1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2023

സ്വന്തം ലേഖകൻ: ശമ്പള വർധന ആവശ്യപ്പെട്ടു യുകെ യിൽ ആംബുലൻസ് ജീവനക്കാർ ഇന്ന് മുതൽ വീണ്ടും പണിമുടക്കിൽ. രാവിലെ 7.30 മുതലാണ് ജിഎംബി, യൂണിസൺ, യുണൈറ്റ് എന്നീ മൂന്ന് യൂണിയനുകളിൽപ്പെട്ട ആംബുലൻസ് ജീവനക്കാർ യുകെയുടെ വിവിധ ഭാഗങ്ങളിൽ പണിമുടക്ക് ആരംഭിച്ചത്.

പൊതുജനങ്ങളുടെ ജീവൻ അപകടപ്പെടുത്തുന്ന സാഹചര്യങ്ങളിൽ ആംബുലൻസ് സേവനം ഉണ്ടാകും. ഇതിനായുള്ള 999 എന്ന നമ്പരിലെ കോളുകൾ അറ്റൻഡ് ചെയ്യും. മറ്റ് അടിയന്തര സാഹചര്യങ്ങളിലുള്ള സേവനങ്ങൾ ഉണ്ടാകില്ല. എന്നാൽ ആംബുലൻസ് ജീവനക്കാരുടേത് ഉൾപ്പടെയുള്ള വിവിധ യൂണിയനുകൾ ആവശ്യപ്പെട്ടിരിക്കുന്ന ശമ്പള വർധന താങ്ങാനാകാത്തതാണെന്ന് സർക്കാർ പറയുന്നു.

പണിമുടക്ക് ഒഴിവാക്കാനുള്ള മാർഗമായി വെൽഷ് സർക്കാർ ഒറ്റത്തവണ തുക വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ യൂണിയനുകൾ നിരസിക്കുകയാണ് ചെയ്തത്. എന്നാൽ ഇംഗ്ലണ്ടിലെ ഒരു ദശലക്ഷത്തിലധികം എൻഎച്ച്എസ് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന പതിനാല് ആരോഗ്യ യൂണിയനുകൾ, തങ്ങളുടെ നിലവിലെ ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ അടുത്ത (2023-24) ശമ്പള വർധനയെ കുറിച്ചുള്ള ചർച്ചകളിൽ പേ റിവ്യൂ ബോഡിയുമായി സഹകരിക്കില്ലെന്ന് അറിയിച്ചു. സ്കോട്ട്ലൻഡിൽ ശരാശരി 7.5% ശമ്പള വർധന ചില യൂണിയനുകൾ അംഗീകരിച്ചിട്ടുണ്ട്. നോർത്തേൺ അയർലണ്ടിൽ 2023 ഏപ്രിൽ മുതൽ 4.5% വർധന നൽകുമെന്ന് സർക്കാർ അറിയിച്ചു.

ഇത് പണപ്പെരുപ്പത്തേക്കാൾ താഴെയുള്ള വർധനയാണെന്ന് യൂണിയനുകൾ പ്രതികരിച്ചു. ഇന്നത്തെ പണിമുടക്ക് വളരെ നിരാശാജനകമാണെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തെ ശമ്പളത്തെക്കുറിച്ച് യൂണിയനുകളുമായി ക്രിയാത്മകമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. യൂണിയനുകളുമായി ഇപ്പോൾ താങ്ങാനാവുന്നതും ന്യായവുമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ബാർക്ലേ കൂട്ടിച്ചേർത്തു.

എന്തിനെക്കുറിച്ചും സംസാരിക്കാൻ ഗവണ്മെന്റ് തയാറാണ്, പക്ഷേ അവർ ശമ്പളത്തെക്കുറിച്ച് മാത്രം സംസാരിക്കില്ല എന്നായിരുന്നു ഇതെക്കുറിച്ച് യുണൈറ്റ് ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാമിന്റെ പ്രതികരണം. അതേസമയം പണിമുടക്കിനുള്ള ഒരു പരിഹാരം ഗവണ്മെന്റിനെ തുറിച്ചു നോക്കുകയാണെന്നും വേഗത്തിൽ പരിഹാരം ഉണ്ടാകണമെന്നും യൂണിസൺ ജനറൽ സെക്രട്ടറി ക്രിസ്റ്റീന മക്ആനിയ പ്രതികരിച്ചു. ഫെബ്രുവരി 6 നും 7 നും നഴ്സുമാര്‍ വീണ്ടും പണിമുടക്കാനിരിക്കുകയാണ്. ഇതിൽ ഫെബ്രുവരി 6 ന് ഇന്ന് പണിമുടക്കുന്ന ആംബുലൻസ് ജീവനക്കാരും പണിമുടക്കും. ഇത് എൻഎച്ച്എസിൽ സമാനതകൾ ഇല്ലാത്ത പ്രതിസന്ധി ഉണ്ടാക്കും.

കഴിഞ്ഞ പണിമുടക്കുകളിൽ പങ്കെടുത്തതിനേക്കാള്‍ കൂടുതല്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ വരുന്ന പണിമുടക്കുകളിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ ജനുവരി 26, ഫെബ്രുവരി 9 തീയതികളിൽ ഫിസിയോ തെറാപ്പിസ്റ്റുകളും പണിമുടക്കിൽ ഏർപ്പെടും. ആംബുലൻസ് ജീവനക്കാർ ജനുവരി 24 ന് ഇംഗ്ലണ്ടിലെ നോർത്ത് വെസ്റ്റ് ഭാഗങ്ങളിലും 26 ന് നോർത്തേൺ അയർലൻഡിലും പണിമുടക്കും. ഫെബ്രുവരി 16, 17, 20, 22, 23, 24 തീയതികളിലും മാർച്ച്‌ 6, 20 തീയതികളിലും പണിമുടക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.