1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2021

സ്വന്തം ലേഖകൻ: യുകെയിൽ അഫ്ഗാനികൾക്കായി “ഓപ്പറേഷൻ വാം വെൽക്കം“ പ്രാബല്യത്തിൽ. അഫ്ഗാനിസ്ഥാനിൽ ബ്രിട്ടീഷ് ഗവൺമെന്റിനും സൈന്യത്തിനുമൊപ്പം പ്രവർത്തിച്ച ആളുകൾക്ക് സ്ഥിരമായി യുകെയിൽ തുടരാൻ ഹോം ഓഫീസ് അനുമതി നൽകി. നേരത്തെ ഇവർക്ക് അഞ്ച് വർഷത്തെ താൽക്കാലിക താമസത്തിന് മാത്രമായിരുന്നു അർഹത.

“ഓപ്പറേഷൻ വാം വെൽക്കം“ എന്ന് പേരിട്ട അഫ്ഗാൻ പുനരധിവാസ പദ്ധതിയുടെ ഭാഗമായി അഫ്ഗാനിൽ നിന്നെത്തിയ ആളുകൾക്ക് യുകെയിൽ ജോലി ചെയ്യാനും നിയന്ത്രണങ്ങൾ ഉണ്ടാകില്ല. അഫ്ഗാൻ റിലോക്കേഷൻ ആൻഡ് അസിസ്റ്റൻസ് പോളിസി (ARAP) പ്രകാരം യോഗ്യതയുള്ളവർക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കും.

താലിബാൻ അഫ്ഗാനിസ്ഥാൻ്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തതോടെ ജീവിനും സ്വത്തിനും ഗുരുതരമായ ഭീഷണിയുള്ള അഫ്ഗാൻ അഭയാർഥികൾക്കാണ് പദ്ധതി പ്രകാരം മുൻ ഗണന ലഭിക്കുക. ഓഗസ്റ്റ് 13 മുതൽ അഫ്ഗാനിസ്ഥാനിൽ നിന്ന് 15,000 ത്തിലധികം ആളുകളെയാണ് യുകെ ഒഴിപ്പിച്ചത്. ഇതിൽ 8,300 ൽ അധികം ആളുകൾ ARAP പദ്ധതി പ്രകാരം ആനുകൂല്യങ്ങൾക്ക് അർഹരാണ്.

അനിശ്ചിതകാലത്തേക്ക് രാജ്യത്ത് തുടരാനുള്ള അനുമതി കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായിക്കാൻ 12 മില്യൺ പൗണ്ട്, ഹെൽത്ത് കെയർ സഹായങ്ങൾക്ക് 3 മില്യൺ പൗണ്ട്, കൗൺസിലുകൾക്കുള്ള ഭവന സഹായമായി 5 മില്യൺ പൗണ്ട്, 300 ഓളം ബിരുദ, ബിരുദാനന്തര സ്കോളർഷിപ്പുകൾക്കുള്ള പണം, മുതിർന്നവർക്ക് സൗജന്യ ഇംഗ്ലീഷ് ഭാഷാ കോഴ്സുകൾ എന്നിവയും ഈ വിഭാഗക്കാർക്ക് ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.