1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2021

സ്വന്തം ലേഖകൻ: യുകെയിൽ സ്ത്രീകളുടെ സംരക്ഷണത്തിനായി ഒരു പുതിയ എമർജൻസി നമ്പർ അവതരിപ്പിച്ച് ഹോം സെക്രട്ടറി പ്രീതി പട്ടേൽ. ക്രിസ്തുമസ് ആകുമ്പോഴേക്കും പുതിയ ഹെൽപ്പ്ലൈൻ പ്രവർത്തനക്ഷമമാകുമെന്നും പട്ടേൽ വ്യക്തമാക്കി. സാറാ എവറാർഡിന്റെ കൊലപാതകത്തിൽ ഉയരുന്ന ജനരോഷത്തിന് മറുപടിയായാണ് ‘വാക്ക് മി ഹോം സർവീസ്’ എന്ന പദ്ധതി സ്ത്രീകൾക്കായി അവതരിപ്പിച്ചത്.

പദ്ധതി പ്രകാരം താല്പര്യമുള്ള സ്ത്രീകൾക്ക് അവരുടെ യാത്രകൾ ട്രാക്കു ചെയ്യാൻ കഴിയും. കൂടാതെ കൃത്യസമയത്ത് വീട്ടിലെത്താൻ കഴിയുന്നില്ലെങ്കിൽ ഒരു അലേർട്ട് ബന്ധപ്പെട്ടവർക്ക് ലഭിക്കും. സ്ത്രീകൾക്ക് ഭീഷണി ഉണ്ടെന്ന് തോന്നുകയാണെങ്കിൽ പോലീസിനെ വിളിക്കാൻ മൊബൈൽ ആപ്പ് – 888 എന്ന നമ്പറിൽ ഉപയോഗിക്കാം

84 വർഷമായി 999 സർവീസ് നടത്തുന്ന ബിടി ഈ ആഴ്ച ആദ്യം സമർപ്പിച്ച നിർദ്ദേശം പ്രീതി പട്ടേൽ അംഗീകരിക്കുകയായിരുന്നു. സ്ത്രീകൾക്കെതിരെ വർധിച്ചു വരുന്ന അതിക്രമങ്ങളെ നേരിടാൻ സാങ്കേതികവിദ്യ അനിവാര്യമാണെന്ന് ആഭ്യന്തര സെക്രട്ടറിക്കുള്ള കത്തിൽ ബിടി ചീഫ് എക്സിക്യൂട്ടീവ് ഫിലിപ്പ് ജാൻസൺ ചൂണ്ടിക്കാട്ടിയിരുന്നു. അതിനായി 50 മില്യൺ പൗണ്ട് വരെ ചെലവാകുമെന്നും ക്രിസ്മസിനുള്ളിൽ പ്രവർത്തന സജ്ജമാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ഫോൺ ലൈൻ തികച്ചും നൂതനമായ ഒരു പദ്ധതിയാണ്. അത് കഴിയുന്നത്ര വേഗത്തിൽ പ്രാബല്യത്തിൽ വരുത്തുവാൻ ബിടിയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പ്രീതി പട്ടേൽ അറിയിച്ചു. സാറാ എവറാർഡിന്റെ കൊലപാതകത്തോടെയാണ് സ്ത്രീ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാൻ സർക്കാർ നിർബന്ധിതരായത്. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച എവറാൻഡ് വധക്കേസിൽ ഒരു പൊലീസുകാരൻ തന്നെ പ്രതിയായതും സർക്കാരിൻ്റെ പ്രതിരോധത്തിലാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.