1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2021

സ്വന്തം ലേഖകൻ: യുകെയിൽ കോൺടാക്ട്‍ലെസ് പേയ്മെന്റ് ലിമിറ്റ് 100 പൗണ്ടായി ഉയർത്തുന്നു. പേയ്മെന്റ് പരിധി ഉയർത്തുമെന്ന് കഴിഞ്ഞ ബജറ്റിൽ ചാൻസിലർ ഋഷി സുനാക് പ്രഖ്യാപിച്ച തീരുമാനമാണ് ഒക്ടോബർ 15 മുതൽ പ്രാബല്യത്തിലാകുന്നത്. നിലവിൽ 45 പൗണ്ടാണ് ക്രഡിറ്റ്- ഡെബിറ്റ് കാർഡുകളുടെ കോൺടാക്ട്‍ലെസ് പേയ്മെന്റ് ലിമിറ്റ്.

പേയ്മെന്റ് ലിമിറ്റ് ഉയർത്തുന്നത് ഇടപാടുകൾ എളുപ്പമാക്കുമെങ്കിലും ഇത് കാർഡ് മോഷണവും കുറ്റകൃത്യങ്ങളും പെരുകാൻ കാരണമാകുമെന്ന വിമർശനവും ശക്തമാണ്. 2007 മുതലാണ് ബ്രിട്ടനിൽ കോൺടാക്ട്‍ലെസ് പേയ്മെന്റ് സംവിധാനം ആരംഭിച്ചത്. അന്ന് 10 പൗണ്ടായിരുന്നു ഇത്തരത്തിൽ പേ ചെയ്യാവുന്ന ലിമിറ്റ്. 2012ൽ ഇത് 20 പൗണ്ടായും 2015ൽ 30 പൗണ്ടായും ഉയർത്തി.

പിന്നീട് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് തുകയുടെ പരിധി 45 പൗണ്ടാക്കിയത്. ഇതാണ് ഒക്ടോബർ 15 മുതൽ 100 പൗണ്ടായി വീണ്ടും ഉയർത്തുന്നത്. കറൻസി നോട്ടുകളുടെ ക്രയവിക്രയം വിപണിയിൽ കുറയ്ക്കുന്നതിന് ഏറെ സഹായകമായ കണ്ടുപിടുത്തമായിരുന്നു കോൺടാക്ട്‍ലെസ് പേയ്മെന്റ് സംവിധാനം.

ഫോൺ പേയും ആപ്പിൾ വാച്ചും മറ്റും ഉപയോഗിക്കുന്നവർക്ക് ഇനിമുതൽ കൂടിയ തുകയ്ക്കും ഇത്തരത്തിൽ ഒറ്റ ടച്ചുകൊണ്ട് പണമടയ്ക്കാം. പുതിയ തീരുമാനം ഫ്യൂവൽ ഫില്ലിംങ്ങും ഷോപ്പിംങ്ങുമെല്ലാം കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കുമെന്ന് ചാൻസിലർ ഋഷി സുനാക് അവകാശപ്പെട്ടു. എന്നാൽ ഡെബിറ്റ് – ക്രെഡിറ്റ് കാർഡ് തട്ടിപ്പ് കുതിച്ചുയരാൻ ഇത് കാരണമാകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റി ആൻഡ് ക്രൈം സയൻസിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.