സ്വന്തം ലേഖകൻ: പ്രധാനമന്ത്രി റിഷി സുനാകിനെ സമ്മര്‍ദത്തിലാക്കാന്‍ ലക്ഷ്യമിട്ടു 40,000 പൗണ്ടോ അതിലേറെയോ ശമ്പളം വാങ്ങുന്ന കുടിയേറ്റക്കാര്‍ക്ക് മാത്രം യുകെയില്‍ പ്രവേശനം മതിയെന്ന് ബോറിസ് ജോണ്‍സണ്‍. രാജ്യത്ത് പ്രവേശിക്കുന്ന കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ സുനാക് വിയര്‍ക്കുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിച്ചാണ് മുന്‍ പ്രധാനമന്ത്രി നിയമപരമായ കുടിയേറ്റത്തിന് കടുത്ത നിയന്ത്രണം വേണമെന്ന് ആവശ്യം ഉന്നയിക്കുന്നത്.
കഴിഞ്ഞ വര്‍ഷം യുകെയിലേക്ക് 745,000 കുടിയേറ്റക്കാര്‍ എത്തിയെന്ന കണക്കുകള്‍ ഞെട്ടിച്ചതോടെ ടോറി എംപിമാര്‍ അസ്വസ്ഥരാണ്. വിഷയത്തില്‍ അടിയന്തര നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ഈ ഘട്ടത്തിലാണ് വിസാ അപേക്ഷകരുടെ ശമ്പള പരിധി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് ബോറിസ് പിന്തുണ പ്രഖ്യാപിക്കുന്നത്.
‘ബ്രക്‌സിറ്റ് പൂര്‍ത്തിയാക്കിയ ശേഷം ജാഗ്രത പാലിക്കാനും, ബിസിനസ്സുകളുടെ ആവശ്യം പരിഗണിച്ചുമാണ് മിനിമം സാലറി 26,000 പൗണ്ടായി നിശ്ചയിച്ചത്. എന്നാല്‍ ഇത് വളരെ കുറഞ്ഞ് പോയെന്ന് പുതിയ കണക്കുകള്‍ തെളിയിക്കുന്നു’, ബോറിസ് മെയിലിലെ ലേഖനത്തില്‍ എഴുതി.
40,000 പൗണ്ടായി മിനിമം സാലറി നിശ്ചയിക്കുന്നത് ധനിക മുതലാളിമാരെ സംബന്ധിച്ച് ബുദ്ധിമുട്ടായിരിക്കുമെന്ന് ബോറിസ് സമ്മതിക്കുന്നു. നെറ്റ് മൈഗ്രേഷന്‍ വളരെ കൂടുതലാണെന്ന് സമ്മതിച്ച പ്രധാനമന്ത്രി സുനാക് ഇത് കുറയ്ക്കുമെന്ന വിഷയത്തില്‍ തന്നെ വിശ്വസിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സാലറി പരിധിയ്ക്ക് പുറമെ ജോലിക്കാര്‍ക്ക് ഡിപ്പന്റന്‍ഡ്‌സിനെ കൊണ്ടുവരുന്നതിനും വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. വ്യാഴാഴ്ച നെറ്റ് മൈഗ്രേഷന്‍ നിരക്ക് പുറത്തു വന്നതോടെ കുടിയേറ്റ വിരുദ്ധര്‍ വീണ്ടും രംഗത്തുവന്നിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല