1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2022

സ്വന്തം ലേഖകൻ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തിമിര്‍ത്തു പെയ്യുകയാണ്. ശക്തമായ മഴയില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും റോഡുകള്‍ അടയ്ക്കുകയും ജനങ്ങളോട് വീട്ടില്‍ നിന്നിറങ്ങരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് രാജ്യത്ത് ഇപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്നതെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ ഫുജൈറ പോര്‍ട്ട് സ്‌റ്റേഷനില്‍ 255.2 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ജൂലൈ മാസത്തില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ശക്തമായ മഴയാണിതെന്നും കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. ഫുജൈറ പോര്‍ട്ട് സ്‌റ്റേഷന്‍ കഴിഞ്ഞാല്‍ മസാഫിയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്- 209.7 മില്ലീമീറ്റര്‍. 187.9 മില്ലീമീറ്റര്‍ മഴയുമായി ഫുജൈറ എയര്‍പോര്‍ട്ടാണ് മൂന്നാം സ്ഥാനത്ത്.

അതിനിടെ, യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ചയും ശക്തമായ കാറ്റും മഴയും തുടര്‍ന്നു. പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. വാഹനങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. നൂറുകണക്കിന് ആളുകളെയാണ് സൈന്യവും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. വെള്ളത്തിലായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കനത്ത മഴയില്‍ വെള്ളത്തിന് അടിയിലായ ഫുജൈറ, ഖോര്‍ഫുക്കാന്‍, റാസല്‍ ഖൈമ, ഷാര്‍ജയുടെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കല്‍ബ, ഫുജൈറ മേഖലയില്‍ കുടുങ്ങിയ 870 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി യുഎഇ അധികൃതര്‍ അറിയിച്ചു. 150ലേറെ പേരുടെ താമസ ഇടങ്ങളില്‍ വെള്ളം കയറിയതിനാല്‍ ഹോട്ടലുകളിലും മറ്റും താല്‍ക്കാലിക താമസം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് ഫുജൈറയിലേക്കുള്ള റോഡുകള്‍ പൊലീസ് അടിച്ചിരുന്നു. ഷാര്‍ജയില്‍ നിന്നും ദുബൈയില്‍ നിന്നും ഫുജൈറയിലേക്കുള്ള ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചു. വെള്ളപ്പൊക്കം ഉണ്ടായ പ്രദേശങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ ജോലിക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.