1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2021

സ്വന്തം ലേഖകൻ: യുകെയുടെ കോവിഡ് റെഡ് ലിസ്റ്റിൽ നിന്ന് ഇന്ത്യയ്ക്ക് മോചനമില്ല. സർക്കാർ കഴിഞ്ഞ ദിവസം പുതുക്കിയ പട്ടികയിലും ഇന്ത്യ യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റിൽ തന്നെയായതോടെ യുകെ മലയാളികളുടെ കാത്തിരിപ്പ് നീളും. മൂന്നാഴ്ചയ്ക്കു ശേഷമാണ് ഇക്കാര്യത്തിൽ അടുത്ത പുതുക്കൽ ഉണ്ടാവുക.

കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യങ്ങളെ ട്രാഫിക് ലൈറ്റ് സംവിധാനത്തിൽ, പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിൽ തരംതിരിച്ച് യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി ഫെബ്രുവരി 15നാണ് ബ്രിട്ടൻ ആരംഭിച്ചത്. 30 രാജ്യങ്ങളായിരുന്നു ആദ്യം ഇത്തരത്തിൽ റെഡ് ലിസ്റ്റിലായത്. കോവിഡിന്റെ അതിതീവ്രവ്യാപനം ഉണ്ടായതോടെ ഇന്ത്യയും, പാക്കിസ്ഥാൻ ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങളും റെഡ് ലിസ്റ്റിലായി.

അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്കോ തിരിച്ചോ യാത്ര ചെയ്യാൻ കഴിയില്ല. യാത്ര ചെയ്യുന്നവരാകട്ടെ 1750 പൗണ്ട് മുൻകൂറായി അടച്ച് നിർബന്ധിത ഹോട്ടൽ ക്വാറന്റീനു വിധേയരാകണം. ക്വാറന്റീനിടെ സ്വന്തം ചെലവിൽ രണ്ടുവട്ടം പിസിആർ ടെസ്റ്റും നടത്തണം. ഇതു ലംഘിച്ചാൽ 10000 പൗണ്ട് വരെ പിഴയും പത്തുവർഷം വരെ തടവും ലഭിക്കും.

നാലുപേരുള്ള കുടുംബം യാത്രചെയ്യണമെങ്കിൽ ക്വാറന്റീൻ ചെലവായി മാത്രം നൽകേണ്ടത് 3,050 പൗണ്ടാണ്. ഇന്നത്തെ വിനിമയ നിരക്കിൽ മൂന്നു ലക്ഷത്തിൽ കൂടുതൽ വരും ഇത്! ഓരോ രാജ്യത്തെയും കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ജോയിന്റ് ബയോ സെക്യൂരിറ്റി സെന്റർ നൽകുന്ന ഉപദേശ പ്രകാരമാണ് രാജ്യങ്ങളെ വിവിധ ലിസ്റ്റുകളിൽ ചേർക്കുകയും ഒഴിവാക്കുകയും ചെയ്യുന്നത്.

ബുധനാഴ്ച നടത്തിയ അവലോകത്തിനും പുതുക്കലിനും ശേഷം ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങളാണു പുതിയ റെഡ് ലിസ്റ്റിൽ ഉള്ളത്. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവയും ഏതാനും യൂറോപ്യൻ രാജ്യങ്ങളും ബ്രിട്ടന്റെ ഓവർസീസ് ടെറിട്ടറികളും ഉൾപ്പെടെ 30ൽ താഴെ ലക്ഷ്യ സ്ഥാനങ്ങളാണ് ക്വാറന്റീൻ വേണ്ടാത്ത ഗ്രീൻ ലിസ്റ്റിൽ ഉള്ളത്. മറ്റു രാജ്യങ്ങളെല്ലാം ഹോം ക്വാറന്റീൻ അനിവാര്യമായ ആംബർ ലിസ്റ്റിലാണ്.

ഇന്ത്യയെയും ആംബർ ലിസ്റ്റിലാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബ്രിട്ടനിലെ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർ. ക്യൂബ, ഇന്തോനീഷ്യ, മ്യാൻമാർ, സിയാറ ലിയോൺ എന്നീ രാജ്യങ്ങളെയാണ് പുതുതായി റെഡ് ലിസ്റ്റിലേക്ക് ചേർത്തത്. ഗ്രീൻ ലിസ്റ്റിലായിരുന്ന ബ്രിട്ടീഷ് വെർജിൻ ഐലൻസ്, ബലാറിക് ഐലൻസ് എന്നിവയെ ആംബർ ലിസ്റ്റിലുമാക്കി.

ആംബർ ലിസ്റ്റിലായിരുന്ന ബൾഗേറിയ, ഹോങ്കോങ്ങ് എന്നിവയെ ഗ്രീൻ ലിസ്റ്റിലേക്ക് മാറ്റി. ക്രോയേഷ്യ, തായ്വാൻ എന്നീ രാജ്യങ്ങളെ ഗ്രീൻ വാച്ച്ലിസ്റ്റിൽ ഉൾപ്പെടുത്തി. നിലവിലെ സ്ഥിതി മോശമായാൽ ഇവയും ആംബർ ലിസ്റ്റിലാകും. പുതിയ ട്രാഫിക് ലൈറ്റ് ലിസ്റ്റുകൾ ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.