1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2021

സ്വന്തം ലേഖകൻ: യുകെയിൽ കെയർ ഹോം ജീവനക്കാർക്കുള്ള 2 ഡോസ് വാക്സിൻ നിബന്ധന. കെയര്‍ ഹോമുകളിലെ ജീവനക്കാര്‍ രണ്ട് ഡോസ് വാക്‌സിനേഷന്‍ നേടാനുള്ള സമയപരിധി ഇന്ന് തന്നെ അവസാനിക്കും. ഇരട്ട ഡോസ് വാക്‌സിനേഷന്‍ നേടാത്ത ആയിരങ്ങള്‍ കെയര്‍ ഹോമുകളിലെ ജോലികളില്‍ നിന്നും ഇതോടെ പുറത്താകും. എന്‍എച്ച്എസിനോട് കാണിച്ച വിട്ടുവീഴ്ച ഇംഗ്ലണ്ടിലെ കെയര്‍ ഹോമുകള്‍ക്കു കിട്ടിയില്ലെന്ന ആക്ഷേപവും ശക്തമാണ്.

എന്നാല്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ കെയര്‍ ഹോമുകള്‍ക്ക് സാധിക്കുമെന്ന നിലപാടാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പങ്കുവെച്ചത്. ജീവനക്കാരുടെ ക്ഷാമം മൂലം ഇന്ന് മുതല്‍ നൂറുകണക്കിന് കെയര്‍ ഹോമുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് യൂണിയനുകളുടെ വാദം. മഹാമാരി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മേഖലയില്‍ ഒരു ലക്ഷം ജീവനക്കാരുടെ കുറവാണ് നേരിട്ടിരുന്നത്.

എന്നാല്‍ ഈ വാദങ്ങളില്‍ കഴമ്പില്ലെന്നും രോഗസാധ്യത അധികമുള്ള അന്തേവാസികളെ സംരക്ഷിക്കാന്‍ ഈ നയം അനിവാര്യമാണെന്നാണ് മന്ത്രിമാരുടെ ന്യായം. പ്രെസ്റ്റണ് സമീപമുള്ള കെയര്‍ ഹോം എല്ലാ അന്തേവാസികള്‍ക്കും ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ നല്‍കിയതിന് അവാര്‍ഡ് നേടുകയും ചെയ്തു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം പത്തില്‍ ഒന്‍പത് ജീവനക്കാരും ഡബിള്‍ ഡോസ് വാക്‌സിന്‍ നേടിയിട്ടുണ്ട്.

നിയമം നടപ്പിലാകുന്നതോടെ പ്രായമായ അന്തേവാസികള്‍ മരിക്കുമെന്ന വാദങ്ങള്‍ സാജിദ് ജാവിദ് തള്ളി. നയം മേഖലയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വാദിക്കുന്നു. എന്നാല്‍ വിന്റര്‍ കടന്നുകിട്ടുന്നത് വരെ കെയര്‍ ഹോമുകള്‍ക്ക് നിയമം നടപ്പാക്കാന്‍ സമയം നല്‍കണമെന്നാണ് ഇന്‍ഡിപെന്‍ഡന്റ് കെയര്‍ ഗ്രൂപ്പ് ചെയര്‍ മൈക് പാഡ്ഘാം ആവശ്യപ്പെടുന്നത്. എന്‍എച്ച്എസ് ജോലിക്കാര്‍ക്ക് ഡബിള്‍ ഡോസ് നിബന്ധന പാലിക്കാന്‍ ഏപ്രില്‍ വരെ സമയം അനുവദിച്ചിരുന്നു.

വാക്‌സിനെടുക്കുന്നതിന് പകരം രാജിവെയ്ക്കുകയാണെന്ന് അറിയിച്ച് പല ജീവനക്കാരും കുറിപ്പ് എഴുതിവെച്ച് മടങ്ങുന്നതായി സറെയിലെ കെയര്‍ ഹോം മാനേജര്‍ നിക്കി ഗില്ലെറ്റ് പറഞ്ഞു. ഏഴ് വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള ജോലിക്കാരാണ് വാക്‌സിന്റെ പേരില്‍ ജോലി ഉപേക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.