1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2022

സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി മൂലം രണ്ടു വര്‍ഷമായി നടക്കാതെ പോയ എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം മികവ് പുലര്‍ത്തി ആണ്‍കുട്ടികളും. എ, എ സ്റ്റാര്‍ ഗ്രേഡുകളില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം 2.2 പോയിന്റായി കുറഞ്ഞു. 37.4 ശതമാനം പെണ്‍കുട്ടികള്‍ക്ക് എ ഗ്രേഡ് ലഭിച്ചപ്പോള്‍ , 35.2% ആണ്‍കുട്ടികളും ഈ നേട്ടം സ്വന്തമാക്കി.

കഴിഞ്ഞ വര്‍ഷം എ, എ സ്റ്റാര്‍ ഗ്രേഡുകളില്‍ പെണ്‍കുട്ടികള്‍ 4.8 ശതമാനം പോയിന്റ് ലീഡ് നേടിയിരുന്നത് ഇക്കുറി 2.2 പോയിന്റായാണ് കുറഞ്ഞതെന്ന് ഇന്നലെ പുറത്തുവന്ന ഫലങ്ങള്‍ വ്യക്തമാക്കുന്നു. മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് പരീക്ഷകള്‍ തിരിച്ചെത്തിയത്. 2020, 2021 വര്‍ഷങ്ങളിലെ എല്ലാ പരീക്ഷകളും റദ്ദാക്കപ്പെട്ടിരുന്നു.

ഇതിന് പകരം ആ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ കോഴ്‌സ് വര്‍ക്കും, ഓണ്‍ലൈന്‍ ക്ലാസുകളിലെ പ്രകടനവും അടിസ്ഥാനമാക്കി അധ്യാപകരാണ് ഗ്രേഡ് നിശ്ചയിച്ചത്. ഈ ഘട്ടത്തില്‍ പെണ്‍കുട്ടികളുടെ ഗ്രേഡുകള്‍ കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ പരീക്ഷകള്‍ എത്തിയതോടെ അവസാന ഘട്ടത്തില്‍ ഒരുങ്ങുന്ന ആണ്‍കുട്ടികളും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതായി മുന്‍ ബോയ്‌സ് സ്‌കൂള്‍ ഹെഡ് ടീച്ചര്‍ ക്രിസ് മക്ഗവേണ്‍ ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ വര്‍ഷം 46.9 ശതമാനം പെണ്‍കുട്ടികളാണ് എ ഗ്രേഡും, അതിന് മുകളിലും സ്‌കോര്‍ ചെയ്തത്. 42.1 ശതമാനം ആണ്‍കുട്ടികള്‍ക്കാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. ഇതിന് മുന്‍പത്തെ വര്‍ഷത്തെ 3.2 പോയിന്റ് വ്യത്യാസമാണ് കഴിഞ്ഞ വര്‍ഷം വീണ്ടും ഉയര്‍ന്നത്.

സബ്ജക്ട് ലെവലില്‍ ഇക്കുറി ഫ്രഞ്ചില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ മറികടക്കുകയും ചെയ്തു. 51.9 ശതമാനം പേര്‍ക്കെങ്കിലും എ ലഭിച്ചപ്പോള്‍ 49.3 ശതമാനം പെണ്‍കുട്ടികള്‍ക്കാണ് ഇതിന് സാധിച്ചത്. കണക്കിലും സമാനമായ മുന്നേറ്റം ആണ്‍കുട്ടികള്‍ നേടി. 68.2 ശതമാനം പേര്‍ ചുരുങ്ങിയത് എ ഗ്രേഡ് നേടിയപ്പോള്‍, 64.7 ശതമാനം പെണ്‍കുട്ടികള്‍ക്കാണ് ഈ നേട്ടം.

എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ പതിവുപോലെ മികച്ച പ്രകടനം കാഴ്ചവച്ചു മലയാളി വിദ്യാര്‍ത്ഥികള്‍. മികച്ച വിജയം നേടിയവരില്‍ ന്യൂ പോര്‍ട്ടിലെ റിസ് പന്‍വേല്‍ തോമസും സ്വാന്‍സിയയിലെ ആഷ്‌വിന്‍ ജോസഫ് സിബിയും ന്യൂ കാസിലിലെ റെഹാന്‍ രാജുവും ഉണ്ട്.

മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ബയോളജി, വെല്‍ഷ് ബെക്കാലുറേറ്റ് എന്നീ വിഷയങ്ങളിലാണ് ന്യൂ പോര്‍ട്ടിലെ റിസ് പാന്‍വേല്‍ തോമസ് നാല് എ സ്റ്റാറുകള്‍ നേടിയത്. ന്യൂപോര്‍ട്ട് സെന്റ് ജോസഫ്സ് ആര്‍സി ഹൈസ്‌കൂളിന് അഭിമാനമായ റിസ് കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന് ചേരുവാന്‍ ഒരുങ്ങുകയാണ്.

