1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2023

സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്ക് ഒളിവിൽ നിന്നു പുറത്തുവരണമെന്ന് ആംബുലൻസ് ജീവനക്കാരുടെ യൂണിയൻ ജനറൽ ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ നേതാവെന്ന നിലയിൽ പണിമുടക്കുകൾ പരിഹരിക്കുന്നതിനുള്ള ജോലി ചെയ്യാനും ചർച്ചകൾ ആരംഭിക്കാനും പ്രധാനമന്ത്രി തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ശമ്പള വർധന ആവശ്യപ്പെട്ടു യുകെ യിൽ ആംബുലൻസ് ജീവനക്കാരുടെ സംഘടനയായ യുണൈറ്റ് നടത്തിയ പണിമുടക്കിൽ ലങ്കാഷെയറിന് സമീപം ചോർലിയിലെ പിക്കറ്റ് ലൈനിൽ നിന്ന് സംസാരിക്കുകയായിരുന്നു അവർ.

ആംബുലൻസ് ജീവനക്കാർ അവസാനമായി പണിമുടക്കിയത് ഒരു മാസം മുന്നെയാണ്. എന്നാൽ വീണ്ടും പണിമുടക്ക് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഗവൺമെന്റിൽ നിന്നും ഒരു ഓഫർ പോലും ഉണ്ടായിട്ടില്ല. ഒരു ചർച്ച പോലും നടത്താൻ തയ്യാറായിട്ടില്ല. ആരോഗ്യ സെക്രട്ടറി സ്റ്റീവൻ ബാർക്ലേയുടെ പ്രവർത്തികൾ കണ്ടാൽ അധികാരം ലഭിച്ചിട്ടില്ല എന്ന് തോന്നും. അധികാരം ഇപ്പോഴും റിഷി സുനകിലാണ്. തൊഴിലുടമയുടെ സിഇഒ എന്ന നിലയിൽ സുനക് ചർച്ചകൾ നടത്തി ആംബുലൻസ് ജീവനക്കാർ ഉൾപ്പെടെയുള്ള പണിമുടക്കുകാരെ ജോലിയിൽ തിരികെ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നടന്ന പണിമുടക്കിൽ ജിഎംബി, യൂണിസൺ, യുണൈറ്റ് എന്നീ മൂന്ന് യൂണിയനുകളിൽപ്പെട്ട ആംബുലൻസ് ജീവനക്കാർ യുകെയുടെ വിവിധ ഭാഗങ്ങളിൽ പണിമുടക്കിയത്. പൊതുജനങ്ങളുടെ ജീവൻ അപകടപ്പെടുത്തുന്ന സാഹചര്യങ്ങളിൽ ആംബുലൻസ് സേവനം ഉണ്ടായെങ്കിലും ചിലയിടങ്ങളിൽ അടിയന്തര സാഹചര്യങ്ങളിലുള്ള സേവനങ്ങൾ ഉണ്ടായില്ല. ഇതിനിടയിൽ ആംബുലൻസ് ജീവനക്കാരുടെ സമരത്തെ തുടർന്ന് ബാത്തിലെ റോയൽ യുണൈറ്റഡ് ഹോസ്പിറ്റലിൽ പ്രസവം ഉൾപ്പടെയുള്ള സേവനങ്ങൾ താത്കാലികമായി നിർത്തി വച്ചു. പണിമുടക്ക് തുടരുമ്പോഴും ആംബുലൻസ് ജീവനക്കാരുടേത് ഉൾപ്പടെയുള്ള വിവിധ യൂണിയനുകൾ ആവശ്യപ്പെട്ടിരിക്കുന്ന പണപ്പെരുപ്പത്തിന് മുകളിലുള്ള ശമ്പള വർധന താങ്ങാനാകാത്തതാണെന്ന നിലപാടിലാണ് ഗവണ്മെന്റ്.

ഫെബ്രുവരി 6 നും 7 നും നഴ്സുമാര്‍ മൂന്നാംഘട്ട പണിമുടക്ക് നടത്തുമ്പോൾ ആംബുലൻസ് ജീവനക്കാരും ആദ്യ ദിവസം പണിമുടക്കും. ഇത് എൻഎച്ച്എസിൽ സമാനതകൾ ഇല്ലാത്ത പ്രതിസന്ധി ഉണ്ടാക്കും. കഴിഞ്ഞ പണിമുടക്കുകളിൽ പങ്കെടുത്തതിനേക്കാള്‍ കൂടുതല്‍ ജീവനക്കാരും എന്‍എച്ച്എസ് ട്രസ്റ്റുകളും ഫെബ്രുവരി 6 ലെ പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആംബുലൻസ് ജീവനക്കാർ മാർച്ച്‌ 20 വരെ വിവിധ ദിവസങ്ങളിലായി 10 പണിമുടക്കുകൾ കൂടി നടത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.