1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2021

സ്വന്തം ലേഖകൻ: ബ്രിട്ടീഷ് ചാൻസലർ റിഷി സുനക് ബുധനാഴ്ച്ച സഭയിലെത്തുക മാജിക് ബജറ്റുമായി. കോവിഡ് മഹാമാരിമൂലം വലഞ്ഞിരിക്കുന്ന സാധാരണക്കാർക്ക് ആശ്വാസകരമായ ബഡ്ജറ്റായിരിക്കും അവതരിപ്പിക്കുകയെന്നാണ് മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. മരവിപ്പിച്ചിരിക്കുന്ന പൊതുമേഖലാ ശമ്പള വർദ്ധനവ് പുനഃസ്ഥാപിച്ച് ദേശീയ മിനിമം വേതനം വർദ്ധിപ്പിക്കുക എന്നതാണ് ബജറ്റിൻ്റെ മുഖ്യ ആകർഷണം.

ഇതോടെ ഏകദേശം അഞ്ച് ദശലക്ഷം ബ്രിട്ടീഷുകാർക്ക് ശമ്പള വർദ്ധനവ് ലഭിക്കും. കോവിഡ് കാരണം 2.6 ദശലക്ഷം വരുന്ന അധ്യാപകർ, സിവിൽ സർവീസുകാർ, പോലീസ് ഓഫീസർമാർ എന്നിവരുടെ വേതനം എന്നിവ കഴിഞ്ഞ വർഷം ചാൻസലർ മരവിപ്പിച്ചിരുന്നു. ദേശീയ മിനിമം വേതനം 8.91 പൗണ്ടിൽ നിന്ന് 9.45 പൗണ്ടായി ഉയരുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷം മുതൽ ഏകദേശം രണ്ടു ദശലക്ഷത്തോളം ജീവനക്കാർക്ക് വാർഷിക വരുമാനത്തിൽ മിനിമം ആയിരം പൗണ്ടോളമാണ് അധികമായി ലഭിക്കുക.

ബ്രിട്ടീഷുകാർക്ക് കൂടുതൽ ശമ്പളം ലഭിക്കാൻ അർഹതയുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അഞ്ച് ശതമാനം വർദ്ധനവിനുള്ള സാധ്യത തെളിയുന്നത്. കൂടാതെ 2024ൽ നടക്കാനിരിക്കുന്ന അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ദേശീയ മിനിമം വേതനം 10 പൗണ്ട് എന്ന ലക്ഷ്യത്തിലെത്തിച്ചതായി കൺസർവേറ്റീവുകൾക്ക് അവകാശപ്പെടാം.

ലേബർ പാർട്ടിയും കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് മിനിമം വേതനം പത്ത് പൗണ്ടാക്കുമെന്ന വാഗ്ദാനം നൽകിയിരുന്നു. നിലവിൽ ലോ പേ കമ്മീഷൻ നിർദേശ പ്രകാരം 23 വയസും അതിൽ കൂടുതലുമുള്ള ബ്രിട്ടീഷുകാർക്ക് ഒരു മണിക്കൂറിന് കുറഞ്ഞത് 8.91 പൗണ്ട് ലഭിക്കാൻ അർഹതയുണ്ട്. 21, 22 പ്രായക്കാർക്ക് കുറഞ്ഞ വേതനം 8.36 പൗണ്ടാണ്. ലോ പേ കമ്മീഷൻ ഇന്ന് ചാൻസലർക്ക് അവരുടെ ശുപാർശകൾ സമർപ്പിക്കും.

അതേസമയം ശമ്പള വർധനവ് ചെറുകിട ബിസിനസുകൾക്ക് ഉണ്ടാക്കുന്ന അമിത ഭാരത്തെക്കുറിച്ച് ട്രഷറിയ്ക്ക് ആശങ്കയുണ്ട്.
കുറഞ്ഞ വേതനവും കുറഞ്ഞ വളർച്ചയും കുറഞ്ഞ നൈപുണ്യവും കുറഞ്ഞ ഉൽപാദനക്ഷമതയും ഉള്ള പഴയ തകർന്ന മാതൃകയിലേക്ക് തങ്ങൾ തിരികെ പോകില്ലെന്നും, ശമ്പളം കൂട്ടണമെന്നും ഈ മാസം മാഞ്ചസ്റ്ററിൽ നടന്ന കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിൽ പ്രധാനമന്ത്രി ശക്തമായിആവശ്യപ്പെട്ടിരുന്നു.

തൊഴിലാളികളുടെ കുറവ് നികത്താനുള്ള ശ്രമത്തിൽ ഷോപ്പുകളും ഹാലിയറുകളും ഇതിനകം വേതനം വർദ്ധിപ്പിക്കാൻ നിർബന്ധിതരായിട്ടുണ്ട്. ക്രിസ്തുമസിനോട് അനുബന്ധിച്ച് ആയിരക്കണക്കിന് താത്കാലിക ജീവനക്കാരെ എടുക്കാൻ സൂപ്പർമാർക്കറ്റുകളും രംഗത്തുണ്ട്. മാത്രമല്ല എച്ച് ജി വി ഡ്രൈവർ കുറവുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങൾ ബുദ്ധിമുട്ടുന്നതിനാൽ, ലോറി ഡ്രൈവർമാർക്ക് 1,000 പൗണ്ട് ബോണസും ഉയർന്ന വേതനവുമാണ് നിലവിൽ കമ്പനികളുടെ വാഗ്ദാനം. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാവും സുനകിൻ്റെ മാജിക് ബജറ്റെന്നാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.