മൂന്നു വിഷയങ്ങളില്‍ എ സ്റ്റാര്‍ സ്വന്തമാക്കി കവന്‍ട്രി മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് ജോഷ് ജിനു. റഗ്ബി ലോറന്‍ ഷെരിഫ് ഗ്രാമര്‍ സ്‌കൂളിലെ മികച്ച വിജയങ്ങളില്‍ ഒന്നുമാണ് ജോഷിന്റേത്.

കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി എന്നിവയില്‍ എ സ്റ്റാര്‍ നേടിയ ജോഷ് ബിര്‍മിങ്ഹാം യൂണിവേഴ്സിറ്റിയില്‍ ഡെന്റിസ്റ്റാകാന്‍ തയാറെടുക്കുകയാണ്.

ജോഷിന്റെ പിതാവ് ജിനുവും ഡെന്റല്‍ ഡോക്ടറാണ്. ‘അമ്മ ബിന്ദു കവന്‍ട്രി യൂണിവേഴ്സിറ്റിയില്‍ സ്റ്റാഫ് നേഴ്സും. ഏക സഹോദരി ജെറുശ റഗ്ബി ഗേള്‍സ് ഗ്രാമര്‍ സ്‌കൂളില്‍ ജി സി എസ ഇ വിദ്യാര്‍ത്ഥിനിയാണ് .

മുഴുവന്‍ വിഷയങ്ങള്‍ക്കും എ സ്റ്റാറുകള്‍ നേടി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജോയല്‍ ജോര്‍ജ്. സ്റ്റഫോര്‍ഡ്‌ഷെയറിലെ ന്യൂ കാസില്‍ അണ്ടര്‍ ലൈം സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ജോയല്‍ മാത്‌സ്, ഫര്‍തര്‍ മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്കാണ് എ സ്റ്റാറുകള്‍ നേടിയത്. ജിസിഎസ്ഇയിലും 11 വിഷയങ്ങള്‍ക്കും ജോയല്‍ എ സ്റ്റാറുകള്‍ നേടിയിരുന്നു.

കേംബ്രിഡ്ജ് ട്രിനിറ്റി കോളേജില്‍ മെഡിസിന് പഠനത്തിന് അഡ്മിഷന്‍ നേടിയ ജോയല്‍ ഡോക്ടറാകാനുള്ള തയ്യാറെടുപ്പിലാണ്. ജോര്‍ജ്ജ് ജോസഫ് വളവനാല്‍ – മഞ്ജുഷ ജോസഫ് ദമ്പതികളുടെ മകനാണ് ജോയല്‍. കോട്ടയം പാലാ മൂഴൂര്‍ സ്വദേശികളാണ്.

റെഗ്ബി ലോറന്‍സ് ഷെരീഫ് ഗ്രാമര്‍ സ്‌കൂള്‍ എ ലെവല്‍ വിദ്യാര്‍ത്ഥി കെവിന്‍ ബാബു മൂന്നു വിഷയങ്ങളില്‍ എ സ്റ്റാര്‍ നേടി കേംബ്രിഡ്ജില്‍ മെഡിസിന് തയ്യാറെടുക്കുന്നത്. ബയോളജി, കെമിസ്ട്രി, കണക്ക് എന്നിവയാണ് കെവിന്‍ ഐച്ഛികമായി പഠന വിഷയമായി തിരഞ്ഞെടുത്തത്. ജിസിഎസ്ഇയിലും മികച്ച വിജയം തന്നെ ആയിരുന്നു. തൊടുപുഴ പുറപ്പുഴ സ്വദേശികളായ ബാബുവിന്റെയും മിനിയുടെയും മകനാണ്. മിനി കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ നഴ്സും ബാബു സ്വയം തൊഴില്‍ സംരംഭകനുമാണ്.

കവന്‍ട്രിയിലെ നയന റോബിനും അഭിമാന വിജയം കരസ്ഥമാക്കി. കവന്‍ട്രി കാല്‍ഡണ്‍ കേസില്‍ സ്‌കൂളില്‍ നിന്നും ബയോളജിയിലും കണക്കിലും കെമിസ്ട്രിയിലും എ സ്റ്റാര്‍ നേടി. ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയില്‍ മെഡിസിന്‍ പ്രവേശനം ഉറപ്പിച്ചിരിക്കുകയാണ് നയന.

ചങ്ങനാശേരി സ്വദേശിയായ റോബിന്റെയും ബെറ്റിസിയുടെയും മൂന്നു മക്കളില്‍ മൂത്തയാളാണ് നയന. റോസ് , ക്രിസ്റ്റീന എന്നിവര്‍ സഹോദരങ്ങളും .

ലണ്ടന്‍ ഹാരോയില്‍ നിന്നുള്ള സെന്റ് ഡൊമിനിക്സ് സിക്സ്ത് ഫോം കോളേജില്‍ നിന്നും ടിനു റെജി തന്റെ 4 എ-ലെവല്‍ വിഷയങ്ങളിലും Aസ്റ്റാര്‍ നേടി, ലണ്ടന്‍ മലയാളികള്‍ക്ക് അഭിമാനമായി മാറി. തിരുവല്ലയില്‍ നിന്ന് ലണ്ടനിലെത്തിയ ടിനു, മാത്സ്, ഫര്‍തര്‍ മാത്സ്, ഇക്കണോമിക്സ്, ഫിസിക്സ് എന്നീ 4 എ-ലെവല്‍ വിഷയങ്ങള്‍ പഠിച്ചാണ് A* നേടിയത്.

മികച്ച വിജയം നേടിയ ടിനു, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഇടം നേടിയിരിക്കുന്നു.അവിടെ ഇക്കണോമിക്സ് & മാനേജ്മെന്റും കോഴ്സ് പഠിക്കാനാണ് ടിനു ആഗ്രഹിക്കുന്നത്.

ടിനുവിന്റെ മാതാപിതാക്കളായ റെജി ജോര്‍ജും മിനിമോള്‍ റെജിയും ലണ്ടന്‍ നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സുമാരായി ജോലി ചെയ്യുന്നു. ടിനുവിന്റെ ഇളയ സഹോദരന്‍ റിവിന്‍ റെജി ഒന്‍പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു.

കവന്‍ട്രിയിലെ ജോഷി തോമസിന്റെയും ഷിജി തോമസിന്റെയും മകന്‍ അലന്‍, സ്റ്റോക് പാര്‍ക്ക് സ്‌കൂളില്‍ നിന്നും മികച്ച വിജയം കണ്ടെത്തി. അലന്‍ ലെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എന്‍ജിനിയറിങ് ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ചങ്ങനാശേരി സ്വദേശിയാണ് ജോഷി തോമസും കുടുംബവും. അലന് ഷിബു , മരിയ എന്നീ സഹാദരങ്ങളുണ്ട്. ഇരുവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

മൂന്ന് എ സ്റ്റാറുകള്‍ നേടിയാണ് വെയില്‍സ് സ്വാന്‍സിയിലെ അശ്വിന്‍ ജോസഫ് സിബി തന്റെ മികവ് തെളിയിച്ചത്. ഫര്‍തര്‍ മാത്‌സ്, മാത്‌സ്, ഫിസിക്‌സ് എന്നിവയില്‍ എ സ്റ്റാറും ഹിസ്റ്ററിയില്‍ എയുമാണ് അശ്വിന്‍ നേടിയത്. ബിഷപ്പ് വോണ്‍കാത്തലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

സിബി സേവ്യര്‍ വിതയത്തില്‍, ഗ്രീഷ്മ സിബി ദമ്പതികളുടെ മകനാണ് അശ്വിന്‍. സഹോദരന്‍ അരുണ്‍ സേവ്യര്‍ സിബി ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി റോള്‍സ് റോയ്‌സില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ്. ഓക്‌സ്‌ഫോര്‍ഡില്‍ നിയമ പഠനത്തിന് ചേരുവാനാണ് അശ്വിന്‍ തീരുമാനിച്ചിരിക്കുന്നത്.

കമ്പ്യൂട്ടര്‍ സയന്‍സില്‍ എ സ്റ്റാറും മാത് സ്, ജോഗ്രഫി വിഷയങ്ങള്‍ക്ക് എ യും നേടിയാണ് ന്യൂ കാസിലിലെ റെഹാന്‍ രാജു ഉപരി പഠനത്തിന് ഒരുങ്ങുന്നത്. സെന്റ് കുത്‌ബെര്‍ട്‌സ് കാത്തലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ റെഹാന്‍ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ഉപരി പഠനത്തിന് പ്രവേശനം നേടി. കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വിഷയത്തില്‍ മാസ്റ്റേഴ്‌സ് ചെയ്യുവാനാണ് റെഹാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

റാന്നി സ്വദേശിയായ രാജു എബ്രഹാമിന്റെയും ന്യൂകാസില്‍ ഫ്രീമാന്‍ ഹോസ്പിറ്റലിലെ കാര്‍ഡിയോതൊറാസിക് ഐടിയുവില്‍ സ്റ്റാഫ് നഴ്‌സായ നീനി രാജുവിന്റെയും മകനാണ് റെഹാന്‍. സഹോദരന്‍ റൂബന്‍ രാജു നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

