1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2021

സ്വന്തം ലേഖകൻ: ഏഴു പുതിയ രാജ്യങ്ങളെ ഉൾപ്പെടുത്തി യുകെയിൽ ഗ്രീൻ ലിസ്റ്റ് പുതുക്കി. കാനഡയും ഡെന്മാർക്കും പുതിയ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇതോടെ ഇനി മുതൽ കാനഡയിൽ നിന്നും ഡെൻമാർക്കിൽ നിന്നും യുകെയിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് സെൽഫ് ഐസോലേഷൻ ആവശ്യമില്ല. ഫിൻലാൻഡ്, സ്വിറ്റ്സർലൻഡ്, അസോറാസ് ബീച്ചുകൾ, ലിച്ചെൻസ്റ്റീൻ, ലിത്വാനിയ എന്നിവയാണ് ഗ്രീൻ ലിസ്റ്റിൽ കയറിയ മറ്റ് രാജ്യങ്ങൾ.

അതേസമയം പുതുതായി റെഡ് പട്ടികയിൽ ഉൾപ്പെടുത്തിയ തായ്‌ലൻഡിൽ നിന്നും മോണ്ടിനെഗ്രോയിൽ നിന്നുമുള്ള യാത്രക്കാർ ഇനി സർക്കാർ അംഗീകൃത ഹോട്ടലുകളിൽ ക്വാറൻ്റീനിൽ കഴിയേണ്ടതുണ്ട്. യുകെയിൽ ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാരും കുറഞ്ഞത് ഒരു കോവിഡ് ടെസ്റ്റ് നടത്തണം. എന്നാൽ പല രാജ്യങ്ങളും യുകെയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിറുണ്ട്.

ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ യുകെയിൽ തിരിച്ചെത്തുമ്പോൾ ക്വാറന്റൈൻ ചെയ്യേണ്ടതില്ല, അവർക്ക് രണ്ട് ഡോസ് കൊറോണ വൈറസ് വാക്സിൻ ഉണ്ടോ ഇല്ലയോ എന്നതും ഇതിന് തടസ്സമാകില്ല. എന്നിരുന്നാലും, യുകെയിലേക്ക് വരുന്നതിന്മുൻപ് ടെസ്റ്റ് എടുക്കേണ്ടതുണ്ട്, കൂടാതെ അവർ തിരിച്ചെത്തിയതിന് ശേഷം രണ്ടാം ദിവസം ഒരു ടെസ്റ്റ് ബുക്ക് ചെയ്യുകയും ഒരു പാസഞ്ചർ ലൊക്കേഷൻ ഫോം പൂരിപ്പിക്കുകയും വേണം.

ബ്രിട്ടീഷ് അല്ലെങ്കിൽ ഐറിഷ് പൗരന്മാരെയും യുകെ നിവാസികളെയും മാത്രമേ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കൂ. സർക്കാർ അംഗീകൃത ക്വാറന്റൈൻ ഹോട്ടലിൽ കഴിയാൻ അവർ പണം നൽകുകയും വേണം. കൂടുതൽ രാജ്യങ്ങൾ ഉൾപ്പെട്ട ആംബർ ലിസ്റ്റ് ചട്ടങ്ങൾ പ്രകാരം പൂർണ്ണമായി വാക്സിനേഷൻ ലഭിച്ച മുതിർന്നവർക്ക് ക്വാറന്റൈൻ ചെയ്യേണ്ടതില്ല, പക്ഷേ വരുന്നതിന് മുമ്പും തിരിച്ചെത്തി രണ്ട് ദിവസത്തിന് ശേഷവും പരിശോധനകൾ നടത്തേണ്ടതുണ്ട്.

രണ്ട് ഡോസ് വാക്സിൻ ലഭിക്കാത്ത ആംബർ രാജ്യങ്ങളിൽ നിന്നുള്ളവർ 10 ദിവസത്തേക്ക് വീട്ടിൽ ക്വാറൻ്റീനിൽ കഴിയണം. അതുപോലെ തന്നെ കോവിഡ് ടെസ്റ്റുകളും നടത്തണം. അതേസമയം യുകെയിലെ മാറുന്ന യാത്രാ നിയമങ്ങളെ രൂക്ഷമായി വിമർശിച്ച് യാത്രാ, വിനോദ സഞ്ചാര മേഖല രംഗത്തെത്തി.

ഈ സംവിധാനം അന്താരാഷ്ട്ര യാത്രകളെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ ചെലവേറിയതും ഭാരമേറിയതും അനിശ്ചിതത്വമുള്ളതുമാക്കി മാറ്റുന്നു എന്ന് എയർലൈനുകൾ ആരോപിച്ചു. ട്രാവൽ ലിസ്റ്റുകൾ നിലവിൽ ഓരോ മൂന്നാഴ്ച കൂടുമ്പോഴും അപ്ഡേറ്റ് ചെയ്യപ്പെടുന്നുണ്ട്. ഈ സംവിധാനം ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ സമാനമാണ്. ഇത് യാത്രാ, വിനോദ സഞ്ചാര മേഖലകളുടെ നടുവൊടുക്കുന്നതാണെന്നാണ് പ്രധാന വിമർശനം.

അതിനിടെ കോവിഡ് നിയന്ത്രണങ്ങളുടെ കാര്യത്തിൽ സ്കോട്ലൻഡ് “റിവേഴ്സ് ഗിയറിലേക്ക്” പോകേണ്ടിവരുമെന്ന് ഒരു പൊതുജനാരോഗ്യ മേധാവി നിർദ്ദേശിച്ചത് സ്കോട്ടിഷ് ബിസിനസുകളെ ആശങ്കയിലാക്കി. മുന്നറിയിപ്പില്ലാതെ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുമെന്നതിൻ്റെ സൂചനയാണ് പ്രസ്താവനയെന്ന് സ്കോട്ട്ലൻഡിലെ ഹോസ്പിറ്റാലിറ്റി ബിസിനസുകൾ ആശങ്ക പ്രകടിപ്പിച്ചു.

കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സ്വാതന്ത്ര്യത്തിൽ “റിവേഴ്സ് ഗിയർ” ഉണ്ടായിരിക്കണമെന്ന് സ്കോട്ട്ലൻഡിലെ ദേശീയ ക്ലിനിക്കൽ ഡയറക്ടർ പ്രൊഫസർ ജെയ്സൺ ലീച്ച് തിങ്കളാഴ്ചയാണ് വ്യക്തമാക്കിയത്. രാജ്യത്തെ പ്രതിവാര കോവിഡ് കേസുകൾ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഏകദേശം 80% വർദ്ധിച്ചതായാണ് കണക്കുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.