
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ കൂടുതല്‍ പ്രാദേശിക കൗണ്‍സിലുകള്‍ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. നികുതികളെക്കുറിച്ചും ചെലവിടല്‍ പദ്ധതികളെക്കുറിച്ചും സര്‍ക്കാര്‍ പ്രഖ്യാപനം കഴിഞ്ഞ മാസം ഉണ്ടായതിനെ തുടര്‍ന്നാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ആശങ്കപ്പെട്ട് കൂടുതല്‍ പ്രാദേശിക കൗൺസിൽ നേതാക്കൾ രംഗത്ത് എത്തിയിരിക്കുന്നത്.
ഓട്ടം സ്റ്റേറ്റ്മെന്റില്‍ സര്‍ക്കാര്‍ വകയിരുത്തിയ ഫണ്ടിങ് അപര്യാപ്തത മൂലം കൗൺസിലുകൾക്ക് കൂടുതൽ കടം ബാങ്കുകളിലുണ്ടാകുന്ന അവസ്ഥയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങളനുസരിച്ച് ഫ്രണ്ട് ലൈന്‍ സര്‍വീസുകള്‍ക്കുള്ള ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ചിരിക്കുന്നത് കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന് നിരവധി വലിയ കൗണ്‍സിലുകള്‍ സര്‍ക്കാരിനെഴുതിയ കത്തില്‍ മുന്നറിയിപ്പ് നൽകി.
ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവുകള്‍ ഭരിക്കുന്ന 26 കൗണ്‍സിലുകളും മുന്നറിയിപ്പ് നൽകി എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇപ്പോഴുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് കൗണ്‍സിലുകളുമായി ചര്‍ച്ചയ്ക്ക് തുറന്ന മനസ്സോടെ തയ്യാറാണെന്നാണ് സർക്കാർ പ്രതികരണം.
കഴിഞ്ഞ മാസം സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓട്ടം സ്റ്റേറ്റ്മെന്റിനെ തുടര്‍ന്ന് ബ്രിട്ടനിലെ കൗണ്‍സിലുകളെ പ്രതിനിധീകരിക്കുന്ന ബോഡികളായ ലോക്കല്‍ ഗവണ്മെന്റ് അസോസിയേഷനും (എല്‍ജിഎ) കൗണ്ടി കൗണ്‍സില്‍ നെറ്റ് വര്‍ക്കും (സിസിഎന്‍) തങ്ങളുടെ മെമ്പര്‍മാരായ കൗണ്സിലുകള്ക്കിടയില് നടത്തിയ സ്നാപ്പ് സര്‍വേകളില്‍ ഇത് സംബന്ധിച്ച ആശങ്ക ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്.
കൗണ്‍സിലുകള്‍ നേരിടാനിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ഇതിലൂടെ സ്ഥിരീകരിക്കപ്പെടുമെന്നാണ് എല്‍ജിഎ പറയുന്നത്. ഇത് പ്രകാരം ഏതാണ്ട് അഞ്ചിലൊന്ന് കൗണ്‍സിലുകളും ഇത്തവണയോ അല്ലെങ്കില്‍ അടുത്ത വര്‍ഷമോ ഫണ്ടുകളുടെ കാര്യത്തില്‍ കടുത്ത പ്രതിസന്ധി നേരിടുമെന്നും എല്‍ജിഎ എടുത്ത് കാട്ടുന്നു.
സെക്ഷന്‍ 114 നോട്ടീസ് പുറപ്പെടുവിച്ച് ഏറ്റവും ഒടുവിലായി നോട്ടിങ്ഹാം സിറ്റി കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ നോട്ടീസ് പുറപ്പെടുവിച്ച് സമീപകാലത്തായി നിരവധി കൗണ്‍സിലുകളാണ് രംഗത്ത് എത്തിയിട്ടുള്ളത്. ജനങ്ങള്‍ക്കുള്ള അവശ്യ സേവനങ്ങൾ പോലും നിര്‍ത്തി വയ്ക്കാന്‍ നിരവധി കൗണ്‍സിലുകള്‍ നിര്‍ബന്ധിതരാകുമെന്ന മുന്നറിയിപ്പും ശക്തമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല