
സ്വന്തം ലേഖകൻ: യുകെ ചരിത്രത്തിലെ എക്കാലത്തെയും വലിയ വാക്സിനേഷൻ നടപടികൾ എൻഎച്ച്എസിൽ ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഫ്രണ്ട് ലൈൻ ഹെൽത്ത് സ്റ്റാഫ്, 80 വയസ്സിനു മുകളിലുള്ളവർ, കെയർ ഹോം വർക്കർമാർ എന്നിവർക്കാണ് കൊവിഡ് -19 വാക്സിൻ ആദ്യം ലഭിക്കുന്നത്. വാക്സിൻ നൽകുന്നതിനുള്ള കേന്ദ്രങ്ങളായി പ്രവർത്തിക്കാൻ ഇംഗ്ലണ്ടിലെ അമ്പത് ആശുപത്രികളെ തുടക്കത്തിൽ തിരഞ്ഞെടുത്തു.
പ്രതിരോധ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വാക്സിനേഷൻ പദ്ധതിയുടെ തുടക്കം ചരിത്രപരമായ നിമിഷമാണെന്ന് വിശേഷിപ്പിച്ചു. വൈറസിനെ അടിച്ചമർത്താൻ എൻഎച്ച്എസിനെ സംരക്ഷിക്കുന്നതിനുള്ള പ്രാദേശിക നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരോടും അഭ്യര്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്സിൻ ഡോസ് കൈവശമുള്ള റഫ്രിജറേറ്റഡ് കണ്ടെയ്നറുകൾ ബെൽജിയത്തിൽ നിന്ന് യുകെയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവ സുരക്ഷിത കേന്ദ്രങ്ങളിൽ നിന്ന് ആശുപത്രികളിലേക്ക് മാറ്റാനുള്ള നടപടികളും പുരോഗമിക്കുന്നു. വലിയ സങ്കീർണതകൾ ഉണ്ടെങ്കിലും, ആദ്യ ഡോസുകൾ തിങ്കളാഴ്ച ആശുപത്രികളിൽ എത്തും, ചൊവ്വാഴ്ച മുതൽ നൽകുന്നതിനുള്ള ഒരുക്കങ്ങളും പൂർത്തിയായതായി എൻഎച്ച്‌എസിന്റെ ദേശീയ മെഡിക്കൽ ഡയറക്ടർ പ്രൊഫ. സ്റ്റീഫൻ പവിസ് പറഞ്ഞു, ഫ്ലൂ ജാബ്, എച്ച്പിവി വാക്സിൻ, ജീവൻ രക്ഷിക്കുന്ന എംഎംആർ ജാബുകൾ തുടങ്ങി വലിയ തോതിലുള്ള വാക്സിനേഷൻ പ്രോഗ്രാമുകൾ വിതരണം ചെയ്തതിന്റെ അനുഭവ സമ്പത്തും എൻഎച്ച്എസിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത ആഴ്ച മുതൽ 800,000 ഡോസ് വാക്സിൻ യുകെയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ സർക്കാർ 40 മില്യൺ ഡോസുകൾ ഓർഡർ ചെയ്തിട്ടുണ്ട്. 20 മില്യൺ ആളുകൾക്ക് വാക്സിനേഷൻ നൽകാൻ ഇത് മതിയാകുമെന്നാണ് കണക്ക്.
മുൻനിര ഫ്രന്റ്ലൈൻ ആരോഗ്യപ്രവർത്തകരെയും 80 വയസ്സിനു മുകളിൽ പ്രായമുള്ളവരേയും ആശുപത്രിയിലെ വാക്സിനേഷൻ ഹബുകളിൽ വാക്സിൻ സ്വീകരിക്കാൻ ക്ഷണിക്കും, കൂടാതെ കെയർ ഹോം പ്രൊവൈഡർമാർക്ക് അവരുടെ സ്റ്റാഫുകളെ വാക്സിനേഷൻ ക്ലിനിക്കുകളിൽ ബുക്ക് ചെയ്യാൻ കഴിയും.
യുഎസിൽ കൊവിഡ് പ്രതിരോധ പദ്ധതിയുമായി സിഡിസി
കൊറോണ വൈറസ് രാജ്യത്തുടനീളം വർധിച്ചുകൊണ്ടിരിക്കെ, അടിയന്തിര പ്രതിരോധ പദ്ധതിയുമായി സിഡിസി (സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍) രംഗത്തു വന്നു. കൊവിഡിനെതിരേ ശക്തമായ മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ പിന്തുടരണമെന്നു പത്തിന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കൊണ്ട് ഫെഡറല്‍ ഹെല്‍ത്ത് ഓഫീസര്‍മാര്‍ അഭ്യര്‍ഥിച്ചു. സ്വയം പരിരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നതാണ് ഏറ്റവും പ്രധാനമെന്നു സിഡിസി. പറയുന്നു. ശരിയായ മാസ്‌കുകള്‍ സ്ഥിരമായി ഉപയോഗിക്കുക എന്നതാണ് മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ അടിവരയിട്ടു പറയുന്നത്.
പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കാന്‍ പ്രാദേശിക സര്‍ക്കാരുകളെ നിര്‍ബന്ധിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം വൈറസിനെ പ്രതിരോധിക്കാനുള്ള വലിയ യുദ്ധതന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. പാന്‍ഡെമിക് കൂടുതല്‍ നിയന്ത്രണാതീതമാവുകയാണെന്നും പല ആശുപത്രികളും രോഗികളെകൊണ്ടു നിറഞ്ഞ ഘട്ടത്തിലെത്തുന്നുവെന്നും ഇത് രാജ്യമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല