1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2020

സ്വന്തം ലേഖകൻ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂന്നു ദിവസത്തിലേറെയായി തുടരുന്ന ശക്തമായ മഴയെത്തുടര്‍ന്ന് വിമാന സര്‍വിസും ഗതാഗത സംവിധാനവും താളം തെറ്റി. റാസല്‍ഖൈമ, ദുബൈ, അല്‍ ഐന്‍, അബുദാബിയുടെ കിഴക്കന്‍ ഭാഗങ്ങള്‍, ഷാര്‍ജ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴയാണ് പെയ്തത്. ചില ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. 24 വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴയാണ് ഇപ്പോഴത്തേത്.

കനത്ത മഴയെത്തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം വെള്ളം കയറിയിരുന്നു. തുടര്‍ന്ന് നിരവധി വിമാന സര്‍വിസുകള്‍ റദ്ദാക്കി. സര്‍വിസ് നടത്തുന്നവയാവട്ടെ സമയക്രമം തെറ്റിയാണു പറക്കുന്നത്. പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനുള്ള കഠിനപ്രയത്‌നത്തിലാണെന്നു പറഞ്ഞ വിമാനത്താവള അധികൃതര്‍ 19 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതാണെന്നും വ്യക്തമാക്കി.

ഇന്നലെ ദുബായില്‍നിന്നു മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വിസ് റദ്ദാക്കിയിരുന്നു. ഇന്നു മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, വിശാഖപട്ടണം സെക്ടറിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് പല പരീക്ഷകളും മാറ്റിവയ്ക്കുകയും സ്‌കൂളുകള്‍ അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് . പല സ്‌കൂളുകളിലും ക്ലാസ്മുറികളില്‍ വെള്ളം കയറിയിട്ടുണ്ട്.

മഴ കാരണം നിരവധി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1900 ഓളം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ദുബൈ പോലീസ് അറിയിച്ചു. പ്രധാന പാതകളില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പരമാവധി സ്വകാര്യവാഹനങ്ങള്‍ ഒഴിവാക്കി മെട്രോയടക്കമുള്ള പൊതുഗതാഗതസംവിധാനം ഉപയോഗപ്പെടുത്താന്‍ ആര്‍ടിഎ നിര്‍ദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.

യുഎഇയിലുടനീളം ഉണ്ടായ കനത്ത മഴ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടതാണെന്നു കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. താനി അല്‍ സിയൂദി പറഞ്ഞു.ആഗോളതാപനം മൂലം കടുത്ത കാലാവസ്ഥാ സംഭവങ്ങള്‍ ലോകമെമ്പാടും വര്‍ധിച്ചതായും എമിറേറ്റുകളെ ബാധിച്ച തുടര്‍ച്ചയായ കൊടുങ്കാറ്റുകള്‍ പുതിയ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.