1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2022

സ്വന്തം ലേഖകൻ: കുതിച്ചുയരുന്ന വിലക്കയറ്റത്തെ നേരിടാന്‍ ആളുകളെ സഹായിക്കുന്നതിനുള്ള 10 ബില്യണ്‍ പൗണ്ട് സപ്പോര്‍ട്ട് പാക്കേജിന്റെ ഭാഗമായി യുകെയിലെ കുടുംബങ്ങള്‍ക്ക് ശൈത്യകാലത്ത് നൂറുകണക്കിന് പൗണ്ട് എനര്‍ജി ബില്ലുകള്‍ ലാഭിക്കാന്‍ വഴിയൊരുങ്ങുന്നു. ഒക്‌ടോബര്‍ മുതല്‍ ബില്ലുകള്‍ക്ക് 200 പൗണ്ട് കിഴിവ് ലഭിക്കുമെന്നും അത് അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരികെ നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

വ്യാഴാഴ്ച ചാന്‍സലര്‍ പ്രഖ്യാപിക്കുന്ന സപ്പോര്‍ട്ട് പാക്കേജില്‍ , വിന്‍ഡ്‌ഫാള്‍ ടാക്‌സ് വഴി ഭാഗികമായി ധനസഹായം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ദുര്‍ബലരായ ചില കുടുംബങ്ങള്‍ക്ക് ഒറ്റത്തവണ പേയ്‌മെന്റുകളും ഇന്ധനത്തിന്മേലുള്ള വാറ്റ് വെട്ടിക്കുറയ്ക്കലും ഉണ്ടാവാം. എന്നാല്‍ മറ്റ് വൈദ്യുതി ഉല്‍പ്പാദകരില്‍ നിന്നുള്ള വരുമാനത്തിന് നികുതി ചുമത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടാവും.

‘ജനങ്ങള്‍ വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്നു’ എന്ന് സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും സാഹചര്യം വികസിക്കുമ്പോള്‍ പ്രതികരണവും മാറുമെന്ന്’ ചാന്‍സലര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രഷറി പറഞ്ഞു. വിലക്കയറ്റത്തില്‍ നിന്ന് ‘ഏറ്റവും ദുര്‍ബലരായ’ ആളുകളെ സംരക്ഷിക്കുക ചാന്‍സലറുടെ ‘നമ്പര്‍ 1 മുന്‍ഗണന’ ആണെന്ന് ഒരു വക്താവ് കൂട്ടിച്ചേര്‍ത്തു.

ഏപ്രിലില്‍, മിക്ക കുടുംബങ്ങള്‍ക്കും 150 പൗണ്ട് കൗണ്‍സില്‍ നികുതി ഇളവ് വാഗ്ദാനം ചെയ്യുമെന്നും എല്ലാ ബില്ലുകളിലും 200 കുറയ്ക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കാം.

ഇംഗ്ലണ്ടിലെ ബാന്‍ഡ് എ-ഡി വീടുകളില്‍ താമസിക്കുന്ന ഭൂരിഭാഗം ആളുകള്‍ക്കും ഇപ്പോള്‍ 150 പൗണ്ട് നികുതി ഇളവ് ലഭിച്ചിട്ടുണ്ട്, എന്നാല്‍ ഈ വര്‍ഷാവസാനം, മുമ്പ് വാഗ്‌ദാനം ചെയ്‌ത തിരിച്ചടക്കേണ്ട വായ്പയേക്കാള്‍, ഗ്രാന്റ് രൂപത്തില്‍ കൂടുല്‍ പിന്തുണ ലഭിക്കാന്‍ വഴിയൊരുങ്ങി.

സാധാരണ ഗാര്‍ഹിക ഊര്‍ജ ബില്‍ ഒക്ടോബറില്‍ 800 പൗണ്ട് ആയി ഉയരുമെന്ന് യുകെയിലെ ഊര്‍ജ റെഗുലേറ്റര്‍ ഓഫ്‍ജേം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കൂടുതല്‍ പിന്തുണ പ്രഖ്യാപിച്ചത്. ഏപ്രിലില്‍ ബില്ലുകള്‍ ശരാശരി 700 പൗണ്ട് ഉയര്‍ന്നിരുന്നു.

ഇന്ധനം, ഭക്ഷണം, ഊര്‍ജം എന്നിവയുടെ വില കുതിച്ചുയരുന്നതിനാല്‍ ജനരോഷം ഭയന്ന് ഇളവുകള്‍ നല്‍കാന്‍ പ്രധാനമന്ത്രിയും ചാന്‍സലറും സമ്മര്‍ദ്ദത്തിലാണ്. കഴിഞ്ഞ ആഴ്‌ച, പണപ്പെരുപ്പം 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ എണ്ണ, വാതക സ്ഥാപനങ്ങള്‍ക്ക് വിന്‍ഡ്‌ഫാള്‍ ടാക്‌സിനായി സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുകയാണ്. കമ്പനികള്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് ലാഭത്തില്‍ ഒറ്റത്തവണ ലെവി വഴി വരുമാനം ഏറ്റവും കൂടുതല്‍ ബാധിച്ചവരെ പിന്തുണയ്ക്കാന്‍ ഉപയോഗിക്കാമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.

ജൂലൈ മുതല്‍ ഊര്‍ജ ബില്ലില്‍ വലിയൊരു സഹായം ആയേക്കാവുന്ന ഒരു പാക്കേജ് പ്രഖ്യാപിക്കാനുള്ള തയാറെടുപ്പുകള്‍ ആണ് സുനാക് നടത്തുന്നത്. മിക്കവാറും കൗണ്‍സില്‍ ടാക്‌സില്‍ ഇളവുകള്‍ നല്‍കിക്കൊണ്ടായിരിക്കും ഊര്‍ജ്ജ ബില്ലിലെ വര്‍ദ്ധനവില്‍ ആശ്വാസം നല്‍കുക.

ബിസിനസ് ടാക്‌സിലും ഇളവുകള്‍ നല്‍കിയേക്കുമെന്ന് സുനാക് സൂചിപ്പിച്ചു. സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്ന വേളയില്‍ പുതിയ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ഇളവുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനൊപ്പം കൂടുതല്‍ ദരിദ്രരായ കുടുംബങ്ങള്‍ക്ക് ഒരു അടിയന്തര നികുതിയിളവും ഈ വേനല്‍ക്കാലത്ത് നല്‍കാന്‍ ചാന്‍സലര്‍ ഉദ്ദേശിക്കുന്നുണ്ട്. അതിനായി യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നിയമങ്ങളില്‍ ചില ഭേദഗതികള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.