1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2021

സ്വന്തം ലേഖകൻ: ഒരു വർഷത്തിനിടെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരണമൊന്നും റിപ്പോർട്ട് ചെയ്യാത്ത ദിവസമായി ചൊവ്വാഴ്ച. 2020 മാർച്ചിലായിരുന്നു ഇതിനു മുൻപ് മരണമില്ലാത്ത ദിനം. അതിനു ശേഷമുള്ള എല്ലാ ദിവസവും ആളുകൾ മരിച്ചു. നാല്പതോളം മലയാളികൾ ഉൾപ്പെടെ ഇതുവരെ 1.27 ലക്ഷം പേരാണ് ബ്രിട്ടനിൽ ആകെ മരിച്ചത്. ഏറ്റവും കൂടുതൽ ആളുകൾ മരിച്ച രാജ്യങ്ങളിൽ അഞ്ചാമതാണ് ബ്രിട്ടൻ.

2020 മാർച്ച് ആറിനായിരുന്നു ബ്രിട്ടനിൽ ആദ്യത്തെ കോവിഡ് മരണം ഉണ്ടായത്. പിന്നീട് ഒന്നാം തരംഗത്തിൽ ദിവസേന ആയിരം പേരും, രണ്ടാം തരംഗത്തിന്റെ ഉച്ഛസ്ഥായിയിൽ ദിവസേന രണ്ടായിരത്തിലേറെ പേരും മരിക്കുന്ന സ്ഥിതിയുണ്ടായി. ഭീതിതമായ ഈ ദുരവസ്ഥയിൽനിന്നും വാക്സിനേഷനിലൂടെയും കനത്ത ലോക്ഡൗൺ നടപടികളിലൂടെയുമാണ് ബ്രിട്ടൻ ചരിത്രം കുറിച്ചത്.

മഹാമാരി പടർന്നുപിടിച്ചശേഷം രാജ്യത്ത് ആദ്യമായി അതുമൂലം ആരും മരിക്കാത്ത ദിവസമാണിന്നെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക്കാണ് ഔദ്യോഗികമായി അറിയിച്ചത്. രാജ്യം മുഴുവൻ ഈ ദിവസം സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇപ്പോഴും രാജ്യത്തെ ചിലയിടങ്ങളിൽ ബി.1.617 വകഭേദത്തിന്റെ സാന്നിധ്യം ശക്തമാണ്. അതിനാൽ വൈ റസിനെ തോൽപ്പിച്ചെന്ന് അവകാശപ്പെടാനാവില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മൂവായിരത്തോളം പേർ ഇപ്പോഴും പ്രതിദിനം രോഗികളാകുന്ന സ്ഥിതിയുണ്ടെങ്കിലും വാക്സിനേഷൻ ഫലപ്രദമായതോടെ രോഗം മൂർച്ഛിച്ച് ആശുപത്രികളിലാകുന്നവരുടെ എണ്ണം നന്നേ കുറഞ്ഞു. കേവലം 817 പേർ മാത്രമാണ് രാജ്യത്തെ എല്ലാ ആശുപത്രികളിലുമായി ചികിൽസയിലുള്ളത്.
രാജ്യത്ത് പ്രായപൂർത്തിയായവരിൽ 75 ശതമാനത്തോളം പേർക്കും കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സൗജന്യമായി നൽകിക്കഴിഞ്ഞു. ഇതിൽതന്നെ രണ്ടരക്കോടിയോളം ആളുകൾക്ക് രണ്ടാം ഡോസും ലഭിച്ചു.

മുപ്പതു വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സീന്റെ ആദ്യഡോസ് നൽകിയശേഷം ജൂൺ 21ന് കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടൻ. എന്നാൽ ഇതിനിടെ ബോൾട്ടൺ, ബെഡ്ഫോർഡ്, ബ്ലാക്ക്ബേൺ എന്നിവടങ്ങളിൽ കണ്ടെത്തിയ ബി.1.617 വകഭേദത്തിന്റെ സജീവ സാന്നിധ്യം റോഡ് മാപ്പിൻ്റെ താളം തെറ്റിക്കുമെന്ന ആശങ്കയും ചില ആരോഗ്യ വിദഗ്ധർ പങ്കുവെക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.