1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2023

സ്വന്തം ലേഖകൻ: ഹൃദയാഘാതം നേരിട്ട രോഗികളെ പോലും പരിഗണിക്കില്ലെന്ന് ഭീഷണി മുഴക്കിയ ആംബുലന്‍സ് ജീവനക്കാരുടെ ഭീഷണി ഫലിച്ചു. യൂണിയനുകളും ഹെല്‍ത്ത് സെക്രട്ടറിയുമായി ശമ്പളപ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്ക് വഴി തുറന്നതോടെ സമരങ്ങള്‍ പിന്‍വലിച്ചു. ഇതോടെ ബ്രിട്ടനിലെ ജനങ്ങളെ ആശങ്കയിലാക്കിയ വിന്റര്‍ പ്രതിസന്ധി ഒരു പരിധിവരെ നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. രോഗികളെ മരണത്തിലേക്ക് നയിക്കുമായിരുന്ന പണിമുടക്കുകള്‍ ആണ് പിന്‍വലിക്കപ്പെട്ടിരിക്കുന്നത്.

എന്‍എച്ച്എസ് സമരങ്ങള്‍ക്ക് മാസങ്ങളായി ഒരുക്കം കൂട്ടിയ യൂണിയനുകളാണ് ഇപ്പോള്‍ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേയുമായി ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധമായിരിക്കുന്നത്. ഗവണ്‍മെന്റ് അനുകൂല നിലപാട് സ്വീകരിക്കാത്ത പക്ഷം ഹൃദയാഘാതവും, സ്‌ട്രോക്കും വരെ നേരിട്ട രോഗികളുടെ സഹായത്തിനായുള്ള അപേക്ഷ പോലും പരിഗണിക്കില്ലെന്ന് 999 ജീവനക്കാര്‍ ഭീഷണി മുഴക്കിയതോടെ ചര്‍ച്ചയ്ക്കു വഴിതുറക്കുകയായിരുന്നു.

ശമ്പളപ്രശ്‌നത്തില്‍ ഇംഗ്ലണ്ടില്‍ അടുത്ത ആഴ്ച 45,000-ഓളം ആംബുലന്‍സ് ജീവനക്കാര്‍ സമരമുഖത്തേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെയും, അടുത്ത വര്‍ഷത്തെയും ശമ്പളത്തിന്റെ കാര്യങ്ങള്‍ സംസാരിക്കാന്‍ മന്ത്രിമാര്‍ തയ്യാറായിട്ടുണ്ടെന്ന് പ്രധാന യൂണിയനുകളില്‍ ഒന്നായ ജിഎംബി വ്യക്തമാക്കി. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ബാക്ക്‌ഡേറ്റ് ചെയ്ത ശമ്പളവര്‍ദ്ധനവ് നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറായേക്കുമെന്നാണ് സൂചന.

വെയില്‍സിലും ഗവണ്‍മെന്റുമായി ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയ സാഹചര്യത്തില്‍ ജിഎംബി യൂണിയന്‍ സമരം നിര്‍ത്തിവെച്ചിട്ടുണ്ട്. സമരങ്ങള്‍ ശക്തിപ്പെടുത്തുമെന്ന ഭീഷണി മുഴക്കിയതോടെയാണ് ഗവണ്‍മെന്റ് ഇളവുകള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളത്.

ഹെല്‍ത്ത് സെക്രട്ടറിയുടെ തീരുമാനത്തില്‍ ജീവനക്കാര്‍ പ്രതീക്ഷയിലാണ്. ശമ്പള വര്‍ദ്ധനവും മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന ആവശ്യവും പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.