1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2021

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിലെ ഇന്ത്യൻ എംബസി വഴിയും കോൺസുലേറ്റുകൾ വഴിയും നൽകിയിരുന്ന കൂടുതൽ സേവനങ്ങൾ വിഎഫ്എസ് വഴിയാക്കി. ഈ മാസം 24 മുതൽ ഈ തീരുമാനം പ്രാബല്യത്തിലായി. നേരത്തെ തന്നെ പാസ്പോർട്ട് പുതുക്കൽ, സറണ്ടർ, ഒസിഐ റജിസ്ട്രേഷൻ, ഒസിഐ പുതുക്കൽ തുടങ്ങിയ സർവീസുകൾ പുറം ജോലിക്കരാർ ഏജൻസിയായ വീസ ഫെസിലിറ്റേഷൻ സർവീസസിനെ ഏൽപിച്ചിരുന്നു.

ഇതിനു പുറമെയാണ് ഇപ്പോൾ വിൽ എക്സിക്യൂഷൻ, ഗിഫ്റ്റ് ഡീഡ്, പവർ ഓഫ് അറ്റോർണി, ബർത്ത് റജിസ്ട്രേഷൻ, കൊച്ചുകുട്ടികളുടെ പാസ്പോർട്ട് എടുക്കുന്നതിനുള്ള സത്യവാങ്മൂലം എന്നീ സർവീസുകളും വിഎഫ്എസ് വഴിയാക്കിയത്. ഇത്തരം സർവീസുകൾക്കായി വളരെയേറെ ആളുകൾ എംബസിയിൽ എത്തുന്ന സാഹചര്യത്തിൽ പൊതുജന താൽപര്യവും ജോലിക്കാരുടെ സുരക്ഷിതത്വവും കണക്കിലെടുത്താണു പുതിയ തീരുമാനമെന്ന് ഹൈക്കമ്മിഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

വിവിധ കോൺസുലാർ സർവീസുകൾക്കായി 24നു ശേഷം ഹൈക്കമ്മിഷനിലോ കോൺസുലേറ്റുകളിലൊ അപ്പോയിന്റ്മെന്റ് ലഭിച്ചിട്ടുള്ളവർ അതിനു പകരം തൊട്ടടുത്ത വിഎഫ്എസ്. സെന്ററിൽ അപ്പോയിന്റ്മെന്റ് എടുത്ത് അപേക്ഷ നൽകേണ്ടതാണ്. ലണ്ടനിലെ ഗോസ്വെൽ റോഡ്, ഹൺസ്ലോ എന്നിവിടങ്ങളിലും ബർമിങ്ങാം, എഡിൻബറോ നഗരങ്ങളിലുമാണു വിഎഫ്എസ് ഓഫിസുകൾ പ്രവർത്തിക്കുന്നത്.

സർക്കാരിനെ വെട്ടിലാക്കി ഡൊമിനിക് കമ്മിംഗ്സിൻ്റെ വെളിപ്പെടുത്തലുകൾ

കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിലെ സർക്കാർ പിഴവുകളുടെ ഫലമായി ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമായതായി ഡൊമിനിക് കമ്മിംഗ്സ്. ശാസ്ത്രീയ ഉപദേശങ്ങൾ അവഗണിച്ചതായും ലോക്ക്ഡൗണുകൾ വൈകിപ്പിച്ചതായും പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് കൂടിയായ കമ്മിംഗ്സ് പുതിയ വെളിപ്പെടുത്തലുകളിൽ ആരോപിക്കുന്നു.

ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദത്തിന് അര്ഹനല്ലെന്ന് പറഞ്ഞ കമ്മിംഗ്സ് നുണ പറഞ്ഞതിന് മാറ്റ് ഹാൻ‌കോക്കിനെ പുറത്താക്കണമെന്നും ആവശ്യമുന്നയിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ബോറിസ് ജോണ്‍സന്റെ ശക്തി കേന്ദ്രമായിരുന്നു ഡൊമിനിക് കമ്മിംഗ്സ്. ഇടത് കോട്ടയില്‍ വരെ വിജയിച്ച് കയറിയതിന് പിന്നില്‍ കമ്മിംഗ്സിൻ്റെ തന്ത്രങ്ങളായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തിയത്.

എന്നാല്‍ പ്രധാനമന്ത്രി കസേരയില്‍ ഇരിപ്പുറപ്പിച്ചതിന് പിന്നാലെ ബോറിസിന്റെ പങ്കാളി കാരി സിമണ്ട്‌സുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടുവില്‍ കമ്മിംഗ്സിനെ പ്രധാനമന്ത്രി പുറത്താക്കുകയും ചെയ്തു. സര്‍ക്കാര്‍ മഹാമാരി കൈകാര്യം ചെയ്തത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന എംപിമാര്‍ക്ക് മുന്നിൽ ഏഴു മണിക്കൂർ നീണ്ട അഭിമുഖത്തിലാണ് കമ്മിങ്സ് ബോറിസിന് എതിരായി വെളിപ്പെടുത്തലുകൾ നിരത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.