
സ്വന്തം ലേഖകൻ: മൂന്ന് സീറ്റുകളിലേക്ക് നടന്ന ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ രണ്ടിടത്ത് തോല്‍വിയടഞ്ഞതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ കലഹം രൂക്ഷമായി. പാര്‍ട്ടിയുടെ സുരക്ഷിതമെന്ന് കരുതിയിരുന്ന രണ്ട് സീറ്റുകളിലാണ് ലേബറും, ലിബറല്‍ ഡെമോക്രാറ്റുകളും വിജയിച്ച് കയറിയത്. എന്നാല്‍ ഉക്‌സ്ബ്രിഡ്ജ് & സൗത്ത് റൂയിസ്ലിപ് മണ്ഡലത്തില്‍ പിടിച്ചുനിന്നതിന്റെ പേരിലാണ് അടുത്ത തെരഞ്ഞെടുപ്പില്‍ കീഴടങ്ങേണ്ടി വരില്ലെന്ന് പ്രധാനമന്ത്രി റിഷി സുനാക് ഓര്‍മ്മിപ്പിക്കുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ രാജിവെയ്ക്കുകയും, സുനാക് കൂടുതല്‍ ടോറി അജണ്ടകള്‍ നടപ്പാക്കുകയും വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി എംപിമാര്‍ ആവശ്യപ്പെട്ടു.
സെല്‍ബി & എയിന്‍സ്റ്റിയില്‍ വമ്പന്‍ ഭൂരിപക്ഷത്തിലാണ് ലേബര്‍ സ്ഥാനാര്‍ത്ഥിയുടെ വിജയം. ഇതില്‍ ആഘോഷിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍ രംഗത്തിറങ്ങിയത് കണ്‍സര്‍വേറ്റീവുകളെ ആശങ്കപ്പെടുത്തുകയാണ്. സോമേര്‍ട്ടന്‍ & ഫ്രോമില്‍ ലിബറല്‍ ഡെമോക്രാറ്റുകളും അട്ടിമറി വിജയം കരസ്ഥമാക്കി. സെല്‍ബിയിലെ ടോറി പ്രചരണങ്ങള്‍ വളരെ മോശമായതോടെയാണ് 21,000 പതിവ് ടോറി വോട്ടര്‍മാര്‍ വീട്ടില്‍ തുടര്‍ന്നതെന്നാണ് ഒരു പാര്‍ട്ടി എംപി പ്രതികരിക്കുന്നത്.
പാര്‍ട്ടി ചെയര്‍മാന്‍ ഗ്രെഗ് ഹാന്‍ഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ കൈവിട്ട നിലയിലാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി. പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ 2019 പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സുനാക് തയ്യാറാകണമെന്ന് മറ്റൊരു മുന്‍ മന്ത്രിയും ആവശ്യപ്പെട്ടു. ടാക്‌സ് വെട്ടിക്കുറയ്ക്കണമെന്നും ടോറി എംപിമാര്‍ ആവശ്യപ്പെട്ടു.
ബോറിസ് ജോണ്‍സന്റെ ഉക്‌സ്ബ്രിഡ്ജില്‍ സീറ്റില്‍ ടോറികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതാണ് സുനാകിന് രക്ഷയായത്. വെസ്റ്റ് ലണ്ടനിലെ ഉക്‌സ്ബ്രിഡ്ജ് & സൗത്ത് റൂയിസ്ലിപ്പിലെ സീറ്റില്‍ 500 വോട്ടില്‍ താഴെ ഭൂരിപക്ഷത്തിനാണ് കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥി പിടിച്ച് കയറിയത്.
യുകെയില്‍ പ്രധാനമന്ത്രി റിഷി സുനാകിന്റെയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും ഭാവി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ മൂന്ന് സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് ആയിരുന്നു ഇത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലെല്ലാം ലേബര്‍ പാര്‍ട്ടിക്ക് ടോറികളേക്കാള്‍ രണ്ടക്ക സംഖ്യ ഭൂരിപക്ഷം അധികമുണ്ടാകുമെന്നാണ് വെളിപ്പെട്ടത്. ഇവിടങ്ങളിലെ പരാജയം നിലവില്‍ തന്നെ കടുത്ത അഭ്യന്തര കലാപത്തിലായ ടോറികളെ കൂടുതല്‍ വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും സര്‍ക്കാരിന്റെയും സുനകിന്റെയും നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്.
മൂന്ന് സീറ്റുകളും നിലവില്‍ ടോറികളുടേതാണെന്നതിനാല്‍ അവയിലെ പരാജയം ഭരണകക്ഷിക്ക് കടുത്ത പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുകയെന്നുമാണ് പൊളിറ്റിക്കല്‍ എക്‌സ്പര്‍ട്ടുകള്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പേകിയത്. എക്‌സിറ്റ് പോളുകളിലൂടെ വെളിപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ വികാരം വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലും തുടര്‍ന്നാല്‍ സുനകിന്റെ പാര്‍ട്ടിക്ക് അത് കടുത്ത തോല്‍വികളായിരിക്കും സമ്മാനിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രാജി വച്ച ഒഴിവിലാണ് ഉക്സ് ബ്രിഡ്ജില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബോറിസ് ആകട്ടെ സുനകിനെ വീഴ്ത്താനുള്ള തന്ത്രങ്ങളിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല