1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2021

സ്വന്തം ലേഖകൻ: വിദേശ പൗരന്മാരും സൈനികരും ഈ മാസം 31നകം നാടുവിടണമെന്ന താലിബാൻ ഭരണകൂടത്തിന്റെ അന്ത്യശാസനം നിലനിൽക്കെ കാബൂളിൽനിന്നുള്ള രക്ഷാദൗത്യം അവസാനിപ്പിക്കാനൊരുങ്ങി ബ്രിട്ടൻ. ഇതുവരെ 13,146 പേരെയാണ് പ്രത്യേക വിമാനങ്ങളിൽ ബ്രിട്ടൻ ഒഴിപ്പിച്ചു നാട്ടിലെത്തിച്ചത്. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ അവശേഷിക്കുന്ന ഏതാനും പേരെക്കൂടി നാട്ടിലെത്തിച്ച് ‘’ഓപ്പറേഷൻ പിറ്റിങ്’’ എന്ന ദൗത്യം അവസാനിപ്പിക്കുകയാണ് ബ്രിട്ടൻ.

കാബൂൾ വിമാനത്താളത്തിന്റെ നിയന്ത്രണം ഇപ്പോഴും നിലനിർത്തുന്ന അമേരിക്കൻ സൈന്യം 31നു തന്നെ ഇതുപേക്ഷിച്ച് നാടുവിടും. അതിനു മുമ്പുതന്നെ രക്ഷാദൗത്യം അവസാനിപ്പിക്കാനാണു ബ്രിട്ടന്റെ നീക്കം. ബ്രിട്ടീഷ് പാസ്പോർട്ടുള്ള 4000 പേരെയും എണ്ണായിരത്തോളം അഫ്ഗാനികളെയുമാണ് ഇതിനോടകം ബ്രിട്ടനിൽ എത്തിച്ചിട്ടുള്ളത്. ഇവരെല്ലാം ബ്രിട്ടീഷ് സർക്കാരിനു വേണ്ടി അഫ്ഗാനിസ്ഥാനിൽ പ്രവർത്തിച്ചിരുന്നവരോ താലിബാൻ ആക്രമണത്തിന് ഇരയാകാൻ കൂടുതൽ സാധ്യതയുള്ളവരോ ആണ്.

കൂടാതെ എംബസി സ്റ്റാഫിനെയും അഫ്ഗാൻ ദൗത്യത്തിൽ ബ്രിട്ടീഷ് സൈന്യത്തെ സഹായിച്ചിരുന്ന സഖ്യരാഷ്ട്രങ്ങളുടെ പ്രതിനിധികളെയും നാട്ടിലെത്തിച്ചിട്ടുണ്ട്. ഇനിയും കൂടുതൽ പേരെ അഫ്ഗാനിൽ നിന്ന് ഒഴിപ്പിക്കേണ്ടതായുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇതു സാധ്യമല്ലെന്നും എല്ലാവരെയും ഒഴിപ്പിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നെന്നും പ്രതിരോധ സെക്രട്ടറി ബെൻ വാലസ് വ്യക്തമാക്കി.

ബ്രിട്ടനിലേക്കു കൊണ്ടുവരാനുള്ള ആളുകളെ താമസിപ്പിക്കുകയും മറ്റു ക്രമീകരണങ്ങൾ സജ്ജീകരിക്കുകയും ചെയ്തിരുന്ന കാബൂളിലെ ബാരോൺ ഹോട്ടൽ അടച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലെ നാലാം ടെർമിനലിലാണ് അഫ്ഗാനിൽനിന്നുള്ള പ്രത്യേക വിമാനങ്ങൾ എത്തുന്നത്. ദിവസേന അഞ്ചു വിമാനങ്ങൾ എത്തുന്ന ഇവിടം അക്ഷരാർഥത്തിൽ റഫ്യൂജി പ്രോസസിംഗ് ഹബ്ബായി മാറിക്കഴിഞ്ഞു.

ടെർമിനൽ നാലിനു പുറമേ ബർമിങ്ങാമിലേക്കും ഏതാനും വിമാനങ്ങൾ എത്തിയിരുന്നു. പുതിയ ജീവിതത്തിലേക്ക് പറന്നിറങ്ങുന്ന ഇവരെ സ്വീകരിക്കാൻ എയർപോർട്ട് അഥോറിറ്റിയും ഹോം ഓഫിസും അതിർത്തിരക്ഷാസേനയും പ്രത്യേക സജ്ജീകരണങ്ങളാണ് വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുള്ളത്. കർശന പരിശോധനയ്ക്കു ശേഷമാണ് ആളുകളെ സ്വീകരിക്കുന്നതെങ്കിലും അതിനുശേഷമുള്ള സ്വീകരണത്തിൽ സംതൃപ്തരാണു ഭൂരിഭാഗം പേരും.

റെഡ്ക്രോസ് വോളന്റിയർമാർ ഇവർക്ക് വെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. കുട്ടികൾക്ക് ക്രെയോൺസും കളിപ്പാട്ടങ്ങളും നൽകി സമയം നീക്കാൻ അവസരം നൽകുന്നു. ഇവരുടെയെല്ലാം ആരോഗ്യപരമായ ആവശ്യങ്ങളോട് പ്രതികരിക്കാൻ ജി.പി. സർവീസും എൻഎച്ച്എസിന്റെ പ്രത്യേക സംഘത്തെയും ഏർപ്പാടാക്കിയിട്ടുണ്ട്. ചിലർക്കെങ്കിലും ഗുരുതര ആരോഗ്യപ്രശ്നങ്ങളും ആശുപത്രി വാസവും ആവശ്യമായിവരുന്നു.

എല്ലാവരും തന്നെ ബ്രിട്ടീഷ് ബന്ധങ്ങളും സെറ്റിൽമെന്റ് ആവകാശങ്ങളും സമർധിക്കുന്ന രേഖകളുമായാണ് വന്നിട്ടുള്ളതെങ്കിലും പലരുടെയും പക്കലുള്ളത് പാസ്പോർട്ടും ജനന സർട്ടിഫിക്കറ്റും മാത്രം. ഇവയെല്ലാം പരിശോധിച്ച് ഒരോരുത്തർക്കും പുതിയൊരു ജീവിതത്തിലേക്ക് വാതിൽ തുറക്കാനുള്ള നടപടിക്രമങ്ങളിലാണ് ടെർമിനൽ നാലിലെ റഫ്യൂജി ഹബ്ബ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.