1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2021

സ്വന്തം ലേഖകൻ: ബ്രെക്സിറ്റിനു ശേഷമുള്ള വ്യാപാരത്തിന് കൂടുതൽ ഊർജ്ജം പകരാനായി ബ്രിട്ടൻ 11 രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഏഷ്യ-പസഫിക് സ്വതന്ത്ര വ്യാപാര മേഖലയിൽ ചേരാൻ നീക്കം നടത്തുന്നു. ട്രാൻസ്-പസഫിക് പങ്കാളിത്തത്തിനായുള്ള സമഗ്രവും പുരോഗമനപരവുമായ കരാറിൽ ചേരാൻ ബോറിസ് ജോൺസൺ സർക്കാർ ഇതിനകം തന്നെ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു.

ഏകദേശം 500 ദശലക്ഷം ജനസംഖ്യയുള്ള വിപണി ഉൾക്കൊള്ളുന്ന സിപിടിപിപി ലോക വരുമാനത്തിന്റെ 13% ത്തിലധികമാണ് ലഭ്യമാക്കുന്നത്. 2018 ൽ രൂപീകരിച്ച സി‌പി‌ടി‌പി‌പി വ്യാപാര കരാറിൽ 11 രാജ്യങ്ങളുണ്ട്: ഓസ്‌ട്രേലിയ, ബ്രൂണൈ, കാനഡ, ചിലി, ജപ്പാൻ, മലേഷ്യ, മെക്സിക്കോ, ന്യൂസിലാൻഡ്, പെറു, സിംഗപ്പൂർ, വിയറ്റ്നാം തുടങ്ങിയവയാണ് ഈ അംഗരാജ്യങ്ങൾ. സി.ടി.ടി.പി.പിയുടെ ഭാഗമാകാൻ അമേരിക്ക ആദ്യം ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റപ്പോൾ പിന്മാറിയിരുന്നു.

ബ്രിട്ടന്റെ അംഗത്വം സംബന്ധിച്ച് വസന്തകാലത്ത് തന്നെ ചർച്ചകൾ തുടങ്ങാമെന്നാണ് പ്രതീക്ഷയെന്ന് അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിസ് ട്രസുമായി അടുത്ത വൃത്തങ്ങൾ സൂചന നൽകി. കരാറിന്റെ പ്രധാന ലക്ഷ്യം അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര നികുതി അതിർത്തി നികുതി തുടങ്ങിയവയിൽ കാര്യമായ കുറവ് വരുത്തുകയാണ്.

95% ഇറക്കുമതി ചാർജുകൾ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യാമെന്ന വാഗ്ദാനം ഇതിൽ ഉൾപ്പെടുന്നു. ജപ്പാനിൽ നിന്നുള്ള അരിയും കാനഡയിലെ പാൽ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യാനുള്ള പദ്ധതികളും കരാറിന്റെ ഭാഗമായുണ്ട്. അംഗരാജ്യങ്ങൾക്ക് അവരുടെ സ്വന്തം വ്യാപാര ഇടപാടുകൾ നടത്താനാകുമെന്നതും പ്രത്യേകതയാണ്.

സി‌പി‌ടി‌പി‌പിയിൽ അപേക്ഷിക്കുന്ന ആദ്യത്തെ സ്ഥാപകേതര രാജ്യമാണ് യുകെ. തീരുമാനമുണ്ടായാൽ സി‌പി‌ടി‌പി‌പിയിൽ ജപ്പാന് ശേഷമുള്ള രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുകയും ചെയ്യും. യൂറോപ്യൻ യൂണിയൻ അംഗത്വത്തിൽ വേർപിരിഞ്ഞ ശേഷം മിക്ക സി‌പി‌ടി‌പി‌പി രാജ്യങ്ങളുമായി യുകെ ഇതിനകം തന്നെ സ്വതന്ത്ര വ്യാപാര കരാറുകൾ ഒപ്പിട്ടു കഴിഞ്ഞു. കൂടാതെ ഓസ്‌ട്രേലിയയുമായും ന്യൂസിലൻഡുമായും വ്യാപാര കരാറിനായുള്ള ചർച്ചകൾ തുടരുകയുമാണ്.

2019 ലെ യുകെ കയറ്റുമതിയുടെ 8.4% സി‌പി‌ടി‌പി‌പി രാജ്യങ്ങളിലേക്കായിരുന്നു. യുകെ സി‌പി‌ടി‌പി‌പിയിൽ ചേർന്നാൽ ഭക്ഷണം, പാനീയം, കാറുകൾ എന്നിവയുൾപ്പെടെയുള്ള വ്യവസായങ്ങൾക്ക് താരിഫ് കുറയ്ക്കുമെന്ന് മറ്റ് രാജ്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ വേഗതയേറിയതും ചിലവ് കുറഞ്ഞതുമായ ബിസിനസ് വിസയും ബ്രിട്ടീഷ് പൌരന്മാർക്ക് ലഭിക്കും.

സർ ടോം മൂറെ കൊവിഡ് ബാധിതനായി ആശുപത്രിയിൽ

ബ്രിട്ടനിൽ ലോക്​ഡൗൺ സമയത്ത് വീട്ടിനകത്ത്​ അടച്ചിരിക്കാതെ എൻ‌എച്ച്‌എസിനായി ഏകദേശം 33 മില്യൺ പൗണ്ട് ചാരിറ്റിയുടെ കണ്ടെത്തി​ കൊവിഡ്​ പ്രതിരോധത്തിൽ പങ്കാളിയായ ക്യാപ്റ്റൻ ടോം മൂറെക്ക്​ കൊവിഡ്​. ഞായറാഴ്ചയാണ്​ 100 വയസുകാരനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന്​ കുടുംബവൃത്തങ്ങൾ പറഞ്ഞു.

2020 ഏപ്രിൽ 30ന്​ നൂറുവയസ്​ പൂർത്തിയാകുന്നതിന്​ മുന്നോടിയായിരുന്നു നടത്തം. ജന്മദിനത്തിന്​ മുമ്പ്​ 100 തവണ പൂന്തോട്ടത്തിന്​ ചുറ്റും നടക്കുക എന്നതായിരുന്നു മൂറെയുടെ ചലഞ്ച്​. എല്ലാവരും സ്​നേഹത്തോടെ ക്യാപ്​റ്റൻ ടോം എന്നു വിളിക്കുന്ന മൂറെയുടെ ചലഞ്ച്​ ലക്ഷക്കണക്കിന്​ ജനങ്ങൾ ഏറ്റെടുത്തു. അഞ്ചുലക്ഷത്തിലധികം പേർ മൂറെയുടെ ചലഞ്ചിന്​ പണം സംഭാവനയായി നൽകുകയായിരുന്നു.

ഒരാഴ്ചമുമ്പ്​ ഇദ്ദേഹത്തിന്​ ന്യ​ുമോണിയ സ്​ഥിരീകരിച്ചിരുന്നു. പിന്നീട്​ നടത്തിയ പരിശോധനയിൽ കൊവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു -മൂറെയുടെ മകൾ ഹന്നാ ഇൻഗ്രാം മൂറെ ട്വിറ്ററിലൂടെ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.