വെസ്റ്റ് ഡ്രേറ്റണിലെ പ്രസാദ് ചന്ദ്രന്റെയും ഷീബാ പ്രസാദിന്റെയും മകന്‍ വിഷ്ണു പ്രസാദ് രണ്ട് എ സ്റ്റാറും രണ്ട് എ കളും നേടിയാണ് വിജയം ഉറപ്പാക്കിയത്. ബാര്‍നെറ്റിലെ ബോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്തിയായിരുന്ന വിഷ്ണു മാത്സിനും ഫര്‍തര്‍ മാത്സിനും എ സ്റ്റാര്‍ നേടി.

രണ്ട് എ സ്റ്റാറും രണ്ട് എയും നേടി ഡാര്‍ലിങ്ടണിലെ സ്റ്റീവ് റോബിന്‍സ് മെഡിസിന്‍ പഠനത്തിന് അഡ്മിഷന്‍ കരസ്ഥമാക്കി. റോബിന്‍ മാത്യുവിന്റെയും ജോമി റോബിന്റെയും മകന്‍ കാര്‍മല്‍ കോളേജ് ഡാര്‍ലിങ്ടണിലാണ് പഠനം പൂര്‍ത്തിയാക്കിയത്. സ്റ്റീവിന് കെമസ്ട്രിയില്‍ എ സ്റ്റാറും, ഇപിക്യുവില്‍ എസ്റ്റാറും ലഭിച്ചപ്പോള്‍ ബയോളജിയിലും സൈക്കോളജിയിലും എ ആണ് ലഭിച്ചത്. സന്ദര്‍ലന്റ് യൂണിവേഴ്‌സിറ്റിയിലാണ് സ്റ്റീവ് മെഡിസിന്‍ പഠനത്തിനൊരുങ്ങുന്നത്.

എ ലവലില്‍ രണ്ട് എ സ്റ്റാറും ഒരു എയും ആണ് ഷാന്റോ ഷിബു നേടിയത്. മാത്സിലും ബയോളജിയിലും എ സ്റ്റാറും കെമിസ്ട്രിയില്‍ എയുമാണ് ഷിബുവിന് ഒസിആര്‍ എക്‌സാം ബോര്‍ഡ് നടത്തിയ പരീക്ഷയിലുടെ സ്വന്തമാക്കാനായത്.

ഷാന്റോയ്ക്ക് മാത്സില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിക്കോ, ഫിനാന്‍സിനോ മികച്ച യൂണിവേഴ്‌സിറ്റികളിലൊന്നായ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സീറ്റ് ലഭ്യമായി കഴിഞ്ഞു. ബിസിനസില്‍ പഠനം നടത്താനാണ് ഷാന്റോയുടെ ഭാവി പരിപാടി.

ഹെയര്‍ഫോര്‍ഡിലെ മനോജ് എസ് നായരുടെയും ഹേമാ മനോജിന്റെയും മകന്‍ നവീന് എ ലവില്‍ പരീക്ഷയില്‍ മികച്ച നേട്ടം. മാത്സിലും ബയോളജിയിലും എ യും കെമസ്ട്രിയില്‍ ബിയുമാണ് നവീന്‍ സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ഫാര്‍മസിയില്‍ അഡ്മിഷനും നവീന്‍ സ്വന്തമാക്കി.

മാത്‌സ്, ബയോളജി, കെമിസ്ട്രി എന്നീ മൂന്നു വിഷയങ്ങള്‍ക്കും എ ഗ്രേഡുകള്‍ നേടി വൂള്‍വര്‍ഹാംപ്ടണിലെ ശരണ്‍ സാജന്‍ . വൂള്‍വര്‍ഹാംപ്ടണ്‍ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ശരണ്‍ സന്ദര്‍ലാന്റില്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ അഡ്മിഷനും നേടിക്കഴിഞ്ഞു. സമീക്ഷാ യുകെ സംഘടിപ്പിച്ച പെന്‍സില്‍ ഡ്രോയിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള ശരണ്‍ സാജന്‍ ഫ്രെഡറിക് – ആശാ സാജന്‍ ദമ്പതികളുടെ മകളാണ്. സാജന്‍ ഡെഡ്‌ലി ഇന്റഗ്രേറ്റഡ് നഴ്‌സിംഗ് സര്‍വ്വീസിലും ആശ ബിര്‍മിങാം ഡെഡ്‌ലി ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ പ്രാക്ടീഷണറും ആണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.