1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2022

സ്വന്തം ലേഖകൻ: യുകെയിലെ വിലക്കയറ്റവും ബില്ലുകളും കുടുംബ ബജറ്റിനെ തകിടം മറിച്ചതോടെ ജനരോഷം ശക്തമാണ്. കിട്ടുന്ന ശമ്പളം അപ്പാടെ ചെലവാകുന്ന സ്ഥിതിയാണ്. പണപ്പെരുപ്പം സര്‍വകാല റെക്കോര്‍ഡില്‍ എത്തി നില്‍ക്കുമ്പോള്‍ കാര്യങ്ങള്‍ ഒട്ടും സുഖകരമല്ല. ഈ പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ കടുത്ത തിരിച്ചടി അടുത്ത തെരഞ്ഞെടുപ്പില്‍ നല്‍കുമെന്നാണ് ജനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഡെയ്‌ലി മെയില്‍ നടത്തിയ സുപ്രധാന സര്‍വെയാണ് ബോറിസ് ജോണ്‍സന് മുന്നറിയിപ്പായി മാറുന്നത്. ജീവിതച്ചെലവ് കുതിച്ചുയരുന്ന വിഷയത്തില്‍ നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നിലം തൊടില്ലന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ അടിയന്തര നടപടിയാണ് ജനം ആഗ്രഹിക്കുന്നത്.

വമ്പന്‍ ഓയില്‍, ഗ്യാസ് കമ്പനികളുടെ ലാഭത്തിന് മേല്‍ ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുന്നതിനെ വോട്ടര്‍മാര്‍ പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ പല ആളുകളും ജീവിക്കാനായി പതിവുകള്‍ മാറ്റിമറിച്ച് കഴിഞ്ഞു. പലരും ചെലവ് കുറഞ്ഞ ഭക്ഷണം കിട്ടാനായി പരക്കം പായുന്നു. പുറത്ത് പോകുന്നത് കുറയ്ക്കുകയും, ഹീറ്റിംഗ് പരമാവധി ഓഫ് ചെയ്ത് വെയ്ക്കുകയും ചെയ്യുന്നു.

ഇതിന് പുറമെ ഈ വിഷയം നേരിടാന്‍ ലേബര്‍ പാര്‍ട്ടിയാണ് മെച്ചമെന്നാണ് സര്‍വെയില്‍ വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. നിലവിലെ സമ്പദ് വ്യവസ്ഥ ആറ് മാസം മുന്‍പത്തേക്കാള്‍ പരിതാപകരമാണെന്നു ഇവര്‍ ചിന്തിക്കുന്നു. വ്യക്തിപരമായ സാമ്പത്തിക സ്ഥിതിയും മോശമായെന്ന് പകുതിയോളം പേര്‍ വ്യക്തമാക്കി. 2024ല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 1 പെന്‍സ് ഇന്‍കംടാക്‌സ് വെട്ടിക്കുറവ് ഉടനെ നടപ്പിലാക്കണമെന്നാണ് 65 ശതമാനം പേര്‍ ചാന്‍സലറോട് ആവശ്യപ്പെടുന്നത്.

പകുതിയോളം പേര്‍ ഹീറ്റിംഗ് ഓഫാക്കി കൂടുതല്‍ വസ്ത്രം ധരിച്ച് അഡ്ജസ്റ്റ് ചെയ്‌തെന്നാണ് സര്‍വെ കണ്ടെത്തിയത്. അഞ്ച് ശതമാനം പേര്‍ ഭക്ഷണം തന്നെ ഉപേക്ഷിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. 20 ശതമാനം ആളുകള്‍ കുടുംബാംഗങ്ങളില്‍ നിന്നോ, സുഹൃത്തുക്കളില്‍ നിന്നോ പണം കടംവാങ്ങുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.