
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ 30ന് മേൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകിത്തുടങ്ങി. രാജ്യത്ത് വാക്സിനേഷൻ ഡ്രൈവ് കൂടുതൽ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് 30 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് കുത്തിവയ്പ്പ്. ഈ വിഭാഗക്കാർക്ക് ഇന്നു മുതൽ കോവിഡ് -19 വാക്സിൻ ബുക്ക് ചെയ്യാൻ കഴിയും.
വരും ദിവസങ്ങളിൽ ഒരു ദശലക്ഷം പേരെ കൂടി എസ് എം എസ് വഴി വാക്സിനേഷനായി ക്ഷണിക്കും, ഇതോടെ 18 നും 29 നും ഇടയിൽ പ്രായമുള്ള മുതിർന്നവർ മാത്രമാണ് ഇനി വാക്സിൻ ലഭിക്കാൻ അവശേഷിക്കുന്നുള്ളു. 39 വയസ്സിന് താഴെയുള്ളവർക്കും ഗർഭിണികൾക്കും അടുത്തിടെ പുതുക്കിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച് ഫൈസർ അല്ലെങ്കിൽ മോഡേണ കോവിഡ് വാക്സിൻ നൽകും.
കോവിഡ് ഇന്ത്യൻ വകഭേദം വ്യാപിക്കുന്ന ചില പ്രദേശങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയായി വാക്സിൻ റോൾഔട്ടിൻ്റെ വേഗത വർദ്ധിപ്പിച്ചിരുന്നു. വാക്സിനേഷൻ, ഇമ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റിയുടെ (ജെസിവിഐ) ഉപദേശപ്രകാരം 50 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്കും ചികിത്സാപരമായി ദുർബലരായവർക്കും വേരിയൻ്റിൻ്റെ വ്യാപനം കണക്കിലെടുത്ത് രണ്ടാമത്തെ ഡോസ് നേരത്തെ നൽകാനാണ് സർക്കാർ തീരുമാനം.

അതിനിടെ കെന്റിൽ മലായാളി മരിച്ചു. ജില്ലിങ്ങാമിലെ സാക്സൺ റോഡിൽ താമസിക്കുന്ന പന്തളം സ്വദേശി സജി ജേക്കബാണ് കഴിഞ്ഞ ദിവസം ലണ്ടനിലെ കിങ്സ് ആശുപത്രിയിൽ മരിച്ചത്. 56 വയസായിരുന്നു. സംസ്കാരം പിന്നീട് ബ്രിട്ടനിൽ തന്നെ നടത്തും. പന്തളം മുടിയൂർക്കോണം തെക്കെടത്ത്-പുത്തൻവീട്ടിൽ പരേതനായ ടി.എം. ചാക്കോയുടെയും മറിയാമ്മയുടെയും മകനാണ്.
തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് ഏതാനും ദിവസങ്ങളായി കിങ്സ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മെഡ് വേ എൻഎച്ച്എസ് ആശുപത്രിയിൽ നഴ്സായ, കോഴഞ്ചേരി തിയാടിക്കൽ സ്വദേശിനി സുനു വർഗീസാണ് ഭാര്യ. നിതിൻ ജേക്കബ്, വിദ്യാർഥിയായ നെവിൻ ജേക്കബ് എന്നിവർ മക്കളാണ്.
കെന്റിലെ ജില്ലിങ്ങാമിൽ തന്നെയുള്ള മാത്യു ചാക്കോ, ജേക്കബ് ചാക്കോ എന്നിവർ സഹോദരങ്ങളാണ്. സഹോദരി ജെസ്സിയും മാതാവ് മറിയാമ്മയുമാണ് നാട്ടിലുള്ളത്. ലണ്ടൻ സെന്റ് ജെയിംസ് മാർത്തോമ്മാ ചർച്ച് ഇടവകാംഗമാണ് സജി. ഇടവക സമൂഹത്തിലും മെഡ് വേയിലെ മലയാളി അസോസിയേഷനിലും സജീവ സാന്നിധ്യമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല