
സ്വന്തം ലേഖകൻ: എ-ലെവല്‍ വിദ്യാര്‍ത്ഥികളുടെ ഗ്രേഡുകളില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തി. ഗ്രേഡുകളില്‍ ഇടിവ് രേഖപ്പെടുത്തിയതോടെ ആയിരക്കണക്കിന് എ-ലെവല്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി സീറ്റ് ഉറപ്പിക്കാന്‍ കഴിയുമോയെന്ന് ആശങ്കയിലായി.ഗ്രേഡുകളുടെ പെരുപ്പം വെട്ടിക്കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചതോടെയാണ് 61,000-ഓളം കൗമാരക്കാര്‍ക്ക് യുകെയില്‍ ഡിഗ്രി കോഴ്‌സ് പഠനം മറ്റൊരു പരീക്ഷണമായി മാറിയത്.
ഒരു ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതാണ് ഇത്. തെരഞ്ഞെടുത്ത യൂണിവേഴ്‌സിറ്റിയില്‍ സ്ഥാനം ലഭിക്കാന്‍ പര്യാപ്തമായ തോതില്‍ ഗ്രേഡുകള്‍ നേടാന്‍ കഴിയാതെ പോയിരിക്കുന്നത് 19,000 അപേക്ഷകരാണ്. ബാക്കിയുള്ളവര്‍ക്ക് മറ്റൊരു കോഴ്‌സ് തെരഞ്ഞെടുക്കുകയോ, ഏത് കോഴ്‌സ് പഠിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ കഴിയാത്തവരോ ആണ്.
2022-ലെ ഫലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 73,000 എ, എ ഗ്രേഡുകളുടെ കുറവാണ് ഇക്കുറിയുള്ളത്. എ മുതല്‍ ഇ വരെ ഗ്രേഡുകള്‍ നേടി വിജയിച്ചവരുടെ ആകെ വിജയശതമാനം 97.3 ശതമാനത്തിലേക്ക് താഴ്ന്നു. 2008ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കൊവിഡ് മഹാമാരിക്ക് മുന്‍പുള്ള നിലയിലേക്ക് ഗ്രേഡുകള്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇതില്‍ കലാശിച്ചത്.
ഇംഗ്ലണ്ടില്‍ കേവലം 3820 വിദ്യാര്‍ത്ഥികള്‍ക്കാണ് മൂന്ന് എ-കള്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5000 പേരുടെ കുറവ്. 27.2 ശതമാനം എന്‍ട്രികള്‍ക്കും എ അല്ലെങ്കില്‍ എ ലഭിച്ചു. 2022-ല്‍ ഇത് 36.4 ശതമാനമായിരുന്നു. മാര്‍ക്കുകളുടെ കാര്യത്തില്‍ പിന്നിലായി പോകുന്ന പതിവ് ആണ്‍കുട്ടികള്‍ ഇക്കുറിയും തിരുത്തി. ടോപ്പ് എ-ലെവലില്‍ 9.1 ശതമാനം ആണ്‍കുട്ടികള്‍ ഒരു എ* എങ്കിലും ലഭിച്ചപ്പോള്‍ പെണ്‍കുട്ടികളില്‍ ഇത് 8.8 ശതമാനമാണ്.
കോവിഡ് കാരണം 2020ലും 2021ലും പരീക്ഷകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന ഗ്രേഡുകള്‍ കുത്തനെ ഉയരുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. അധ്യാപകര്‍ സ്വന്തം ഇഷ്ടപ്രകാരം ഗ്രേഡുകള്‍ നിര്‍ണയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും പരീക്ഷകള്‍ സാധാരണ പോലെ നടന്നതിനെ തുടര്‍ന്നാണ് കോവിഡ് കാലത്തേക്കാള്‍ ഗ്രേഡുകള്‍ കുറയാന്‍ കാരണമായത്.
വിദേശത്ത് പഠിച്ച വിദ്യാര്‍ത്ഥികളുടെ എ ലെവലിന് സമാനമായ പരീക്ഷാ ഫലങ്ങള്‍ നേരത്തെ വന്നതിനാല്‍ ഇവര്‍ ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെ മറികടന്ന് യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനമുറപ്പിച്ചതിനാല്‍ എ ലെവല്‍ ഫലം ലഭിക്കുന്ന ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് വേണ്ടത്ര സീറ്റുകള്‍ ലഭിക്കില്ലെന്ന വിലയിരുത്തലുമുണ്ട് . ഇതിനാല്‍ തങ്ങള്‍ ഇഷ്ടപ്പെട്ട കോഴ്‌സുകള്‍ക്ക് ഇഷ്ടപ്പെട്ട കോളജുകളില്‍ പ്രവേശനം ലഭിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ ഉറപ്പിക്കേണ്ടെന്നും പകരം പ്ലാന്‍ ബി കണ്ടെത്തണമെന്നും മിക്ക യൂണിവേഴ്‌സിറ്റികളും അപേക്ഷകര്‍ക്ക് മുന്നറിയിപ്പേകിയിട്ടുമുണ്ട്.
രാജ്യത്തു ഇത്തവണ എ ലെവല്‍ പരീക്ഷ ഫലം പൊതുവെ കടുപ്പമേറിയതാണെങ്കിലും മലയാളി വിദ്യാര്‍ത്ഥികള്‍ പതിവുപോലെ മികച്ച പ്രകടനം കാഴ്ചവച്ചു. കോവിഡിന് ശേഷമുള്ള പരീക്ഷകള്‍ ബുദ്ധിമുട്ട് ആയിരുന്നു എങ്കിലും തദ്ദേശീയരായ വിദ്യാര്‍ഥികളെക്കാള്‍ മികച്ച വിജയം കരസ്ഥമാക്കി മലയാളികള്‍ അഭിമാനമായി മാറി.
ജിസിഎസ്ഇ പരീക്ഷാ ഫലത്തില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ ഡബിള്‍ സ്റ്റാറുകള്‍ നേടി മിടുക്ക് തെളിയിച്ച വിദ്യാര്‍ത്ഥിയായ ഐയ്ല്‍സ്ബറിയിലെ ടോണി അലോഷ്യസ് എ ലെവലിലും പഠിച്ച നാലു വിഷയങ്ങള്‍ക്കും എ സ്റ്റാറുകള്‍ നേടി വിജയം ആവര്‍ത്തിച്ചിരിക്കുകയാണ്. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങള്‍ക്കാണ് ടോണി എ സ്റ്റാറുകള്‍ നേടിയത്. മാത്രമല്ല, ലണ്ടന്‍ ഇംപീരിയല്‍ കോളേജില്‍ മെഡിസിന് അഡ്മിഷനും ടോണിയെ തേടി എത്തിക്കഴിഞ്ഞു.
നാലു വിഷയങ്ങള്‍ക്കും എ സ്റ്റാറുകള്‍ നേടിയാണ് ക്രോയിഡോണിലെ തരുണ്‍ നായര്‍ മാത്തമാറ്റിക്‌സില്‍ ഗ്രാജുവേഷന്‍ നടത്താന്‍ ലണ്ടനിലെ പ്രശസ്തമായ ഇംപീരിയല്‍ കോളേജിലേക്ക് പോകുന്നത്. കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫര്‍തര്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങള്‍ക്കാണ് എ സ്റ്റാറുകള്‍ നേടിയത്. രാകേഷ് രവീന്ദ്രന്‍ നായര്‍ – ലതാ ശ്രീവത്സന്‍ നായര്‍ എന്നീ ദമ്പതികളുടെ മകനാണ് തരുണ്‍ നായര്‍.
ജിസിഎസ്ഇ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ഫുള്‍ സ്‌കോര്‍ നേടിയിരുന്ന ലൂട്ടനിലെ ഹാരി മാത്യൂസ് ഡെറിക്, എ ലെവലിലും എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി വീണ്ടും മികവ് തെളിയിച്ചിരിക്കുകയാണ്. മാത്തമാറ്റിക്‌സ്, ഫര്‍തേര്‍ മാത്‌സ്, ഫിസിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ അതുല്യ വിജയം കൈവരിച്ചു കൊണ്ട് ജോണ്‍ എഫ് കെന്നഡി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഹാരി, സ്‌കൂളിനും അഭിമാന പാത്രമായി. ഒന്നാം വര്‍ഷം തന്നെ കെമിസ്ട്രി വിഷയം അധികവിഷയമായി തിരഞ്ഞെടുത്തുകൊണ്ട് അതിലും എ സ്റ്റാര്‍ കരസ്ഥമാക്കിയിരുന്നു.
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംപീരിയര്‍ കോളേജ് ലണ്ടനില്‍ നിന്നും ഓഫറുകള്‍ ലഭിച്ചിരിക്കുന്ന ഹാരി, കേംബ്രിഡ്ജില്‍ മാത്തമാറ്റിക്‌സിലും കമ്പ്യൂട്ടര്‍ സയന്‍സിലും ഉപരിപഠനം നടത്തുവാനുള്ള തയ്യാറെടുപ്പിലാണ്. ല്യൂട്ടന്‍ബൊറോ കൗണ്‍സിലില്‍ ചില്‍ഡ്രന്‍സ് സേഫ് ഗാര്‍ഡിങ്ങില്‍ സീനിയര്‍ മാനേജര്‍മാരായി സേവനം അനുഷ്ഠിക്കുന്ന ഡെറിക് മാത്യൂസ് പള്ളത്തിന്റെയും ടെസ്സി ഡെറിക്കിന്റെയും രണ്ടാമത്തെ മകനാണ് ഹാരി മാത്യൂസ് ഡെറിക്.
കവന്‍ട്രിയിലെ തോംസണ്‍ ജോയി എല്ലാ വിഷയങ്ങളിലും എ സ്റ്റാര്‍ നേടി. റഗ്ബി ലോറന്‍സ് ഷെരിഫ് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ തോംസണ്‍ സാമ്പത്തിക പഠനത്തിനായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ചേരും. പഠനകാലത്ത് എല്ലാ മേഖലയിലും മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാര്‍ത്ഥിക്കായുള്ള റോഡ്സ് മെഡല്‍ തോംസണായിരുന്നു.
ഇക്കണോമിക്‌സ്, ഫര്‍ദര്‍ മാത്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളിലാണ് തോംസണ്‍ ജോയ് എ സ്റ്റാര്‍ കണ്ടെത്തിയത്. യുകെ മലയാളികള്‍ക്കിടയിലെ ശ്രദ്ധേയ സംരംഭകനായ അലൈഡ് ജോയിയുടെ മൂത്ത മകനാണ് തോംസണ്‍. വീട്ടമ്മയായ ജൂലി ജോയ് ആണ് മാതാവ്. റഗ്ബി ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ആന്‍ഡ്രിയ, റീത്ത എന്നിവരാണ് സഹോദരങ്ങള്‍.
ഈസ്റ്റ്ഹാമിലെ എഡിനും മുഴുവന്‍ വിഷയങ്ങളിലും എ സ്റ്റാര്‍ കരസ്ഥമാക്കി. ജി സി എസ് ഇ പരീക്ഷയിര്‍ നേടിയ ഫുള്‍ സ്‌കോര്‍ വിജയം ഇവിടെയും ആവര്‍ത്തിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കാനാണ് എഡിന് ഇഷ്ടം. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിക്കണമെന്നാണ് എഡിന്‍ പറയുന്നത്. ഫുള്‍ എ സ്റ്റാറില്‍ മിക്ക ബ്രിട്ടീഷ് കുട്ടികള്‍ക്കും കാലിടറിയപ്പോഴാണ് മലയാളി വിദ്യാര്‍ത്ഥികളുടെ ഈ കുതിപ്പ്.
ലണ്ടനിലെ ബ്രാംപ്ടണ്‍ മനോര്‍ അക്കാദമിയില്‍ പഠിച്ച എഡ് മാത്‌സ്, ഫര്‍ദര്‍ര്‍ മാത്‌സ്, ഇക്കണോമിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലാണ് എ സ്റ്റാറുകള്‍ നേടിയത്. സജി പീലി – ബിന്ദു സജി ദമ്പതികളുടെ നാലു മക്കളില്‍ ഒരാളാണ് എഡ്. ഫെന്‍ സജി, റെ സജി എന്നിവര്‍ സഹോദരന്മാരും നിസ് സജി ഏക സഹോദരിയുമാണ്.
എ ലെവല്‍ പരീക്ഷയില്‍ തിളങ്ങുന്ന വിജയം കരസ്ഥമാക്കിയിരിക്കുകയാണ് ബ്രിസ്റ്റോളില്‍ നിന്നുള്ള സമാന്ത ബിജു നെല്ലിയ്ക്ക്യമ്യാലില്‍. എ ലെവലില്‍ മൂന്നു വിഷയങ്ങള്‍ എടുത്തു പഠിച്ച സാമന്ത രണ്ട് എ സ്റ്റാറുകളും ഒരു എയുമാണ് നേടിയത്. മാത്തമാറ്റിക്‌സിനും ബയോളജിക്കും എ സ്റ്റാറും കെമിസ്ട്രിക്ക് എയുമാണ് നേടിയത്.
ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്കില്‍ താമസിക്കുന്ന കുറുപ്പുന്തറ സ്വദേശികളായ ബിജു സോളി ദമ്പതികളുടെ ഇളയ മകളാണ് സാമന്ത. മാത്രമല്ല, ഉന്നത വിജയം നേടിയ ഈ പെണ്‍കുട്ടി കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പ്രവേശനത്തിന് യോഗ്യതയും നേടികഴിഞ്ഞു.
രണ്ട് എ സ്റ്റാറുകളും രണ്ട് എ യും നേടി വെസ്റ്റ് കിര്‍ബി ഗ്രാമര്‍ സ്‌കൂളിലെ അലീന ബെന്‍സണ്‍ അഭിമാന നേട്ടം കൈവരിച്ചു . കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് എ സ്റ്റാറും മാത്തമാറ്റിക്‌സ്, എക്‌സ്റ്റന്റഡ് പ്രൊജക്ട് എന്നിവയ്ക്ക് എയും നേടിയാണ് അലീന മെഡിസിന്‍ പഠനത്തിന് തയ്യാറെടുക്കുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലാണ് അലീന മെഡിസിന് അഡ്മിഷന്‍ നേടിയിരിക്കുന്നത്.
സൗണ്ട് എഞ്ചിനീയറും ഗായകനുമായ ബെന്‍സണ്‍ ദേവസ്യയുടെയും ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സായ ബീനാ ബെല്‍സണിന്റെയും ഇളയ മകളാണ് അലീന. മൂത്ത സഹോദരി ലണ്ടന്‍ ഇംപീരിയല്‍ കോളേജിന് മെഡിസിനു പഠിക്കുകയാണ്.
ലെസ്റ്ററിലെ ഇംഗ്ലീഷ് മാര്‍ട്ടിയേഴ്സ്സ് സ്‌കൂളില്‍ നിന്നും മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ജോഗ്രഫി എന്നീ വിഷയങ്ങളില്‍ മൂന്ന് എ സ്റ്റാറുകള്‍ കരസ്ഥമാക്കി മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ് ലിയോണ്‍ ജോര്‍ജ്. ലിയോണിന്റെ അടുത്ത ലക്ഷ്യം യൂണിവേഴ്‌സിറ്റി ഓഫ് ഷെഫീല്‍ഡില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മാസ്റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കുക എന്നതാണ്. ഏക സഹോദരി ലോണ ജോര്‍ജ് ജിസിഎസ്ഇ ഫലത്തിനു വേണ്ടി കാത്തിരിക്കുകയാണ്.
സൗത്തെന്‍ഡ് ഓണ്‍ സീയിലെ വെസ്റ്റ് ക്ലിഫ് ഗ്രാമര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആവലീന്‍ ജയ്‌സണ്‍ മൂന്ന് എ സ്റ്റാറുകള്‍ നേടിയാണ് മികച്ച വിജയം സ്വന്തമാക്കിയത്. ബിര്‍മിങാം, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, കിങ്സ് എന്നീ നാല് മെഡിക്കല്‍ സ്‌കൂളുകളില്‍ നിന്നും ഓഫര്‍ ലഭിച്ചിരുന്ന ആവലീന്‍ കിങ്സ് കോളേജ് ആണ് തുടര്‍ പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ലണ്ടന് സമീപമുള്ള സൗത്തെന്‍ഡ് ഓണ്‍ സീയില്‍ ഇരുപത് വര്‍ഷമായി താമസമാക്കിയിരിക്കുന്ന ജെയ്‌സണ്‍ ചാക്കോച്ചന്റേയും സുബി ദേവസ്യയുടെയും മകളാണ്. വെസ്റ്റ്ക്ലിഫ് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഐഡനും ആന്‍ഡ്രിനും സഹോദരങ്ങള്‍ ആണ്.
എ ലെവലില്‍ മൂന്നു വിഷയങ്ങള്‍ പഠിച്ച സ്റ്റോക്ക് ഓണ്‍ ട്രെന്റ്, ട്രെന്റ് വെയിലിലെ ലിസ് ജോസ് എന്ന പെണ്‍കുട്ടി രണ്ടു വിഷയങ്ങള്‍ക്ക് എ സ്റ്റാറുകളും ഒരു എയുമാണ് നേടിയത്. ഇയര്‍ 7 മുതല്‍ 13 വരെ സെന്റ് ജോസഫ്‌സ് കോളേജിലാണ് ലിസ് ജോസ് പഠിച്ചത്. ഒരു ഡോക്ടറാവുക എന്നതാണ് ലിസ് ജോസിന്റെ എക്കാലത്തേയും ആഗ്രഹവും തീരുമാനവും. അതിനു വേണ്ടിയുള്ള കഠിനമായ അധ്വാനത്തിന്റെ ശ്രമം വിജയിച്ചതിനാല്‍ തന്നെ സ്റ്റഫോര്‍ഡ്‌ഷെയറിലെ കീല്‍ യൂണിവേഴ്‌സിറ്റിയിലാണ് മെഡിസിന് അഡ്മിഷന്‍ ലഭിച്ചിരിക്കുന്നത്.
റോയല്‍ സ്‌റ്റോക്ക് ഹോസ്പിറ്ററില്‍ ജോലി ചെയ്യുന്ന ജോസ് വര്‍ഗീസിന്റെയും രേണുക ജോസിന്റെയും മകളാണ്. പിതാവ് ജോസ് നാട്ടില്‍ എറണാകുളം കടവന്ത്ര സ്വദേശിയും മാതാവ് രേണുക തൊടുപുഴ സ്വദേശിയുമാണ്. ലിസിന്റെ സഹോദി റോസ് നിയമ വിദ്യാര്‍ത്ഥിയാണ്. സഹോദരന്മാരായ ജോര്‍ജ്ജ്, മാത്യു എന്നിവര്‍ ജിസിഎസ്ഇ വിദ്യാര്‍ത്ഥികളാണ്.
എ ലെവലിലെ മൂന്നു വിഷയങ്ങളില്‍ ഒരെണ്ണത്തിന് എ സ്റ്റാറും രണ്ട് എയും നേടി കിങ്‌സ് ലൈനിലെ മെറീസ ലോറന്‍സ് അമേരിക്കയിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ്. കിങ്‌സ് ലൈനിലെ സ്പ്രിംഗ് വുഡ് ഹൈസ്‌കൂളില്‍ നിന്നും ലോകപ്രശസ്തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലേക്കാണ് മെറീസ എത്തുന്നത്. അവിടെ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം നടത്തുവാനാണ് മെറീസ ഇപ്പോള്‍ തയ്യാറെടുക്കുന്നത്. ഈ മാസം തന്നെ ക്ലാസുകള്‍ ആരംഭിക്കും. മാത്‌സ്, ഇക്കണോമിക്‌സ് വിഷയങ്ങളിലാണ് മെറീസ ഉപരിപഠനം നടത്തുക. മെറീസയുടെ മാതാവ് മറിയം നഴ്‌സായി ജോലി ചെയ്യുകയാണ്. പിതാവ് ലോറന്‍സ്.
രണ്ട് വിഷയങ്ങള്‍ക്ക് എ സ്റ്റാറുകളും ഒരു ബിയും നേടിയാണ് സൗത്താംപ്ടണിലെ റിമി മാത്യു മികവ് തെളിയിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് സൗത്താംപ്ടണിലെ ബാര്‍ട്ടണ്‍ പെവെറില്‍ കോളേജില്‍ ആര്‍ക്കിയോളജി ആന്റ് ആന്ത്രോപ്പോളജി വിഷയത്തില്‍ അഡ്മിഷന്‍ ലഭിച്ചിരിക്കുന്ന റിമി സിബി മേപ്രത്തിന്റെയും സുമയുടെയും മകളാണ്. തിരുവല്ല തടിയൂര്‍ സ്വദേശിയായ സിബി 23 കൊല്ലമായി യുകെയില്‍ എത്തിയിട്ട്. അതിനു മുമ്പ് ബഹ്റൈനില്‍ ആയിരുന്നു. കലാ ഹാംപ്‌ഷെയറിന്റെ സംഘാടകനും ദീര്‍ഘകാലമായി പ്രസിഡന്റുമാണ്. ഫെമി മാത്യു ഏക സഹോദരിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല