
സ്വന്തം ലേഖകൻ: യുകെയില്‍ ഭരണാകകക്ഷിയായ കണ്‍സര്‍വേറ്റിവുകള്‍ക്കു നാണക്കേടായി മറ്റൊരു എംപി കൂടി ലൈംഗികാരോപണക്കേസില്‍. ബലാല്‍സംഗക്കേസില്‍ കണ്‍സര്‍വേറ്റിവ് എംപിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ അറസ്റ്റിലായ എംപിയുടെ പേര് പുറത്തുവിട്ടിട്ടില്ല. 2002 നും 2009 നും ഇടയിലുള്ള ആരോപണങ്ങളുടെ പേരില്‍ ഒരാള്‍ കസ്റ്റഡിയിലാണെന്ന് മെട്രോപൊളിറ്റന്‍ പോലീസ് സ്ഥിരീകരിച്ചു.
ചൊവ്വാഴ്ചയും പോലീസ് കസ്റ്റഡിയിലുള്ള ടോറി എംപിയ്‌ക്കെതിരെ ബലാല്‍സംഗക്കേസിനു പുറമെ മോശം രീതിയിലുള്ള അക്രമത്തിനും, പദവിയിലുള്ള വിശ്വാസ്യത ദുരുപയോഗം ചെയ്തതിനും, പബ്ലിക് ഓഫീസിലെ മോശം പെരുമാറ്റത്തിനും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ആരോപിക്കപ്പെടുന്നതായി സ്‌കോട്ട്‌ലണ്ട് യാര്‍ഡ് വ്യക്തമാക്കി.
50-കളില്‍ പ്രായമുള്ള ബാക്ക്‌ബെഞ്ചര്‍ എംപിയാണ് ബലാത്സംഗ കേസില്‍ കുടുങ്ങിയിരിക്കുന്നത് എന്നാണ് വിവരം. പോലീസ് അന്വേഷണം പൂര്‍ത്തിയായ ശേഷമാകും എംപിക്ക് വിപ്പ് സുരക്ഷ ലഭിക്കുമോയെന്ന കാര്യത്തില്‍ തീരുമാനം വരിക. അന്വേഷണം നടക്കുമ്പോള്‍ ബലാത്സംഗ കേസിലെ പ്രതിയായ എംപി പാര്‍ലമെന്ററി എസ്റ്റേറ്റില്‍ എത്തരുതെന്ന് ചീഫ് വിപ്പ് ക്രിസ് ഹീറ്റണ്‍ ഹാരിസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എംപിയെ വെസ്റ്റ്മിന്‍സ്റ്റര്‍ പാലസില്‍ നിന്നും വിലക്കണമെന്ന് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ കേസില്‍ കുടുങ്ങിയ എംപിയുടെ പേര് വെളിപ്പെടുത്തേണ്ടെന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തീരുമാനം മറ്റ് എംപിമാരെ രോഷാകുലലാക്കിയിട്ടുണ്ട്. ഇത് തങ്ങളെയും സംശയ മുനയിലാക്കുമെന്നാണ് അവരുടെ വാദം. കോമണ്‍സില്‍ നീലച്ചിത്രം കണ്ടതിന്റെ പേരില്‍ ടിവേര്‍ടണ്‍ & ഹോണിടണ്‍ സീറ്റില്‍ നിന്നും ടോറി എംപി നീല്‍ പാരിഷിന് അടുത്തിടെ രാജിവെയ്‌ക്കേണ്ടി വന്നിരുന്നു. ഇദ്ദേഹത്തിന്റെ പേര് വ്യക്തമാകുന്നത് വരെ മറ്റ് എംപിമാര്‍ സമ്മര്‍ദ്ദത്തിലായിരുന്നു.
