1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2021

സ്വന്തം ലേഖകൻ: യുകെയിൽ അറുപതിൽ ഒരാൾക്ക് എന്ന രീതിയിൽ ദിവസേന കോവിഡ് ബാധിക്കുന്നതായി കണക്കുകൾ. ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം കഴിഞ്ഞയാഴ്ച ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത് 1,035,000 പേർക്കാണ്. മൊത്തം ജനസംഖ്യയുടെ 1.7 ശതമാനം അഥവാ അറുപതിൽ ഒന്നാണ് ഈ സംഖ്യ. എന്നിട്ടും ആശുപത്രി അഡ്മിഷനും മരണനിരക്കും ഉയരുന്നില്ല എന്നതാണ് പ്രത്യേകത.

രാജ്യത്തെ 88 ശതമാനം പേരും രണ്ടുഡോസ് വാക്സിൻ എടുത്തവരാണ്. ഇതിൽതന്നെ മുപ്പതു ശതമാനത്തിലേറെ പേർ മൂന്നാം ഡോസ് ബൂസ്റ്റർ ഡോസും സ്വീകരിച്ചു കഴിഞ്ഞു. അതിനാൽ തന്നെ രോഗബാധയുണ്ടായാലും ഇവരാരുംതന്നെ ആശുപത്രിയിൽ എത്തുന്ന സ്ഥിതി സാധാരണയായി ഉണ്ടാകുന്നില്ല, സ്കൂളുകൾ വഴി 13 വയസ്സിനു മുകളിലുള്ള കുട്ടികൾക്കും ഇപ്പോൾ വാക്സിൻ നൽകുന്നുണ്ട്. 18 കഴിഞ്ഞ എല്ലാവർക്കും ബൂസ്റ്റർ നൽകാനുള്ള ഊർജിത ശ്രമത്തിലാണ് ബ്രിട്ടൻ.

അതേസമയം ഇംഗ്ലണ്ടില്‍ ഒറ്റദിവസം 75 ഒമിക്രോൺ കേസുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 134 ആയി എന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) അറിയിച്ചു. പുതിയ വേരിയന്റ് ബാധിവരില്‍ ഭൂരിഭാഗവും രണ്ടു ഡോസ് വാക്സിനേഷന്‍ എടുത്ത ആളുകളിലാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 104 ആയി. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, ലണ്ടന്‍, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളിലാണ് പുതിയ വേരിയന്റിന്റെ കേസുകള്‍ കൂടുതല്‍ കണ്ടെത്തിയത്.സ്കോട്ട് ലല്‍ഡിലെ കേസുകള്‍ 29 ആയി, വെയില്‍സ് ആദ്യ കേസ് കാര്‍ഡിഫില്‍ സ്ഥിരീകരിച്ചു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഇതുവരെ കേസുകളൊന്നും കണ്ടെത്തിയിട്ടില്ല.

അടുത്തയാഴ്ചയോടെ നൂറുകണക്കിന് കേസുകള്‍ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇത് ക്രിസ്മസിനെ ഏത് വിധത്തില്‍ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ബ്രിട്ടീഷുകാര്‍ ക്രിസ്മസ് സാധാരണ പോലെ കഴിയുന്നത്ര ആസ്വദിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഈ വാരാന്ത്യത്തില്‍ യുകെയുടെ ട്രാവല്‍ റെഡ് ലിസ്റ്റ് വിപുലീകരിക്കാന്‍ ഇടയുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോയെന്ന് തീരുമാനിക്കാന്‍ മന്ത്രിസഭയുടെ കോവിഡ് പ്രവര്‍ത്തന ഉപസമിതിയിലെ മന്ത്രിമാര്‍ ഉടനെ യോഗം ചേരും.

അയര്‍ലന്‍ഡ് സെമി-ലോക്ക്ഡൗണിലേക്ക് പോകുകയാണ്. അയര്‍ലന്‍ഡ് നിശാക്ലബുകള്‍ അടച്ചുപൂട്ടുകയും ബാറുകള്‍ക്കും റെസ്റ്റോറന്റുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണ്. അതുപോലെ വീടുകളിലെ കൂടിച്ചേരലുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ അര ലക്ഷത്തിനു മുകളില്‍ തുടരുകയാണ്.

രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെട്ട് സ്‌ട്രെയിനെ പിടിച്ചുനിര്‍ത്താനാണ് ആരോഗ്യ മേധാവികളുടെ ശ്രമം. കേസുകള്‍ പലയിടത്ത് ആയതിനാല്‍ ഇവയ്ക്ക് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രകളുമായി ബന്ധമുണ്ടോയെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ വന്നാല്‍ വൈറസ് സാമൂഹിക വ്യാപനം തുടങ്ങിയെന്ന് വ്യക്തമാകും. രാജ്യത്തു 300ല്‍ ഒരു കേസ് വീതം ഒമിക്രോണ്‍ വേരിയന്റ് മൂലമാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.