1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2023

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ചാൾസ് രാജാവിന്റെ കിരീടധാരണത്തോട് അനുബന്ധിച്ചു കോഹിനൂർ വജ്രം ക്വീൻ കൺസോർട്ടായ കാമില കിരീടധാരണത്തിൽ ഉപയോഗിക്കില്ലെന്നു ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. പകരം ക്വീൻ മേരിയുടെ കിരീടം അണിയിക്കും. മേയ് 6 ലെ കിരീടധാരണത്തിനായി ക്വീൻ മേരിയുടെ കിരീടം വലുപ്പം മാറ്റുന്നതിനായി ലണ്ടൻ ടവറിൽ നിന്നു പുറത്തെടുത്തു.

സമീപകാല ചരിത്രത്തിൽ ആദ്യമായാണു നിലവിലുള്ള ഒരു കിരീടം കിരീടധാരണത്തിനായി പുനഃക്രമീകരിക്കുന്നത്. കിരീടത്തിൽ എലിസബത്ത് രാജ്ഞിയുടെ ആഭരണങ്ങളിൽ നിന്നുള്ള വജ്രങ്ങളും ചേർക്കും. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ചാൾസ് രാജാവിനൊപ്പം കിരീടമണിയുന്ന കാമിലയ്ക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് പൊതു പരിപാടികൾ റദ്ദാക്കേണ്ടിവന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കട്ട് വജ്രങ്ങളിലൊന്നായ കോഹിനൂരിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും തർക്കത്തിലാണ്.

കോഹിനൂർ ഉപയോഗിച്ചാൽ ഇന്ത്യയുമായി നയതന്ത്ര തർക്കമുണ്ടാകുമോ എന്ന ആശങ്കയും ബ്രിട്ടന് ഇപ്പോൾ ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിൽ എലിസമ്പത്ത് രാജ്ഞിയുടെ കിരീടധാരണത്തിൽ ഉപയോഗിച്ച വജ്രത്തിന്റെ ശരിയായ ഉടമ തങ്ങളാണെന്ന് ഇന്ത്യ നിരവധി അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

1947 ലാണ് ഇന്ത്യാ ഗവൺമെന്റ് കോഹിനൂർ തിരികെ നൽകണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്. 1953ൽ ഇന്ത്യ വീണ്ടും ആവശ്യം ഉന്നയിച്ചു. എന്നാൽ ബ്രിട്ടീഷ് ഗവൺമെന്റ് നിരസിക്കുകയാണ് ഉണ്ടായത്. 1976ൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോ കോഹിനൂർ വേണം എന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ജയിംസ് കാലഗനു കത്തെഴുതി. മറുപടി കത്തിൽ കോഹിനൂർ ഒരു രാജ്യത്തിനും കൈമാറുന്നതല്ല എന്നു ബ്രിട്ടൻ വ്യക്തമാക്കി.

തുടർന്നു ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഇന്ത്യ സന്ദർശിച്ചപ്പോൾ കോഹിനൂർ നൽകണമെന്ന ആവശ്യം ഇന്ത്യ വീണ്ടും ഉന്നയിച്ചു. നൽകാൻ കഴിയില്ലെന്ന് ഡേവിഡ് കാമറൂൺ മറുപടിയും നൽകി. തുടർന്ന് പലപ്പോഴും ഇന്ത്യ ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ എലിസബത്ത് രാജ്ഞിയുടെ മരണശേഷവും ഇതേ ആവശ്യം ഉയർന്നിരുന്നു. തിരികെ നൽകാതിരിക്കാൻ ബ്രിട്ടൻ പറയുന്ന കാരണങ്ങളിലൊന്നു വിക്ടോറിയ രാജ്ഞിക്കു സമ്മാനം ലഭിച്ചതാണ് കോഹിനൂർ എന്നാണ്. മറ്റൊന്ന് യഥാർഥ അവകാശിയെ സംബന്ധിച്ചു വ്യക്തമായ ചരിത്രരേഖകൾ ഇല്ലായെന്നുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.