
സ്വന്തം ലേഖകൻ: യുകെയിൽ രണ്ട് ഡോസ് എടുത്തവരിലും കോവിഡ് മരണനിരക്ക് ഉയരുന്നു. രോഗസാധ്യത അധികമുള്ളവരും വാക്‌സിന്റെ പ്രതിരോധം കുറഞ്ഞതോടെ മരണത്തിന് കീഴ്ടടങ്ങുന്നതായി യുകെ ഹെല്‍ത്ത് ഏജന്‍സിയിലെ ഡോ. സൂസന്‍ ഹോപ്കിന്‍സ് വ്യക്തമാക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടത് സുപ്രധാനമാണെന്ന കാര്യമാണ് ഡോ. സൂസന്‍ മുന്നോട്ട് വെച്ചത്. നിലവില്‍ മൂന്നാം ഡോസ് പദ്ധതി മികച്ച രീതിയില്‍ മുന്നേറുമ്പോഴും, ടോപ്പ് അപ്പ് വാക്‌സിനായി കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
എന്‍എച്ച്എസ് ഹെല്‍ത്ത് ട്രസ്റ്റുകളില്‍ വിന്ററുകളില്‍ കാണുന്ന തരത്തിലാണ് ബെഡുകളില്‍ കോവിഡ് രോഗികള്‍ ഇടംപിടിച്ചിരിക്കുന്നതെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ശാസ്ത്രജ്ഞയുടെ പ്രതികരണം.
സാധാരണ വിന്റര്‍ സമയങ്ങളിലാണ് ഇത്രയും പ്രതിസന്ധിയില്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കാറുള്ളത്. എന്നാല്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ അതേ അവസ്ഥയിലാണ് പല ആശുപത്രികളും. കോവിഡ് രോഗികളാല്‍ ആശുപത്രി ബെഡുകള്‍ നിറഞ്ഞിരിക്കുകയാണ്. കരുതല്‍ ആവശ്യമാണെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് മുന്നറിയിപ്പ് നല്‍കുന്നു.
ക്രിസ്മസ് വീണ്ടും ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങളിലേക്ക് പോകാതിരിക്കണമെങ്കില്‍ നിയന്ത്രണം പാലിക്കണം. ക്രിസ്മസ് സീസണില്‍ വിലക്കുകള്‍ തിരിച്ചെത്തുന്നത് ഒഴിവാക്കാന്‍ ബൂസ്റ്റര്‍ വാക്‌സിനെന്ന ദേശീയ ദൗത്യത്തില്‍ പങ്കാളിയാകണമെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് ആവശ്യപ്പെട്ടിരുന്നു.
ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ നേടിയവരില്‍ ഇമ്മ്യൂണിറ്റി കുറഞ്ഞ് മരണങ്ങളും, ആശുപത്രി പ്രവേശനങ്ങളും ഉയരുന്നത് നം.10ന് ആശങ്കയാകുന്നതായി കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രണ്ടാം ഡോസ് ലഭിച്ച് അഞ്ച് മുതല്‍ ആറ് മാസം വരെ എത്തുമ്പോഴേക്കും വാക്‌സിന്റെ ഗുണം കുറഞ്ഞ് തുടങ്ങുമെന്ന് ആരോഗ്യ മേധാവികള്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഓട്ടം സീസണില്‍ സര്‍ക്കാര്‍ ബൂസ്റ്റര്‍ വാക്‌സിന്‍ പദ്ധതി തുടങ്ങിയത്.
30 വയസ്സുള്ള ആരോഗ്യമുള്ള വ്യക്തികളെ രണ്ട് ഡോസ് വാക്‌സിന്‍ ദീര്‍ഘകാലം സംരക്ഷിക്കും, എന്നാല്‍ പ്രായമായവരിലെ സ്ഥിതി ഇതല്ല. അതുകൊണ്ട് തന്നെ മൂന്നാം ഡോസ് വാക്‌സിനെടുക്കാന്‍ എത്രയും പെട്ടെന്ന് മുന്നോട്ട് വരണം. വാക്‌സിന്‍ സ്വീകരിക്കാത്ത അഞ്ച് ശതമാനം പേരാണ് പ്രായമാവരിലെ മരണങ്ങള്‍ക്ക് ഒരു കാരണമെന്നും ഡോ. ഹോപ്കിന്‍സ് കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല