
സ്വന്തം ലേഖകൻ: ഭക്ഷ്യ വിലക്കയറ്റം, എനര്‍ജി ബില്ലുകള്‍, നികുതികള്‍ എന്നിവ മൂലം യുകെയില്‍ 50,000 പൗണ്ട് വരുമാനമുള്ളവര്‍ക്കും ജീവിക്കാന്‍ പറ്റാത്ത സ്ഥിതി! അപ്പോള്‍ സാധാരണക്കാരായവരുടെ അവസ്ഥ പറയാനുണ്ടോ.
ജീവിതച്ചെലവുകള്‍ പ്രതിസന്ധിയാകുമ്പോള്‍ ഇടത്തരക്കാര്‍ അവശ്യസാധനങ്ങള്‍ വാങ്ങുന്നത് വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
40,000 പൗണ്ട് മുതല്‍ 50,000 പൗണ്ട് വരെ വരുമാനമുള്ള കാല്‍ശതമാനത്തിലേറെ മുതിര്‍ന്ന ആളുകളാണ് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഭക്ഷണം പോലുള്ള അടിസ്ഥാന കാര്യങ്ങള്‍ക്കായി ചെലവുകള്‍ ചുരുക്കിയതായി വ്യക്തമാക്കുന്നത്. 50,000 പൗണ്ടിന് മുകളില്‍ വരുമാനമുള്ള അഞ്ച് ശതമാനത്തോളം ആളുകളും ചെലവ് ചുരുക്കുന്നതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി.
കുറഞ്ഞ വരുമാനമുള്ള ആളുകളെയാണ് ദുരിതം സാരമായി ബാധിച്ചിരിക്കുന്നത്. പത്തില്‍ നാല് പേര്‍ വീതമാണ് അവശ്യവസ്തുക്കളില്‍ ചെലവ് കുറച്ചിരിക്കുന്നത്. കുതിച്ചുയരുന്ന ബില്ലുകളില്‍ നിന്നും ഉയര്‍ന്ന വരുമാനക്കാരും രക്ഷപ്പെടുന്നില്ലെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 70,000 പൗണ്ട് മുതല്‍ 80,000 പൗണ്ട് വരെ വരുമാനം നേടുന്നവര്‍ക്കും സാമ്പത്തിക അരക്ഷിതാവസ്ഥ നേരിടുന്നതായാണ് ഗവേഷണം വ്യക്തമാക്കുന്നത്.
ഉയര്‍ന്ന വരുമാനമുള്ളവര്‍ അധികം ചെലവ് ചെയ്യുന്നവരും, വലിയ മോര്‍ട്ട്‌ഗേജും ഉള്ളവരാകുമെന്നതാണ് ഇതിലേക്ക് നയിക്കുന്നതെന്ന് വിഗ്ധര്‍ വ്യക്തമാക്കുന്നു. ഇതോടെ ബജറ്റില്‍ നിന്നും കാര്യമായി ഒന്നും ലാഭിക്കാന്‍ കഴിയില്ല. ഉയരുന്ന പലിശ നിരക്കുകള്‍ മൂലം കടം പെരുകുന്നതായി അനുഭവപ്പെടും. ഇത് സാമ്പത്തിക ഭാരമായി മാറുകയും ചെയ്യും.
ശരാശരി രണ്ട് വര്‍ഷത്തെ നിരക്ക് ഇപ്പോള്‍ 3.95 ശതമാനത്തിലാണ്. 2020 ആഗസ്റ്റില്‍ ഇത് 2.08 ശതമാനമായിരുന്നു. ഇതോടെ 400,000 പൗണ്ട് ഹോം ലോണുള്ളവര്‍ക്ക് പ്രതിമാസം 389 പൗണ്ട് അധിക ചെലവ് വരും. വര്‍ഷത്തില്‍ 4668 പൗണ്ടാണ് അധിക ചെലവ്.
ജീവിതച്ചെലവ് പ്രതിസന്ധികള്‍ മിഡില്‍-ക്ലാസ് കുടുംബങ്ങളെ വലയ്ക്കുന്നതിനിടെ കെയര്‍ ഹോം ഫീസും കുതിയ്ക്കുകയാണ്. പ്രായമായവരുടെ കെയര്‍ ഹോം ചെലവുകള്‍ ഉയര്‍ന്ന് വര്‍ഷത്തില്‍ 50,000 പൗണ്ട് വരെ വാര്‍ഷിക ഫീസ് എന്ന നിലയിലേയ്ക്ക് എത്തി. ഈ വര്‍ഷം മാത്രം അഞ്ച് ശതമാനം നിരക്ക് വര്‍ദ്ധനയാണ് നേരിട്ടത്. അന്തേവാസികളില്‍ കാല്‍ശതമാനം സ്വയം പണം നല്‍കുന്നവരാണ്. ഇതേ പ്രോപ്പര്‍ട്ടികളില്‍ സ്റ്റേറ്റ്-ഫണ്ട് സ്വീകരിക്കുന്ന അന്തേവാസികള്‍ക്കായി ലോക്കല്‍ അതോറിറ്റികള്‍ നല്‍കുന്നതിലും ഉയര്‍ന്ന തുകയാണ് നല്‍കേണ്ടി വരുന്നത്.
23,250 പൗണ്ടില്‍ കൂടുതല്‍ സേവിംഗ്‌സോ, മൂല്യമുള്ള വീടോ ഉണ്ടെങ്കില്‍ കെയറിന് സ്വന്തം കൈയില്‍ നിന്നും പണം കൊടുക്കണം. കൗണ്‍സിലുകള്‍ ആസ്തികളില്ലാത്തവര്‍ക്കായാണ് പണം മുടക്കുക. കെയര്‍ ഹോമുകളുടെ ബില്‍ കുറച്ച് നിര്‍ത്താന്‍ കൗണ്‍സില്‍ ബോസുമാരാണ് സ്ഥാനം ഉപയോഗിക്കുന്നത്.
എന്നാല്‍ എനര്‍ജി, ഫ്യുവല്‍ ബില്ലുകള്‍ ഉയരുമ്പോള്‍ ഈ ഭാരം പ്രൈവറ്റ് തുക നല്‍കുന്നവരുടെ തലയിലേക്ക് വിടുകയാണ് കെയര്‍ ഹോമുകള്‍. ഈ വര്‍ഷം 22 ശതമാനത്തിന്റെ ബില്‍ വര്‍ദ്ധനവാണ് പ്രൈവറ്റ് അന്തേവാസികള്‍ക്ക് നേരിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല