1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2021

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനവും മരണവും നിയന്ത്രണമില്ലാതെ തുടരുന്ന ബ്രിട്ടനിൽ അതിർത്തികൾ പൂർണമായും അടയ്ക്കാൻ സമ്മർദ്ദം ശക്തമാകുന്നു. ബോറിസ് ജോൺസൺ മന്ത്രിസഭയിലെ ചില അംഗങ്ങളിൽ നിന്നാണ് ബ്രിട്ടന്റെ അതിർത്തികൾ പൂർണ്ണമായും വിദേശികൾക്ക് അടയ്ക്കാനും ആവശ്യം ഉയരുന്നത്. അതിർത്തി അടച്ചുപൂട്ടലിനെക്കുറിച്ച് ചോദിച്ചപ്പോൾ “അത് പരിഗണനയിലാണ്” എന്നാണ് പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് സ്കൈ ന്യൂസിനോട് പറഞ്ഞത്.

നേരത്തെ യുകെ സർക്കാർ എല്ലാ ട്രാവൽ കോറിഡോറുകളും അടിച്ചിരുന്നു. കുറഞ്ഞത് ഫെബ്രുവരി 15 വരെ ഈ സ്ഥിതി തുടരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. വിദേശത്ത് നിന്ന് യുകെയിലേക്ക് വരുന്ന ആളുകൾ ഇപ്പോൾ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പെടുത്ത കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് കാണിക്കേണ്ടതുണ്ട്.

അതിനിടെ രാജ്യത്ത് കൊവിഡ് പോസിറ്റിവ് ആകുന്നവർക്ക് £500 പൗണ്ട് വീതം നൽകാനുള്ള പദ്ധതിയുമായി സർക്കാർ രംഗത്തെത്തി. ആഴ്ചയിൽ 450 മില്യൺ പൗണ്ട് വരെ ചിലവ് വരുന്ന ഈ നിർദ്ദേശം കൂടുതൽ ആളുകളെ ടെസ്റ്റുകൾ നടത്താൻ പ്രേരിപ്പിക്കുന്നതിനും സ്വയം ഒറ്റപ്പെടലിന് വിധേയരാക്കുന്നതിനും ലക്‌ഷ്യം വച്ചുള്ളതാണ്.

കൊവിഡ് ലക്ഷണങ്ങളുള്ള പലരും പരിശോധന നടത്തുന്നതിൽ വൈമുഖ്യം കാണിക്കുന്നതാണ് പദ്ധതിയുമായി മുന്നോട്ട് വരാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്. നേരത്തെ പോസിറ്റീവ് ആകുന്നവർക്കുള്ള സാമ്പത്തിക സഹായം, ട്രേസ് സപ്പോർട്ട് പേയ്മെന്റ്, വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കഴിയാത്തവരും മറ്റ് ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവരുമായ കുറഞ്ഞ വരുമാനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിരുന്നു.

എന്നാൽ പ്രായം, തൊഴിൽ അല്ലെങ്കിൽ വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള സാഹചര്യം എന്നിവ കണക്കിലെടുക്കാതെ എല്ലാവർക്കും പുതിയ 500 പൌണ്ടിന്റെ വൺ-ഓഫ് പേയ്മെന്റിനായി അപേക്ഷിക്കാം.

ലോക്ഡൗൺ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് നടപടി കർശനമാക്കി. രഹസ്യമായി തുടരുന്ന ഹൗസ് പാർട്ടികൾക്ക് കനത്ത പിഴയിടാനാണ് തീരുമാനം. ഇംഗ്ലണ്ടിൽ ഹൗസ് പാർട്ടികൾ നടത്തുന്നവരെ പിടികൂടിയാൽ 10,000 പൗണ്ടാണ് പിഴ. പങ്കെടുക്കുന്നവർക്ക് 800 പൗണ്ടും. ഓരോ തവണയും നിയമം ലംഘിക്കുമ്പോൾ പിഴ ഇരട്ടിയാകും. ഇത്തരത്തിൽ തുടർച്ചയായി നിയമം ലംഘിച്ച് പാർട്ടികളിൽ പങ്കെടുക്കുന്നവരിൽ നിന്നും 6,400 പൗണ്ട് വരെ പിഴ ഈടാക്കാൻ പൊലീസിന് അനുമതി നൽകിയതായി ഹോം സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു.

സ്വന്തം സുരക്ഷിതത്വമോ മറ്റുള്ളവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും പൊലീസ് ഇടപെടുമെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പു നൽകി. ചെറിയൊരു വിഭാഗം ജനങ്ങൾ മറ്റുള്ളവരുടെ ജീവിതം ദുരിതത്തിലാക്കുന്ന സ്ഥിതി അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.

1290 പേരാണ് ഇന്നലെ ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഓരോ മിനിറ്റിലും 200 പേർക്ക് വാക്സീൻ നൽകുന്ന സ്ഥിതിയിലേക്ക് ബ്രിട്ടനിലെ വാക്സിനേഷൻ നടപടികൾ പുരോഗമിച്ചു. 50 ലക്ഷത്തിലേറെ ആളുകൾക്ക് ഇതിനോടകം രാജ്യത്ത് വാക്സീന്റ ആദ്യഡോസ് നൽകി. ബർമിങാമിലെ ഒരു മോസ്കിലും എയിൽസ്ബറിയിലെ സിനിമാ തിയറ്ററിലും ഉൾപ്പെടെ പുതുതായി 65 വാക്സീനേഷൻ സെന്ററുകൾകൂടി പ്രവർത്തനം ആരംഭിച്ചു.

ബർമിങാമിലെ അൽ- അബ്ബാസ് ഇസ്‌ലാമിക് സെന്ററിലാണ് വാക്സിനേഷൻ സെന്റർ തുറന്നത്. വാക്സീന്‍ ഇസ്‌ലാമിക വിശ്വാസത്തിന് എതിരാണെന്ന ചിലരുടെയെങ്കിലും തെറ്റായ ധാരണ തിരുത്താനാണ് മോസ്കിൽ സെന്റർ തുറക്കാൻ അനുമതി നൽകിയതെന്ന് ഇമാം ഷേയ്ഖ് നൂർ മുഹമ്മദ് വ്യക്തമാക്കി. ഇംഗ്ലണ്ടിൽ ഈസ്റ്റർ അവധിക്കു മുമ്പായി സ്കൂളുകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.