1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2023

സ്വന്തം ലേഖകൻ: പഠിച്ചിറങ്ങിയാല്‍ യാതൊരു ഗുണവും കിട്ടാത്ത തൊഴില്‍ സാധ്യത തീരെ കുറഞ്ഞ ഡിഗ്രികോഴ്‌സുകള്‍ക്ക് തടയിടാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. ഇത്തരം കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് പരിധി വരും. ഏതെങ്കിലും ഒരു ഡിഗ്രി ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ നിന്നും കരസ്ഥമാക്കിയാല്‍ നല്ല ശമ്പളം കിട്ടുന്ന ജോലി ലഭിക്കുമെന്നൊരു പൊതു ധാരണയുണ്ട്.

എന്നാല്‍ യാഥാര്‍ത്ഥ്യം ഇതിന് വിപരീതമാണ്. നിരവധി കോഴ്‌സുകളാണ് ആളെപ്പറ്റിക്കുന്ന തരത്തില്‍ നല്‍കിവരുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ ഇതിനു വ്യാപകമായി ഇരകളാക്കപ്പെടുന്നു. ഈ കോഴ്‌സുകള്‍ പഠിച്ചിറങ്ങിയാല്‍ തന്നെ ഒരു ജോലിയും ലഭിക്കാത്ത അവസ്ഥയാണ് വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്.

എന്നാല്‍ വിദ്യാര്‍ത്ഥികളെയും, നികുതിദായകരെയും സംരക്ഷിക്കാനായി ഇത്തരം കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കുന്നതിന് പരിധി ഏര്‍പ്പെടുത്താന്‍ യൂണിവേഴ്‌സിറ്റികള്‍ ഇനി നിര്‍ബന്ധിതമാകും. മോശം ഡിഗ്രികള്‍ക്ക് ക്യാപ്പ് ഏര്‍പ്പെടുത്തുന്നത് വഴി പേപ്പറില്‍ പറയുന്നതിന് വിരുദ്ധമായി മൂല്യം കുറഞ്ഞ കോഴ്‌സുകളിലേക്ക് പ്രവേശിപ്പിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കുകയാണ് ലക്ഷ്യം.

ഉയര്‍ന്ന് ഡ്രോപ്പ് ഔട്ടും, മോശം തൊഴില്‍ സാധ്യതകളുമുള്ള ഡിഗ്രികളാണ് ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് പരിമിതപ്പെടുത്തുന്നത്. അതേസമയം അപ്രന്റീസ്ഷിപ്പ് പോലുള്ളവയിലൂടെ യൂണിവേഴ്‌സിറ്റി സാധ്യതകള്‍ മെച്ചപ്പെടുത്തുന്ന പുതിയ നടപടികള്‍ കൈക്കൊള്ളും. മിക്ക ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളും യുവാക്കളെ മൂല്യമുള്ള കരിയറിലേക്ക് എത്തിക്കാന്‍ യത്‌നിക്കുമ്പോള്‍ ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുമുണ്ടെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ഗിലിയാന്‍ കീഗന്‍ പറഞ്ഞു.

മോശം കോഴ്‌സുകള്‍ ഓഫര്‍ ചെയ്യുന്ന നിരവധി യൂണിവേഴ്‌സിറ്റികളുണ്ട്. ഇവ പഠിച്ചിറങ്ങിയാല്‍ മാന്യമായ ശമ്പളം ലഭിക്കുന്ന ജോലികളില്‍ പ്രവേശിക്കാനോ, യഥാര്‍ത്ഥ ലോകത്ത് ആവശ്യമായ യോഗ്യതകളോ ലഭിക്കില്ല, അവര്‍ വ്യക്തമാക്കി. യൂണിവേഴ്‌സിറ്റിയില്‍ മൂന്ന് വര്‍ഷം പഠിക്കാനായി ചെലവഴിക്കുന്നത് വലിയ ഉത്തവാദിത്വമാണ്, ഒപ്പം സാമ്പത്തിക നിക്ഷേപവും ഇതിനായി ആവശ്യം വരും. വിദേശ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളിലേക്ക് പഠിക്കാനായി എത്തുമ്പോള്‍ കോഴ്‌സുകളുടെ ഗുണനിലവാരവും അറിഞ്ഞില്ലെങ്കില്‍ തിരിച്ചടിയുണ്ടാവുമെന്നതാണ് വസ്തുത.

പദ്ധതികള്‍ക്ക് കീഴില്‍, വിദ്യാര്‍ത്ഥികള്‍ക്ക് “നല്ല ഫലം” ലഭിക്കാത്ത കോഴ്‌സുകളിലേക്ക് സര്‍വ്വകലാശാലകള്‍ക്ക് റിക്രൂട്ട് ചെയ്യാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താന്‍ ഓഫീസ് ഫോര്‍ സ്റ്റുഡന്റ്സ് (ഓഫ്‌എസ്) സ്വതന്ത്ര റെഗുലേറ്ററോട് ആവശ്യപ്പെടും.

ഉയര്‍ന്ന കൊഴിഞ്ഞുപോക്ക് നിരക്കുകളുള്ള അല്ലെങ്കില്‍ പ്രൊഫഷണല്‍ ജോലികളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ കുറഞ്ഞ അനുപാതമുള്ള കോഴ്സുകള്‍ ഇതില്‍ ഉള്‍പ്പെടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഓഫ്‌എസ് പ്രകാരം, ഏകദേശം 10-ല്‍ മൂന്ന് ബിരുദധാരികള്‍ ബിരുദം നേടി 15 മാസത്തിനുശേഷം ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികളിലേക്കോ തുടര്‍ പഠനത്തിലേക്കോ പുരോഗമിക്കുന്നില്ല.

എന്നാല്‍ ഈ നീക്കം “കുറച്ച് ബിരുദധാരി ജോലികളുള്ള മേഖലകളിലെ അവസരങ്ങള്‍ക്ക് പുതിയ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന്” ലേബര്‍ പറഞ്ഞു. ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും സര്‍വ്വകലാശാല ഒരു വലിയ നിക്ഷേപമാണെന്ന് അഭിഭാഷക ഗ്രൂപ്പായ യൂണിവേഴ്സിറ്റി യുകെ പറഞ്ഞു.
ദിനം പ്രതി ആയിരക്കണക്കിന് വിദേശ വിദ്യാര്‍ത്ഥികളാണ് യുകെയിലേക്കു എത്തുന്നത്. ഇവിടെ പിടിച്ചു നില്‍ക്കുന്നതിനായി പലരും കോഴ്‌സുകള്‍ പോലും വേണ്ടത്ര ശ്രദ്ധിക്കാതെയും മനസിലാക്കാതെയുമാണ് എത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.