
സ്വന്തം ലേഖകൻ: യുകെ എയർപോർട്ടുകളിൽ എയർപോർട്ട് സെക്യൂരിറ്റി വഴി ഹാൻഡ് ലെഗേജിൽ കൊണ്ടുപോകാവുന്ന പാനീയങ്ങളുടെയും ടോയ്‌ലെറ്ററികളുടെയും 100 മില്ലി ലിറ്റർ പരിധി 2024 വേനലോടെ ഒഴിവാക്കും. 2006 ന് ശേഷം യുകെയിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് 100 മില്ലി ലിറ്ററിൽ കൂടുതൽ പാനീയങ്ങളും ടോയ്‌ലറ്ററികളും എടുക്കുന്നതിൽ നിന്ന് യാത്രക്കാരെ തടയുന്ന നിയമങ്ങൾ ആദ്യമായി ഇല്ലാതാകും.
എയർപോർട്ട് സെക്യൂരിറ്റി മുഖേന യാത്രക്കാർ ഹാൻഡ് ലഗേജിൽ നിന്ന് ലാപ്‌ടോപ്പുകൾ നീക്കം ചെയ്യേണ്ടതായും വരില്ലെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ 2024 മധ്യത്തോടെ മെച്ചപ്പെട്ട സുരക്ഷാ സിടി സ്കാനറുകൾ സ്ഥാപിക്കണമെന്ന് ഡിപ്പാർട്ട്‌മെന്റ് ഫോർ ട്രാൻസ്‌പോർട്ട് (ഡിഎഫ്‌ടി) നിർദ്ദേശിച്ചിരുന്നു. ഈ മാറ്റം സാധ്യമാകുന്നതോടെയാണ് നിയമങ്ങളിൽ മാറ്റം വരികയെന്ന് റിപ്പോർട്ട് ചെയ്യുന്നു.
യാത്രക്കാർ അവരുടെ ബാഗുകളിൽ നിന്ന് സാധനങ്ങൾ പുറത്തേക്ക് എടുക്കുന്നതും അനുവദനീയമായ 100 മില്ലി പരിധിയിൽ കൂടുതൽ പാനീയങ്ങളും ടോയ്‌ലറ്ററികളും കൊണ്ടുപോകുന്നത് ചെക്ക് ചെയ്യാനെടുക്കുന്നതും ആണ് എയർപോർട്ട് സെക്യൂരിറ്റി ചെക്കിങ്ങിലെ ഏറ്റവും ദൈർഘ്യമേറിയ കാലതാമസത്തിന് കാരണം. മെച്ചപ്പെട്ട സുരക്ഷാ സിടി സ്കാനറുകൾ സ്ഥാപിക്കുന്നതോടെ ഇതിന് കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ഹീത്രൂ, ഗാറ്റ്‌വിക്ക്, ബർമിംഗ്ഹാം വിമാനത്താവളങ്ങൾ പുതിയ ഉപകരണങ്ങൾ പരീക്ഷിക്കുന്നു, ഇത് യാത്രക്കാരുടെ ബാഗേജുകൾ 3D യിൽ സ്കാൻ ചെയ്യുന്നു – ഇത് നിലവിലെ 2D സ്കാനറുകളെ അപേക്ഷിച്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൂടുതൽ വിശദമായ ചിത്രം നൽകുന്നു.
ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഇലക്‌ട്രോണിക്‌സ് സാധനങ്ങൾ ക്യാബിൻ ബാഗുകളിൽ നിന്ന് സെക്യൂരിറ്റി മുഖേന നീക്കം ചെയ്യണമെന്നും എല്ലാ ദ്രാവകങ്ങളും 100 മില്ലി ലിറ്ററോ അതിൽ കുറവോ ഉള്ള പാത്രങ്ങളിലായിരിക്കണമെന്നും വ്യക്തമായ പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കണമെന്നും നിലവിലെ നിയമങ്ങൾ പറയുന്നു. 2006-ൽ ശീതളപാനീയങ്ങൾ പോലെ തോന്നിക്കുന്ന സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് ഹീത്രൂവിൽ നിന്ന് പുറപ്പെടാനിരുന്ന ഏഴ് വിമാനങ്ങൾക്ക് നേരെ അൽ-ഖ്വയ്ദ ഭീകരാക്രമണം ആസൂത്രണം ചെയ്തതിനെ തുടർന്നാണ് 100 മില്ലി ലിറ്റർ അധികമുള്ള ലിക്വിഡ് കണ്ടെയ്‌നറുകൾ ഹാൻഡ് ബാഗേജുകളിൽ നിരോധിച്ചത്.
2017 മുതൽ ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ 3D സ്കാനറുകൾ പരീക്ഷിച്ചു വരുന്നുവെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ജോൺ ഹോളണ്ട്-കെയ് ടൈംസ് മാധ്യമങ്ങളോട് പറഞ്ഞു. ടെർമിനൽ 3-ലെ സുരക്ഷാ മേഖലയുടെ വിപുലീകരണം ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറ്റ്‌ലാന്റയിലെ ഹാർട്‌സ്‌ഫീൽഡ്-ജാക്‌സൺ, ചിക്കാഗോയിലെ ഒ’ഹെയർ തുടങ്ങിയ യുഎസ് വിമാനത്താവളങ്ങളിൽ ഈ സാങ്കേതികവിദ്യ വർഷങ്ങളായി ഉപയോഗത്തിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല