1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പ്രതിദിന കൊവിഡ് -19 കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ 40 ശതമാനം ഉയർന്നതായി കണക്കുകൾ. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ബുധനാഴ്ച 14,162 കേസുകളും 70 മരണങ്ങളുമാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം സേജ് കമ്മിറ്റി നേരത്തെ തന്നെ നടപ്പിലാക്കണമെന്ന് നിർദ്ദേശിച്ച സർക്യൂട്ട് ബ്രേക്കർ പദ്ധതി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവഗണിച്ചതാണ് കൊവിഡ് വ്യാപനം വ്യാപകമാക്കിയതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് കോർബിൻ രംഗത്തെത്തി.

രാജ്യവ്യാപകമായി ‘സർക്യൂട്ട് ബ്രേക്കർ’ നടപ്പിലാക്കണമെന്ന സർ കീർ സ്റ്റാർമറുടെ ആഹ്വാനത്തെ വടക്കൻ മേഖലയിൽ നിന്നുള്ള നേതാക്കൾ പിന്തുണച്ചിരുന്നു. യു‌എസ്‌, ബ്രസീൽ‌, ഇന്ത്യ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് കൊവിഡ് കേസുകളിൽ യുകെയുടെ മുന്നിലുള്ളത്. കൂടുതൽ കർശന നടപടികൾ ഉണ്ടായില്ലെങ്കിൽ വ്യാപനം കുറയ്ക്കുക അസാധ്യമാകുമെന്നും കീർ സ്റാമാർ ആരോപിക്കുന്നു.

അതിനിടെ ഗവൺമെന്റിന്റെ ഗോൾഡ് കമാൻഡ് ടാസ്‌ക് ഫോഴ്‌സ് ശുപാർശയിൽ മാഞ്ചസ്റ്ററിലും ലങ്കാഷെയറിലും ടയർ 3 ലോക്ക്ഡൗണിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ ശുപാർശകൾ അവലോകനം ചെയ്തതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. ഇതുവരെ ലിവർപൂളിൽ മാത്രമാണ് ടയർ ത്രീ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരുത്തിയത്.

അതേസമയം കൂടുതൽ സാമ്പത്തിക സഹായമില്ലാതെ നഗരത്തിൽ കൂടുതൽ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബർൺഹാമും പ്രാദേശിക കൗൺസിൽ നേതാക്കളും സർക്കാരിന് മുന്നറിയിപ്പ് നൽകി. ബിസിനസുകൾക്കും ​ജോലി ചെയ്യാൻ കഴിയാത്തവർക്കും മതിയായ സാമ്പത്തിക സഹായമില്ലാതെ ലോക്ക്ഡൌൺ നടപ്പിലാക്കിയാൽ വടക്കൻ പ്രദേശങ്ങൾ ടയർ 3 ൽ ശൈത്യകാലത്ത് കൊടും ദുരിതത്തിലാകുമെന്ന് മേയറും മറ്റ് പ്രാദേശിക നേതാക്കളും ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.