
സ്വന്തം ലേഖകൻ: ജീവനക്കാരുടെ കുറവും യാത്രക്കാരുടെ തിരക്കും മൂലം വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും വൈകുകയും ചെയ്യുന്ന സമയത്തു കൂനിന്‍മേല്‍ കുരുവായി ഹീത്രൂ എയര്‍പോര്‍ട്ടിലെ ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാര്‍ പണിമുടക്കിലേക്ക്. ഇത് യാത്രാ പ്രതിസന്ധി വീണ്ടും രൂക്ഷമാക്കും. ഹീത്രൂ എയര്‍പോര്‍ട്ടിലെ നൂറുകണക്കിന് ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാര്‍ ആണ് പണിമുടക്കിലേക്ക് നീങ്ങുന്നത്. ചെക്ക്-ഇനിലുള്ള യുണൈറ്റ്, ജിഎംബി യൂണിയന്‍ അംഗങ്ങളാണ് പണിമുടക്കിനെ അനുകൂലിച്ച് വോട്ട് ചെയ്തത്.
ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായ ബ്രിട്ടീഷ് വ്യോമയാനമേഖലയെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് ഈ നീക്കം. 700 ജീവനക്കാരാണ് വേനലവധിക്കാലത്ത് പണിമുടക്കാന്‍ ഒരുങ്ങുന്നത്. കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ പത്തു ശതമാനം ശമ്പള വെട്ടിക്കുറവ് പുനഃസ്ഥാപിക്കാത്തതിനെ തുടര്‍ന്നാണ് ഈ നടപടിയെന്ന് യൂണിയനുകള്‍ പറഞ്ഞു.
യുണൈറ്റിലെ 500 അംഗങ്ങള്‍ സമരത്തിനനുകൂലമായി 94.7% വോട്ട് രേഖപ്പെടുത്തി. അതേസമയം, 95% ജിഎംബി അംഗങ്ങള്‍ സമരത്തെ അനുകൂലിച്ചു. സമര തീയതികള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ ഹീത്രൂവിലെ മൂന്ന്, അഞ്ച് ടെര്‍മിനലുകള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. മറ്റ് ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവര്‍ക്കാര്‍ക്ക് 10% ബോണസ് നല്‍കിയിട്ടുണ്ടെങ്കിലും ചെക്ക്-ഇന്‍ സ്റ്റാഫിന് യാതൊരു നേട്ടവുമില്ലെന്ന് ജിഎംബി അറിയിച്ചു.
പ്രശ്ന പരിഹാരത്തിന് യൂണിയനുകളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. ജീവനക്കാരുടെ വേതനം ‘പ്രീ-പാന്‍ഡെമിക്’ ഘട്ടത്തിലേക്ക് ഉയര്‍ത്തണമെന്നാണ് വ്യാപകമായ ആവശ്യം. യുകെയിലുടനീളമുള്ള നൂറുകണക്കിന് വിമാനങ്ങള്‍ പ്ലാറ്റിനം ജൂബിലി ആഴ്‌ചയിലും സ്‌കൂള്‍ അര്‍ദ്ധകാല അവധി ദിനങ്ങളിലും റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ ക്ഷാമവും യാത്രക്കാരുടെ ബാഹുല്യവും മേഖലയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്. ലഗേജുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം മുപ്പത്തിലേറെ വിമാനങ്ങള്‍ കഴിഞ്ഞാഴ്ച റദ്ദാക്കിയിരുന്നു.
ഗേജ് സിസ്റ്റത്തിന് സംഭവിച്ച സാങ്കേതിക തകരാറാണ് പ്രതിസന്ധി കൂട്ടിയത് . ഇതോടെ ജൂലൈ മുതല്‍ സെപ്തംബര്‍ വരെ ഷെഡ്യൂള്‍ ചെയ്ത 160,000 ഫ്ലൈറ്റുകളില്‍ 7% വെട്ടിക്കുറയ്ക്കാന്‍ ഈസിജെറ്റ് തീരുമാനിച്ചു. ഹീത്രുവില്‍ ബാഗേജിനെ ബാധിക്കുന്ന സാങ്കേതിക തകരാര്‍ കാരണം വിമാനങ്ങള്‍ റദ്ദാക്കിയത് 5,000 യാത്രക്കാരെ ബാധിച്ചു.
പ്രധാന വിമാനത്താവളമായ ഗാറ്റ്‌വിക്ക്, ജീവനക്കാരുടെ കുറവുകാരണം തങ്ങളുടെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് അറിയിച്ചിരുന്നു. പതിനായിരക്കണക്കിന് യാത്രക്കാരാണ് ഈ പ്രതിസന്ധിയില്‍ വലഞ്ഞത്. വിമാനങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിലൂടെ ഈ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് ഹീത്രൂ വിമാനത്താവള അധികൃതര്‍.
ഗാറ്റ്‌വിക്ക് കൂടാതെ, ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ ഹബ് ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ കൂടുതല്‍ ഫ്ലൈറ്റുകള്‍ റദ്ദാക്കുമെന്ന് ഈസിജെറ്റ് സ്ഥിരീകരിച്ചു. യാത്രക്കാരുടെ നീണ്ട നിരയും സര്‍വീസ് റദ്ദാക്കലുമൊക്കെയായി സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളവും കടുത്ത പ്രതിസന്ധിയിലാണ്.
യുകെയിലുടനീളമുള്ള നൂറുകണക്കിന് വിമാനങ്ങള്‍ പ്ലാറ്റിനം ജൂബിലിയുടെ ആഴ്‌ചയിലും അര്‍ദ്ധകാല അവധി ദിവസങ്ങളിലും റദ്ദാക്കപ്പെട്ടു, വേനല്‍ക്കാലത്ത് കൂടുതല്‍ യാത്രാ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നു.
പല കാരണങ്ങളാല്‍ തടസം ഉണ്ടായിട്ടുണ്ട്, എന്നാല്‍ ജീവനക്കാരുടെ കുറവ് വ്യോമയാന വ്യവസായത്തിന്റെ ആവശ്യകതയ്ക്ക് ഒട്ടും മതിയാവില്ല. കോവിഡിന് ശേഷമുള്ള താഴ്ന്ന സ്റ്റാഫിംഗ് ലെവലില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ബുക്കിംഗ് എടുക്കുന്നതിന് എയര്‍ലൈനുകളെ ജനം കുറ്റപ്പെടുത്തുകയാണ്. എന്നാല്‍ പാന്‍ഡെമിക് സമയത്ത് വ്യവസായത്തെ പിന്തുണയ്ക്കുന്നതിനും ഇപ്പോള്‍ പുതിയ ജീവനക്കാര്‍ക്കുള്ള സുരക്ഷാ പരിശോധനകളുടെ പ്രക്രിയ വേഗത്തിലാക്കുന്നതിനും സര്‍ക്കാരിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്ന് എയര്‍ലൈനുകള്‍ തന്നെ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല