1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2021

സ്വന്തം ലേഖകൻ: ഉയർന്ന അപകട സാധ്യതയുള്ള റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് യുകെയിലെത്തുന്ന യാത്രക്കാർക്കുള്ള ഹോട്ടൽ ക്വാറൻ്റീൻ പ്രാബല്യത്തിൽ. ഇതോടെ തിങ്കളാഴ്ച മുതൽ രാജ്യത്തെത്തുന്ന എല്ലാ ബ്രിട്ടീഷ്, ഐറിഷ് പൗരന്മാരും യുകെ നിവാസികളും ഹോട്ടലുകളിൽ ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. 33 രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് കൊവിഡ് റെഡ് ലിസ്റ്റ്.

കൊവിഡ് വേരിയന്റുകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ ചട്ടങ്ങൾ, കഴിഞ്ഞ 10 ദിവസങ്ങളിൽ അത്തരം സ്ഥലങ്ങൾ സന്ദർശിച്ച ആളുകൾക്കും ബാധകമാണ്. സർക്കാർ അനുവദിച്ച ഹോട്ടലുകളിൽ 10 ദിവസം ക്വാറന്റിംഗ് ചെലവഴിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യുകയും 1,750 പൗണ്ട് നൽകുകയും വേണം. ഇതിൽ ഹോട്ടലിന്റെ ചെലവ്, ഗതാഗതം, പരിശോധന എന്നിവ ഉൾക്കൊള്ളുന്നു.

പുതിയ വേരിയന്റുകളുടെ ആവിർഭാവം കടുത്ത യാത്രാ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാൻ സർക്കാരിനെ നിർബന്ധിതമാക്കിയെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. ഇതുവരെ 16 ഹോട്ടലുകളുമായി ക്വാറൻ്റീൻ പദ്ധതിയ്ക്കായി കരാർ ഒപ്പിട്ടിട്ടുണ്ടെന്നും നിലവിൽ 4,963 ഹോട്ടൽ മുറികൾ ലഭ്യമാണെന്നും 58,000 മുറികൾ കൂടി ആവശ്യമെങ്കിൽ ലഭ്യമാക്കുമെന്നും സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന നിയമങ്ങൾ ക്വാറന്റൈൻ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും അതിർത്തിയിൽ പുതിയ കൊവിഡ് വേരിയന്റുകൾക്കെതിരെ സുരക്ഷാ കവാടം തീർക്കുകയും ചെയ്യുമെന്ന് ഹാൻ‌കോക്ക് പറഞ്ഞു. പ്രതിരോധ വാക്സിനേഷൻ പരിപാടിയിലെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിന് കൂടുതൽ കടുത്ത നടപടികൾ അനിവാര്യമാണെന്നും ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേർത്തു.

അതേസമയം ഫെബ്രുവരി 22 ന് അൺലോക്ക് റോഡ്മാപ്പ് പ്രഖ്യാപനത്തിന് മുമ്പായി കൊവിഡ് കേസുകൾ, ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം, കൊവിഡ് വാക്സിൻ ലഭിച്ചവരുടെ എണ്ണം, ലഭ്യമായ മറ്റ് കണക്കുകൾ എന്നിവ പരിശോധിക്കുന്ന തിരക്കിലാണ് ബോറിസ് ജോൺസൺ സർക്കാർ. യുകെയിൽ 15 ദശലക്ഷത്തിലധികം ആളുകൾക്ക് ആദ്യത്തെ കൊറോണ വൈറസ് ഡോസ് ലഭിച്ചതായി ഞായറാഴ്ച സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിശേഷിപ്പിക്കുകയും ചെയ്തു.

ലണ്ടൻ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

ലണ്ടനിലെ ഹെമൽ ഹെംപ്സ്റ്റഡിൽ അടൂർ പറക്കോട് സ്വദേശിയായ പി.എം. രാജു (64) കൊവിഡ് ബാധിച്ച് മരണമടഞ്ഞു. ലണ്ടൻ റോയൽ ബ്രാംപ്റ്റൺ ഹോസ്പിറ്റലിൽ മാസത്തോളമായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ബ്രിസ്റ്റോൾ ഫാർമസ്യൂട്ടിക്കലിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന രാജു ലണ്ടനടുത്ത് നോർത്ത് വുഡിലായിരുന്നു താമസിച്ചിരുന്നത്.

മലങ്കര ഓർത്തഡോക്സ് സഭ യുകെ – യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന കൗൺസിൽ മെമ്പറും ഹെമൽ ഹെംപ്സ്റ്റഡ് സെന്റ്. തോമസ് മലങ്കര ഓർത്തഡോക്സ് ഇടവകാംഗവുമണ്. മരണ സമയത്ത് കുടുംബാംഗങ്ങളെല്ലാം സമീപത്തുണ്ടായിരുന്നു. ഗ്രേസ് രാജുവാണ് ഭാര്യ, രണ്ട് ആൺ മക്കളാണുള്ളത്, ഹാൻസൺ രാജു, ബെൻസൺ രാജു. ജിഷ ഹാൻസൺ മരുമകളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.