1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2021

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ 40 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്സിൻ വിതരണത്തിന് തുടക്കം.വാക്സിൻ വിതരണം റിക്കോർഡ് വേഗത്തിൽ മുന്നോട്ട് നീങ്ങുന്ന രാജ്യത്ത് നാല്പത് വയസ്സിന് മുകളിലുള്ളവർക്ക് ഇന്ന് മുതൽ വാക്സിനായി ബുക്ക് ചെയ്യാം. നിലവിലെ രീതിയിൽ മുന്നോട്ടു പോയാൽ 30 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്സിൻ വിതരണം രണ്ടാഴ്ചയ്ക്കുള്ളിൽ തുടങ്ങാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം കോവിഡ് കേസുകളുടെ എണ്ണം മഹാമാരി ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. 35 നും 39 നും ഇടയിൽ പ്രായമുള്ളവർക്ക് ആദ്യത്തെ ഡോസ് വാക്സിൻ മെയ് 10 മുതൽ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. ബ്രിട്ടനിലുടനീളം ഇതുവരെ ആകെ 14 ദശലക്ഷം സെക്കൻഡ് ഡോസുകൾ ഉൾപ്പെടെ 48 ദശലക്ഷം ഡോസുകൾ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം നിലവിലെ സാഹചര്യങ്ങൾക്ക് അനുകൂലമായി കാര്യങ്ങൾ മുന്നോട്ട് പോകുകയാണെങ്കിൽ ജൂൺ 21 മുതൽ സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥ മാറ്റുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. ഇത് വലിയ ജനക്കൂട്ടത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന വലിയ ഔട്ട്ഡോർ ഇവെന്റുകൾ സംഘടിപ്പിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. എഫ്‌എ കപ്പ് സെമി ഫൈനൽ, കാരാബാവോ കപ്പ് ഫൈനൽ, സ്‌നൂക്കർ വേൾഡ് ചാമ്പ്യൻഷിപ്പ് എന്നിവ കോവിഡ് കേസുകളിൽ വർദ്ധനയുണ്ടാക്കിയില്ല എന്നതാണ് ശാസ്ത്രജ്ഞർക്കും സർക്കാരിനും ആത്മവിശ്വാസമേകുന്നത്.

ഇംഗ്ലണ്ടിൽ നിലവിൽ ഒരു ദിവസം 757 കോവിഡ് കേസുകൾ മാത്രമേ ഉള്ളൂവെന്നും ഏറ്റവും പുതിയ ഡാറ്റ വെളിപ്പെടുത്തുന്നു. രണ്ട് ജാബുകളും ലഭിച്ചവരിൽ 150,000 പേരിൽ ഒരാൾക്ക് എന്ന തോതിൽ മാത്രമാണ് രോഗം ബാധിക്കാനുള്ള സാധ്യത. അതേസമയം, 80 വയസ്സിനു മുകളിലുള്ള രോഗികളുടെ എണ്ണം ഏറ്റവും താഴ്ന്ന നിലയിലായതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് റിപ്പോർട്ട് വെളിപ്പെടുത്തി. കൂടാതെ, രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും പുതിയ കേസുകളും ആശുപത്രി പ്രവേശനങ്ങളും കുറയുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

വടക്കൻ അയർലണ്ടിൽ പബ്ബുകളും റെസ്റ്റോറന്റുകളും ഷോപ്പുകളും തുറന്നു. മാസങ്ങൾ അടച്ചിട്ടതിനു ശേഷം പൊതുജനങ്ങൾക്കും കഫെ ഉടമകൾക്കും റെസ്റ്റോറേറ്റുകൾക്കും ഇന്നു മുതൽ ഔട്ട്‌ഡോർ വ്യാപാരം നടത്താം. ഒപ്പം എല്ലാ ചില്ലറ വിൽപ്പനക്കാർക്കും വീണ്ടും കടകൾ തുറക്കാം. വെള്ളിയാഴ്ച പുലർച്ചെ മുതൽ ബെൽഫാസ്റ്റിലെ പ്രിമാർക്ക് പോലുള്ള പ്രശസ്തമായ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾക്ക് പുറത്ത് ഉപഭോക്താക്കളുടെ നീണ്ട നിരകൾ രൂപപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.