1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2023

സ്വന്തം ലേഖകൻ: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചു. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് താൽപര്യം അറിയിച്ചത്.

സംസ്ഥാനം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആ മേഖലയിൽ ബ്രിട്ടനുമായി സഹകരണത്തിന് ധാരാളം സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എജ്യൂക്കേഷൻ വേൾഡ് ഫോറം നടത്താൻ ഉദ്ദേശിക്കുന്നതായി ഡെപ്യൂട്ടി ഹൈക്കമ്മിഷണർ അറിയിച്ചു. അതിൽ സഹകരിക്കുന്ന കാര്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പുമായും വൈസ് ചാൻസലർമാരുമായും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

സംസ്ഥാനത്തെ ഗ്രാഫീൻ സെന്റർ, ഇൻക്യുബേഷൻ സെന്റർ എന്നിവയിൽ ബ്രിട്ടൻ താൽപര്യം അറിയിച്ചിട്ടുണ്ട്. കേരളത്തിൽ സ്റ്റാർട്ടപ്പുകൾക്കും ഇന്നൊവേഷനുകൾക്കും മികച്ച പ്രോത്സാഹനം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബയോളജിക്കൽ സയൻസ് ഉൾപ്പെടെയുള്ള മേഖലകളിലും ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും സർവകലാശാലകളിൽ ഇൻക്യുബേഷൻ സെന്റർ ആരംഭിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജെൻഡർ അധിഷ്ഠിത നഗരവികസനവുമായി ബന്ധപ്പെട്ട് ജെൻഡർ പാർക്കുമായി ചേർന്ന് പഠനം നടത്താൻ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ആർക്കിടെക്ടറൽ വിദ്യാർത്ഥികളുടെ ടീം ഏപ്രിൽ, മേയ് മാസങ്ങളിൽ കോഴിക്കോട് ജെൻഡർ പാർക്ക് സന്ദർശിക്കും.

ഇന്ത്യയിലെ ഏറ്റവും മികവുറ്റ സംസ്ഥാനമെന്ന നിലയിൽ ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ കേരളവുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും കേരള, കർണാടക ചുമതലയുള്ള ഡെപ്യൂട്ടി ഹൈക്കമ്മിഷണർ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.