1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2021

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഇന്നലെ മരിച്ചത് 1820 കൊവിഡ് രോഗികൾ! കുതിച്ചുയരുന്ന മരണനിരക്ക് പിടിച്ചു നിർത്താൻ എൻഎച്ച്എസിനെ സഹായിക്കാൻ പട്ടാളത്തിന്റെ സഹായം തേടിയിരിക്കുകയാണ് ബോറിസ് ജോൺസൺ സർക്കാർ. നഴ്സുമാരും ഡോക്ടർമാരുമടക്കം നല്ലൊരു ശതമാനം ആശുപത്രി ജാവനക്കാരും രോഗാവസ്ഥയിലായതാണ് പട്ടാളത്തിന്റെ സഹായം തേടുന്നത്.

ബ്രിട്ടനിൽ ഏറ്റവുമധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ട ദിവസങ്ങളാണ് കഴിഞ്ഞു പോകുന്നത്. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 95,829 ആയി. ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത് 38,905 പേർക്കാണ്. പുതുതായി രോഗികളാകുന്നവരുടെ എണ്ണത്തിലുള്ള നേരിയ കുറവു മാത്രമാണ് ഏക ആശ്വാസം.

നാൽപത്താറു ലക്ഷത്തിലേറെ ആളുകൾക്കാണ് ഇതിനോടകം വാക്സീന്റെ ആദ്യഡോസ് നൽകിയത്. അധ്യാപകരെയും പൊലീസിനെയും മറ്റ് അവശ്യസർവീസ് മേഖലയിൽ ജോലി ചെയ്യുന്നവരെയും വാക്സിനേഷന്റെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താനാണ് ശ്രമമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേലും പ്രധാനനമന്ത്രി ബോറിസ് ജോൺസണും വ്യക്തമാക്കി.

മിഡ് ലാൻസിലെ പ്രധാന ആശുപത്രികളായ ബർമിങാം ക്യൂൻ എലിസബത്ത് ആശുപത്രി, കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, വാർവിക് ഹോസ്പിറ്റൽ, വുൾവർഹാംപ്റ്റൺ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെല്ലാം സൈനിക സഹായത്തോടെയാണ് ഇപ്പോൾ ചികിൽസ പുരോഗമിക്കുന്നത്. ലണ്ടനിലും സൗത്ത് ഈസ്റ്റിലെ വിവിധ ആശുപത്രികളിലും ഇവരുടെ സേവനമുണ്ട്.

ഓരോ ആശുപത്രിയിലും ഏകദേശം ഇരുന്നൂറോളം സൈനികരുടെ സേവനമാണ് ലഭ്യമാക്കിയിട്ടുള്ളത്. നിലവിലെ സ്ഥിതി തുടർന്നാൽ താമസിയാതെ രാജ്യത്തെ കൂടുതൽ ആശുപത്രികളിലേക്കും സൈനികരുടെ സേവനം വ്യാപിപ്പിക്കേണ്ടി വരും. നാൽപതിനായിരത്തോളം പേരാണ് കൊവിഡ് ബാധിച്ച് തീവ്രപരിചരണം ആവശ്യമായ സ്ഥിതിയിൽ വിവിധ ആശുപത്രികളിലുള്ളത്.

ഇടതടവില്ലാതെ രോഗികളുമായി എത്തുന്ന ആംബുലൻസുകളും കിടക്കകളുടെ അപര്യാപ്തതയും വെന്റിലേറ്ററുകളുടെയും ഓക്സിജൻ സപ്ലൈയുടെയും ലഭ്യതക്കുറവും മരുന്നുകൾക്കായുള്ള ഓട്ടപ്പാച്ചിലുമെല്ലാം ചേർന്ന് ആശുപത്രി സംവിധാനങ്ങളേയും ജീവനക്കാരേയും തകർച്ചയുടെ വക്കിലെത്തിച്ചതായാണ് റിപ്പോർട്ടുകൾ. ഏതാണ്ട് മുഴുവൻ സമയവും അതീവ സമ്മർദത്തിന്റെ നടുവിലാണ് ജീവനക്കാർ. ആശുപത്രി സംവിധാനങ്ങളാകട്ടെ ശേഷിയുടെ പരമാവധി ഉപയോഗിക്കപ്പെട്ടു കഴിഞ്ഞു.

അതിനിടെ യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ കണ്ടെത്തിയ അതിതീവ്ര വ്യാപനശേഷിയുള്ള കൊവിഡ് 19 വൈറസിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കാൻ കഴിയുന്ന വാക്സീൻ തയാറാക്കാനൊരുങ്ങി ഓക്സ്ഫഡ്. എത്രയും പെട്ടെന്ന് വാക്സീന്റെ പുതിയ പതിപ്പുകൾ പുറത്തെത്തുമെന്ന് ഓക്സ്ഫഡ് ശാസ്ത്രജ്ഞർ അറിയിച്ചതായി ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.

ഈ മാസം 26ന് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ലണ്ടൻ- കൊച്ചി വിമാന സർവീസ് വീണ്ടും റദ്ദാക്കി. വന്ദേഭാരത് മിഷന്റെ ഒൻപതാം ഘട്ടത്തിൽ പെടുത്തി ജനുവരി 26,28,30 തിയതികളിലാണ് കൊച്ചിയിൽനിന്നുള്ള വിമാന സർവീസ് പുന:രാരംഭിക്കുമെന്ന് അറിയിച്ചിരുന്നത്. ഇത് റദ്ദാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം ചൊവ്വാഴ്ച രാവിലെ ഉത്തരവിറക്കിയത്.

ആഴ്ചയിൽ മൂന്നുദിവസമുള്ള ഈ സർവീസ് ജനുവരിക്കു ശേഷം തുടരുമോയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുമില്ല. 26,28, 30 തീയതികളിൽ കൊച്ചിയിൽനിന്നും ലണ്ടനിലേക്കും മടക്ക സർവീസിൽ തിരിച്ച് നാട്ടിലേക്കും ടിക്കറ്റ് ബുക്കുചെയ്തവർക്ക് ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നെ തുടങ്ങിയ വിമാനത്താവളങ്ങൾ വഴിയോ പിന്നീട് കൊച്ചിയിൽനിന്നും സർവീസ് തുടങ്ങുന്ന മുറയ്ക്കോ മാത്രമേ ഇനി യാത്ര സാധ്യമാകൂ.

ബ്രിട്ടനിലെ നിരവധി മലയാളി സംഘടനകളും വ്യക്തികളും സംയുക്തമായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് വന്ദേഭാരത് മിഷന്റെ ഒൻപതാം ഘട്ടത്തിൽ പെടുത്തി 26 മുതൽ കൊച്ചി സർവീസ് പുനരാരംഭിക്കാൻ തീരുമാനം വന്നത്.

ബ്രിട്ടനിലെ അനിയന്ത്രിതമായ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തലാക്കിയ വന്ദേ ഭാരത് മിഷൻ ജനുവരി എട്ടിന് പുനരാരംഭിച്ചപ്പോൾ പക്ഷേ, കൊച്ചിയെ അതിൽ ഉൾപ്പെടുത്തിയില്ല. ഇതിനെതിരെ ബ്രിട്ടനിലെ മലയാളികൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധങ്ങൾക്കും നിവേദനങ്ങൾക്കുമൊടുവിൽ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച ഷെഡ്യൂളുകളാണ് ഇപ്പോൾ വീണ്ടും റദ്ദാക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.