റ് ശക്തമാകും.

വാദികൾ, മലയോര മേഖലകൾ എന്നിവിടങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുണ്ട്. മലനിരകളിൽ നിന്നു നീരൊഴുക്കു കൂടാം. മണ്ണിടിച്ചിലിനും മറ്റുമുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് സുരക്ഷിതം. വടക്കൻ മേഖലകളിലെ താഴ്ന്ന മേഖലകളിൽ താമസിക്കുന്നവരും ശ്രദ്ധിക്കണം. തുറസ്സായ മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ സുരക്ഷിമേഖലകളിലേക്കു മാറ്റണം. വാദികളിൽ ഇറങ്ങുകയോ വാഹനങ്ങളിൽ കുറുകെ കടക്കുകയോ ചെയ്യരുത്.

ഒമാനിലും മഴ ശക്തം

ഒമാനിലെ വിവിധ മേഖലകളിലും സാമാന്യം ശക്തമായ മഴ ലഭിച്ചു. ഹജ്ർ മലനിരകളിലും പരിസരമേഖലകളിലും മഴ ശക്തമായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷം. അമിറാത് മേഖലയിൽ ശനിയാഴ്ച മഴ ലഭിച്ചിരുന്നു. കാലാവസ്ഥാ മാറ്റത്തിനു മുന്നോടിയായി വരും ദിവസങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.