അമ്പതിലധികം എംപിമാര്‍ക്കെതിരെ പീഡനം മുതല്‍ ഗുരുതരമായ തെറ്റുകള്‍ വരെ, പാര്‍ലമെന്ററി വാച്ച്ഡോഗ് വെളിപ്പെടുത്തുന്നു. പാര്‍ലമെന്റിന്റെ സ്വതന്ത്ര പരാതി സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം കുറഞ്ഞത് 56 എംപിമാര്‍ ലൈംഗികാരോപണം നേരിടുന്നു. സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, 56 പേരില്‍ 70 ഓളം പരാതികള്‍ ഇന്‍ഡിപെന്‍ഡന്റ് കംപ്ലയിന്റ്സ് ആന്‍ഡ് ഗ്രീവന്‍സ് സ്കീമില്‍ (ഐസിജിഎസ്) സമര്‍പ്പിച്ചിട്ടുണ്ട്. ലൈംഗികാതിക്രമം മുതല്‍ ഗുരുതരമായ തെറ്റുകള്‍ വരെയുള്ള കുറ്റങ്ങളാണ് ആരോപണങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
മിക്ക കേസുകളിലും പരാതികള്‍ മൂന്നാം കക്ഷികള്‍ നല്‍കിയതാണെന്നും ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും പത്രം പറയുന്നു. 2008ല്‍ 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഇമ്രാന്‍ അഹമ്മദ് ഖാന്‍ എംപി രാജിവച്ചതിനെ തുടര്‍ന്നാണിത് പുറത്തുവന്നിരിക്കുന്നത്. 2008 ജനുവരിയില്‍ സ്റ്റാഫോര്‍ഡ്‌ഷെയറിലെ ഒരു പാര്‍ട്ടിയില്‍ കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയത് ഖാന്‍ നിഷേധിച്ചിരുന്നുവെങ്കിലും വിചാരണയ്ക്ക് ശേഷം ശിക്ഷിക്കപ്പെട്ടു.
കൗമാരക്കാരനെ നിര്‍ബന്ധിച്ച് കുടിപ്പിക്കുകയും വലിച്ചിഴയ്ക്കുകയും ആക്രമിക്കുന്നതിന് മുമ്പ് അശ്ലീലം കാണാന്‍ ആവശ്യപ്പെടുകയും ചെയ്തതായി സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതി കേട്ടു. ഇപ്പോള്‍ 29 വയസുള്ള പരാതിക്കാരന്‍, ആക്രമണം തന്നെ ഭയപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തുവെന്ന് പറഞ്ഞു. ആ സമയത്ത് പോലീസിനെ വിളിച്ചെങ്കിലും കൗമാരക്കാരന്‍ കേസ് തുടരാന്‍ തയ്യാറായില്ലെന്ന് കോടതിയെ അറിയിച്ചു.
2019-ല്‍ ഖാന്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്ന് അറിഞ്ഞതിന് ശേഷം പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ആ വ്യക്തി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടു. ഖാന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പോലീസിനെ വിളിക്കുകയായിരുന്നു.
ടോറി എംപി ഡേവിഡ് വാര്‍ബര്‍ട്ടനെതിരെ പാര്‍ലമെന്ററി അന്വേഷണം ആരംഭിച്ചതിന് ശേഷം അദ്ദേഹത്തെ മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിരുന്നു.
വാര്‍ബര്‍ട്ടനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഡേവിഡിനെതിരെ ഉയര്‍ന്ന മൂന്ന് ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുകയാണെന്ന് കണ്‍സര്‍വേറ്റീവ് വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ലമെന്റിന്റെ ഇന്‍ഡിപെന്‍ഡന്റ് കംപ്ലയിന്റ്സ് ആന്‍ഡ് ഗ്രീവന്‍സ് സ്കീമും (ഐസിജിഎസ്) അന്വേഷണം നടത്തിവരുന്നു. 2015 മുതല്‍ സോമര്‍ട്ടണ്‍ & ഫ്രോം എംപിയാണ് ഡേവിഡ്.
ഡേവിഡിനെതിരെ മൂന്നു സ്ത്രീകള്‍ പരാതിപ്പെട്ടതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒപ്പം ഇദ്ദേഹം കൊക്കെയ്ന്‍ ഉപയോഗിച്ചതായും ആരോപണമുണ്ട്. യൂറോപ്യന്‍ സൂക്ഷ്മപരിശോധന കമ്മിറ്റി മുന്‍ അംഗമായ ഡേവിഡ്, ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പം സോമര്‍സെറ്റിലെ സോമര്‍ട്ടണിനടുത്താണ് താമസിക്കുന്നത്. 56 കാരനായ വാര്‍ബര്‍ട്ടന്‍ 2015 മുതല്‍ സോമര്‍ട്ടണ്‍, ഫ്രോം എന്നിവിടങ്ങളില്‍ എംപിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല