
സ്വന്തം ലേഖകൻ: വരുമാന നികുതി, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവയില്‍ വര്‍ദ്ധനവ് ഉണ്ടാകില്ല എന്ന 2019-ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ സാങ്കേതികമായി ഉറച്ച് നിന്ന് സര്‍ക്കാരിലേക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കാനുള്ള ശ്രമമായിരിക്കും ചാന്‍സലര്‍ ജെറമി ഹണ്ടിന്റേത്. അതുകൊണ്ടു തന്നെ നേരത്തേ ലേബര്‍ സര്‍ക്കാര്‍ കൊണ്ടു വന്ന്, പിന്നീട് കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ വേണ്ടെന്നു വരുമാന നികുതിയുടെ ടോപ് റേറ്റ് 50 ശതമാനം ആക്കുക എന്ന ആശയം ജെറെമി ഹണ്ട് വേണ്ടെന്ന് വയ്ക്കുകയാണ്.
അതിനു പകരമായി, ടോപ് റേറ്റ് നികുതി 45 ശതമാനം ആയി നിലനിര്‍ത്തും. എന്നാല്‍, അതിനു പകരമായി ഉയര്‍ന്ന നിരക്കില്‍ നികുതി നല്‍കേണ്ടുന്നവരുടെ വരുമാന പരിധിയില്‍ 25,000 പൗണ്ടിന്റെ കുറവ് വരുത്തും. നിലവില്‍ 1,50,000 പൗണ്ടില്‍ അധികം വരുമാനമുള്ളവരാണ് 45 ശതമാനം നികുതി നല്‍കേണ്ടത്. അത് 1,25,000 പൗണ്ട് ആയി കുറയ്ക്കാനാണ് ജെറെമി ഹണ്ടിന്റെ ഉദ്ദേശ്യം. 50 ബില്യന്‍ പൗണ്ടിന്റെ പൊതു ധനക്കമ്മി നികത്തുന്നതിന്റെ ഭാഗമായിട്ടാണിത്.
അതിനുപുറമെ എണ്ണ-പ്രകൃതി വാതക കമ്പനികള്‍ക്ക് മേലുള്ള വിന്‍ഡ്ഫാള്‍ ടാക്‌സ് നിലവിലെ 25 ശതമാനത്തില്‍ നിന്നും 35 ശതമാനമാക്കി ഉയര്‍ത്താനുള്ള നിര്‍ദ്ദേശവും വ്യാഴാഴ്ചയിലെ ബജറ്റില്‍ ഉണ്ടാകും. അതുപോലെ ഓഹരി ലാഭവിഹിതത്തിനു മേല്‍ നികുതി നിശ്ചയിക്കുന്നതിനുള്ള വരുമാന പരിധി കുറക്കും. കൗണ്‍സിലുകള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കുമ്പോള്‍ റഫറണ്ടം നടത്തേണ്ടുന്ന വര്‍ദ്ധന നിരക്കിന്റെ പരിധി 2.99 ശതമാനമാക്കും
ടോപ് റേറ്റ് ടാക്‌സിനുള്ള പരിധി കുറയ്ക്കുമയും വരുമാന നികുതി നല്‍കുന്നതിനുള്ള പരിധി രണ്ടു വര്‍ഷത്തേക്ക്, 2027/28 വരെ വര്‍ദ്ധിപ്പിക്കാതിരിക്കുകയും ചെയ്യുന്നതോടെ, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ലംഘിക്കാതെ തന്നെ ലക്ഷക്കണക്കിന് പൗണ്ട് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിക്കാന്‍ കഴിയും. ടോപ് റേറ്റ് നികുതി നല്‍കേണ്ടുന്ന പരിധി 1,25,000 പൗണ്ട് ആയി കുറയ്ക്കുക വഴിയ് പ്രതിവര്‍ഷം 1.3 ബില്യണ്‍ പൗണ്ട് മാത്രമാണ് അധികമായി നേടാന്‍ കഴിയുക. എന്നാല്‍, വിപണിയെ തകര്‍ത്ത ലിസ് ട്രസ്സിന്റെ തീരുമാനം വരുത്തിവെച്ച പരിക്കുകളില്‍ നിന്നും രക്ഷപ്പെടാന്‍ സമ്പദ്‌വ്യവസ്ഥയെ അത് വലിയൊരു പരിധിവരെ സഹായിക്കും.
അതേസമയം, ഋഷി സുനാക് ആവശ്യത്തിലധികം നടപടികള്‍ കൈക്കൊണ്ട്, കുറഞ്ഞ നികുതി എന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അടിസ്ഥാന നയത്തെ തകിടം മറിക്കുകയാണെന്ന് കരുതുന്നടോറി എം പിമാരും ഉണ്ട്. യു കെ സമ്പദ്‌വ്യവസ്ഥ, ഈ വര്‍ഷത്തെ മൂന്നാം പാദത്തില്‍ 0.2 ശതമാനം ചുരുങ്ങി എന്ന ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു വെള്ളിയാഴ്ച്ച ഇടക്കാല ബജറ്റിലെ നിര്‍ദേശങ്ങള്‍ ഋഷി സുനകും ജെറെമി ഹണ്ടും അന്തിമമായി രൂപീകരിച്ചത്.
വരുമാന നികുതിക്കുള്ള പരിധി രണ്ടു വര്‍ഷത്തേക്ക് വര്‍ദ്ധിപ്പിക്കാതിരിക്കുക വഴി 2028 ആകുമ്പോഴേക്കും സര്‍ക്കാരിലേക്ക് 52.5 ബില്യണ്‍ പൗണ്ട് ശേഖരിക്കാന്‍ ആകും. എന്നാല്‍, ലക്ഷക്കണക്കിന് കുറഞ്ഞ വരുമാനക്കാര്‍ അധികമായി വരുമാന നികുതി നല്‍കുന്നവരുടെ പട്ടികയിലേക്ക് വരാന്‍ ഇത് കാരണമായേക്കും. ഏകദേശം മുപ്പത് ലക്ഷത്തോളം കുറഞ്ഞ വരുമാനക്കാര്‍ക്ക് വരുമാന നികുതി നല്‍കേണ്ടുന്ന സാഹചര്യം ഉണ്ടാകും എന്നാണ് കണക്കുകള്‍ പറയുന്നത്. പണപ്പെരുപ്പം ഇരട്ടക്കത്തില്‍ എത്തിയതോടെ വേതനവും വര്‍ദ്ധിക്കുന്നതിനാലാണിത്.
ഇന്‍ഹെരിറ്റന്‍സ് ടാക്‌സ് നല്‍കുന്നതിനുള്ള പരിധിയും 2027/28 വ്രെ മരവിപ്പിക്കും. ഇതുവഴി അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 11.8 ബില്യണ്‍ പൗണ്ട് സംഭരിക്കാനാകും. അതുപോലെ പെന്‍ഷന്‍ സേവിംഗ്‌സിനു പുറത്തുള്ള ലൈഫ്ടം അലവന്‍സ് അടുത്ത അഞ്ചു വര്‍ഷത്തേക്ക് 10,73,100 പൗണ്ട് ആയി നിലനിര്‍ത്തുക വഴി 3.2 ബില്യണ്‍ പൗണ്ടും സംഭരിക്കാനാകും. അതുപോലെ വിന്‍ഡ്ഫാള്‍ ടാക്‌സ് നിരക്ക് 35 ശതമാനമാക്കുകയും, അത് അടുത്ത അഞ്ചു വര്‍ഷം തുടരുകയും ചെയ്യുക വഴി അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 45 ബില്യന്‍ പൗണ്ട് സംഭരിക്കാന്‍ കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല