1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2021

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ 17 മെഗാ വാക്സീൻ ഹബ്ബുകൾ വഴി ഒരു മിനിറ്റിൽ 140 പേർക്ക് എന്ന നിരക്കിൽ വാക്സിനേഷൻ ലഭ്യമാക്കി.ഇസ്രയേൽ, യുഎഇ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ലോകത്ത് കൊവിഡ് വാക്സീനേഷൻ നിരക്കിൽ മൂന്നാമതാണ് ഇപ്പോൾ ബ്രിട്ടൻ. രാജ്യത്തൊട്ടാകെ ആശുപത്രികളിലൂടെയും ജിപി സെന്ററുകളിലൂടെയുമായി രണ്ടായിരത്തോളം കേന്ദ്രങ്ങളിലാണ് ഇപ്പോൾ വാക്സീൻ വിതരണം ഊർജിതമായി പുരോഗമിക്കുന്നത്.

ഇതിനു പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 17 മെഗാ വാക്സീൻ ഹബ്ബുകളും പ്രവർത്തനം തുടങ്ങി. കഴിഞ്ഞയാഴ്ച ആരംഭിച്ച ഏഴു ഹബ്ബുകൾക്കു പുറമേ പുതിയ പത്തു ഹബ്ബുകളാണ് ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചത്. ഇവിടങ്ങളിൽ ദിവസേന ആയിരക്കണക്കിന് ആളുകൾക്കാണ് പ്രതിരോധ കുത്തിവയ്പിന് സൗകര്യം ഒരുക്കുന്നത്. നഴ്സിംങ് ഹോമുകളിലും മറ്റും മൊബൈൽ യൂണിറ്റുകളാണ് വാക്സീൻ എത്തിക്കുന്നത്.

എൺപതു കഴിഞ്ഞവരും കെയർഹോം റസിഡൻസും ആരോഗ്യ പ്രവർത്തകരും സോഷ്യൽ കെയർ സ്റ്റാഫും ഉൾപ്പെടെ രാജ്യത്തൊട്ടാകെ 40 ലക്ഷത്തിലധികം ആളുകൾക്ക് ഇതിനോടകം വാക്സീന്റെ ആദ്യഡോസ് നൽകിക്കഴിഞ്ഞു. രാജ്യത്താകെ കൊവിഡ് ബാധിതരായവരുടെ എണ്ണത്തേക്കാൾ കൂടുതലാണിത്. എൺപതു വയസിനു മുകളിലുള്ളവർക്ക് എല്ലാംതന്നെ ആദ്യ ഡോസ് ലഭിച്ചു കഴിഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇതു പൂർത്തിയാക്കും.

ഇന്നു മുതൽ മിക്ക സ്ഥലങ്ങളിലും പ്രയോരിറ്റി ലിസ്റ്റിൽ രണ്ടാമതുള്ള എഴുപതു വയസിനു മുകളിലുള്ളവർക്കും, മറ്റ് ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നവർക്കും വാക്സീൻ നൽകിത്തുടങ്ങി. ഈ രണ്ട് കാറ്റഗറിയിലുമായി അമ്പത്തഞ്ച് ലക്ഷത്തോളം പേരാണുള്ളത്. ഇവർക്കും അറുപതു വയസിനു മുകളിലുള്ളവർക്കും ഫെബ്രുവരി 15നകം ആദ്യഡോസ് വാക്സീൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വാക്സീനേഷൻ നടപടികൾ പുരോഗമിക്കുന്ന മുറയ്ക്ക് മാർച്ച് ആദ്യവാരത്തോടെ ലോക്ഡൗൺ നിബന്ധനകൾ ലഘൂകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ടീച്ചർമാർ, പോസ്റ്റൽ-ടെലികോം ജീവനക്കാർ, പൊലീസ്- ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തുടങ്ങിയവരെയും പ്രയോരിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.

ഇതിനിടെ ഇന്നലെ രാജ്യത്ത് 599 പേർകൂടി കൊവിഡ് ബാധിച്ച് മരിച്ചു. 37,475 കൊവിഡ് രോഗികളാണ് ആശുപത്രികളിൽ മാത്രം ചികിൽസയിലുള്ളത്. ഓരോ മുപ്പത് സെക്കൻഡിലും ഒരു കൊവിഡ് രോഗി വീതം ആശുപത്രിയിൽ ആകുന്ന സ്ഥിതിയാണ് ഇപ്പോഴും ബ്രിട്ടനിൽ നിലവിലുള്ളതെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് വ്യക്തമാക്കി.

കൊവിഡ് വാക്സിൻ ലഭിച്ചവർ ഉടൻ തന്നെ പുറത്തിറങ്ങി ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നതാണ് സർക്കാർ നേരിടുന്ന പുതിയ വെല്ലുവിളി. വാക്സിനേഷൻ ലഭിച്ച ആളുകൾ COVID നിയമങ്ങൾ ലംഘിച്ചാൽ യുകെയിൽ കേസുകൾ വർദ്ധിക്കുമെന്ന് സേജ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. നിയമങ്ങൾ ‘സ്ഥിരമായി’ ലംഘിക്കുന്ന അയൽക്കാരുടെ മേൽ ഒരു കണ്ണ് വേണമെന്ന് പോലീസ് കഴിഞ്ഞ ദിവസം പൊതുജനങ്ങൾക്കുള്ള അറിയിപ്പിൽ വ്യക്തമാക്കിയത് പ്രശ്നത്തിന്റെ ഗൌരവം വർധിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.