സ്വന്തം ലേഖകൻ: തുടര്‍ച്ചയായ 15-ാം തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കൂട്ടുമെന്ന ആശങ്ക മാറി. 2021ന് ശേഷം ആദ്യമായി പലിശ നിരക്കുകള്‍ തല്‍സ്ഥിതിയില്‍ തുടരും. അതായത് അടിസ്ഥാന നിരക്ക് 5.25 ശതമാനത്തില്‍ തുടരും. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം അടിസ്ഥാന നിരക്കുകള്‍ കൂട്ടണ്ട എന്ന് തീരുമാനിച്ചത് മോര്‍ട്ട്‌ഗേജ് ലെന്‍ഡേഴ്‌സ് നിരക്ക് കുറയ്ക്കാനും വഴിയൊരുക്കും.
ബാങ്കിന്റെ തീരുമാനം പുറത്തുവന്നതിന് പിന്നാലെ നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വെട്ടിച്ചുരുക്കിയതായി പ്രഖ്യാപിച്ചു. വിവിധ ഫിക്‌സഡ് റേറ്റ് പ്രൊഡക്ടുകള്‍ക്ക് 0.31 ശതമാനം പോയിന്റ് വരെയാണ് ലെന്‍ഡര്‍ വെട്ടിക്കുറച്ചത്. ഇത് സാമ്പത്തിക ഞെരുക്കത്തിലായ ഭവനഉടമകള്‍ക്ക് ആശ്വാസമേകും.
ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്ക് എതിരായ പോരാട്ടത്തില്‍ രാജ്യം വിജയിച്ച് തുടങ്ങിയെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട് പറഞ്ഞു. ആഗസ്റ്റില്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് പണപ്പെരുപ്പം താഴ്ന്നതോടെയാണ് ബാങ്ക് നിരക്കുകള്‍ മരവിപ്പിച്ച് നിര്‍ത്താന്‍ തയ്യാറായത്. നിലവില്‍ 6.7 ശതമാനത്തിലുള്ള പണപ്പെരുപ്പം കുടുംബ ബജറ്റുകള്‍ക്ക് വേദന സമ്മാനിക്കുമെന്ന് ഹണ്ട് സമ്മതിക്കുന്നു.
11 ശതമാനം കടന്ന പണപ്പെരുപ്പമാണ് 6.7 ശതമാനത്തിലേക്ക് എത്തിയതെന്ന് ഹണ്ട് ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ നടപടികള്‍ ഫലം കാണുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അടിസ്ഥാന നിരക്ക് 5.5 ശതമാനത്തിലേക്ക് ബാങ്ക് വര്‍ദ്ധിപ്പിച്ചേക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ പണപ്പെരുപ്പം താഴ്ച്ച രേഖപ്പെടുത്തിയതാണ് അനുഗ്രഹമായത്.
നിലവിലെ 5.25 ശതമാനത്തില്‍ നിന്നും 5.5 ശതമാനത്തിലേക്കു കൂടുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. ആഗസ്റ്റില്‍ പണപ്പെരുപ്പ നിരക്ക് ജൂലൈയിലെ 6.8 ശതമാനത്തില്‍ നിന്നും 6.7 ശതമാനത്തിലേക്ക് താഴ്ന്നതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. പണപ്പെരുപ്പം 7 ശതമാനത്തിലേക്കോ, അതിന് മുകളിലേക്കോ വര്‍ദ്ധിക്കുമെന്ന പ്രവചനങ്ങളാണ് തെറ്റിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല