1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2022

സ്വന്തം ലേഖകൻ: വെസ്റ്റ് യോര്‍ക്ക്ഷയറിലും, ഡിവോണിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ടോറി പാര്‍ട്ടി വന്‍ തോല്‍വി നേരിട്ടത് സര്‍ക്കാരിനെതിരായ വിധിയെഴുത്തല്ലെന്നും അത് ജീവിതച്ചെലവ് വര്‍ധനയുടെ കുഴപ്പമാണെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ന്യായീകരണം. വേക്ക്ഫീല്‍ഡിലും ടിവേര്‍ടണ്‍ & ഹോണിടണിലും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവുകള്‍ വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതോടെ പാര്‍ട്ടിയിലും രാജ്യത്തിന്റെയും നേതൃത്വത്തിലും ബോറിസിനെതിരെ വിമത നീക്കം ശക്തിപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് ഫലം മികച്ചതല്ലെന്നു പറഞ്ഞ പ്രധാനമന്ത്രി ഇതിനെക്കുറിച്ച് കേള്‍ക്കുകയും, പഠിക്കുകയും ചെയ്യുമെന്ന് റുവാന്‍ഡയിലെ കോമണ്‍വെല്‍ത്ത് സമ്മിറ്റില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ബോറിസ് പറഞ്ഞു.

ഇരട്ട തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ചെയര്‍ ഒലിവര്‍ ഡൗഡെന്‍ രാജിവെച്ചിരുന്നു. വോട്ടര്‍മാര്‍ കൃത്യമായ സന്ദേശമാണ് നല്‍കിയതെന്ന് പ്രധാനമന്ത്രി സമ്മതിച്ചു. ഉയരുന്ന പണപ്പെരുപ്പം മൂലം അവര്‍ നേരിടുന്ന സാഹചര്യങ്ങളാണ് ഇതിന് കാരണം. താന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന വലിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബോറിസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാജിവെയ്ക്കുമോയെന്ന ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.

ഇനിയും പതിവ് പരിപാടിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് രാജിക്കത്തില്‍ ഡൗഡെന്‍ വ്യക്തമാക്കിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയോടാണ് തന്റെ വിശ്വാസ്യതയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ ബോറിസിനെ ഇനി ഡൗഡെന്‍ പിന്തുണയ്ക്കുമോയെന്ന സംശയങ്ങള്‍ ബലപ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന ക്യാബിനറ്റ് അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങിയിരിക്കുകയാണ്. നയങ്ങളിലാണ് പാര്‍ട്ടിയുടെ ശ്രദ്ധയെന്ന് ഉപപ്രധാനമന്ത്രി ഡൊമനിക് റാബ് വ്യക്തമാക്കി.

വേക്ക്ഫീല്‍ഡിലെ ഫലങ്ങള്‍ പുതിയ ലേബര്‍ ഗവണ്‍മെന്റിന്റെ ജന്മസ്ഥലമാകുമെന്ന് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ടോറികളുടെ പൊട്ടിത്തെറിയിലേക്ക് ഫലങ്ങള്‍ വഴിയൊരുക്കുമെന്നാണ് സ്റ്റാര്‍മറുടെ നിലപാട്. എന്നാല്‍ രണ്ട് മണ്ഡലങ്ങളിലും ലേബര്‍ പാര്‍ട്ടിയും, ലിബറല്‍ ഡെമോക്രാറ്റുകളും ഒത്തുകളിച്ചുവെന്ന ആരോപണവും പുറത്തുവരുന്നുണ്ട്. ടോറികളെ ഒതുക്കാന്‍ ഇരുവരും രഹസ്യമായി സഹകരിക്കുന്നുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് വിമര്‍ശിച്ചു.

കണ്‍സര്‍വേറ്റീവുകള്‍ക്ക് വെസ്റ്റ് യോര്‍ക്ക്ഷെയറിലെയും ഡെവോണിലെയും സീറ്റുകള്‍ വലിയ മാര്‍ജിനില്‍ ആണ് നഷ്ടപ്പെട്ടത്. കണ്‍സര്‍വേറ്റീവുകള്‍ക്ക് മുമ്പ് സുരക്ഷിത സീറ്റായിരുന്ന ടിവേര്‍ടണ്‍ & ഹോണിംഗ്ടണ്‍ സീറ്റില്‍ ലിബറല്‍ ഡെമോക്രാറ്റുളാണ് വിജയിച്ചത്, റിച്ചാര്‍ഡ് ഫുഡ് 2019 ല്‍ മൂന്നാം സ്ഥാനത്തെത്തിയ സീറ്റില്‍ 6,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു.

വേക്ക്ഫീല്‍ഡില്‍ ജോണ്‍സന്റെ പാര്‍ട്ടി ലേബറിനോടാണ് കനത്ത പരാജയം ഏറ്റുവാങ്ങിയത്. മുന്‍ ടോറി എംപി ഇമ്രാന്‍ അഹമ്മദ് ഖാന്‍ ബാലലൈംഗിക കുറ്റത്തിന് ജയിലിലായതിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ലേബറിന്റെ സൈമണ്‍ ലൈറ്റ് വുഡ് പാട്ടുംപാടി ജയിച്ചു.

ഉപതെരഞ്ഞെടുപ്പില്‍ അനുകൂല ഫലമാണ് പ്രതീക്ഷിക്കുന്നതെന്ന് റുവാന്‍ഡയിലേക്ക് യാത്ര ചെയ്യവെ പ്രധാനമന്ത്രി റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞിരുന്നു. എന്നാല്‍ ഫലം മറിച്ചായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.