
സ്വന്തം ലേഖകൻ: അനുമതിയില്ലാത്ത വിദേശയാത്രകൾക്ക് 5000 പൗണ്ട് പിഴശിക്ഷ ഈടാക്കുന്ന പുതിയ നിയമം അടുത്തയാഴ്ച മുതൽ ബ്രിട്ടനിൽ പ്രാബല്യത്തിലാകും. വിദേശ വിനോദയാത്രകളും അത്യാവശ്യമല്ലാത്ത മറ്റു യാത്രകളും ഒഴിവാക്കാനാണു സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നത്. പുതിയ യാത്രാ നിയന്ത്രണങ്ങളും അവയ്ക്കുള്ള പിഴയും അനുശാസിക്കുന്ന നിയമം വ്യാഴാഴ്ച ബ്രിട്ടീഷ് പാർലമെന്റ് പാസാക്കും.
നിലവിലെ സ്റ്റേ അറ്റ് ഹോം നിയന്ത്രണം അവസാനിക്കുന്ന തിങ്കളാഴ്ച മുതലാകും പുതിയ നിയമം നിലവിൽ വരിക. കൃത്യമായ ഇടവേളയിൽ സാഹചര്യങ്ങൾ വിലയിരുത്തി നിയന്ത്രണങ്ങളിൽ ഇളവ് വേണമോ എന്നു പിന്നീടു തീരുമാനിക്കും. ജോലിസംബന്ധമായ ആവശ്യങ്ങൾ, സന്നദ്ധ പ്രവർത്തനം, വിദ്യാഭ്യാസം, ചികിൽസ, വിവാഹം, മരണാനന്തര ചടങ്ങുകൾ, രോഗീ സന്ദർശനം എന്നീ ആവശ്യങ്ങൾക്കാണ് ഇപ്പോൾ ബ്രിട്ടനിൽ നിന്നു വിദേശത്തുപോകാൻ അനുമതിയുള്ളത്.
വാക്സിനേഷനിലൂടെ ബ്രിട്ടൻ ഒരു പരിധിവരെ കോവിഡിനെ വരുതിയിലാക്കിയ സാഹചര്യത്തിൽ മറ്റിടങ്ങളിലെ പുതിയ വേരിയന്റുകൾ ഇവിടേക്ക് എത്തുന്നതു തടയുകയാണ് വിദേശയാത്രകൾക്കു നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനത്തിനു പിന്നിൽ. അടിയന്തര സാഹചര്യത്തിൽ വിദേശയാത്ര നടത്തേണ്ടവർ യാത്രായ്ക്കുള്ള കാരണം വ്യക്തമാക്കുന്ന ട്രാവൽ ഡിക്ലറേഷൻ ഫോറം പൂരിപ്പിച്ചു നൽകുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. കൊറോണ വൈറസ് റസ്ട്രിക്ഷൻസ് ഹെൽത്ത് പ്രൊട്ടക്ഷൻ റഗുലേഷൻസ് 2021 എന്ന പുതിയ നിയമത്തിൽ യാത്രാനുമതി നേടുന്നതിന്റെ കൂടുതൽ വിശദാംശങ്ങൾ ഉണ്ടാകും.
കുട്ടികൾക്ക് ഓഗസ്റ്റിൽ വാക്സിനേഷൻ നൽകുമോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് റിപ്പോർട്ട്. നേരത്തെ സർക്കാർ പദ്ധതി പ്രകാരം കുട്ടികൾക്ക് ഓഗസ്റ്റ് ആദ്യം തന്നെ കൊറോണ വൈറസ് വാക്സിൻ നൽകാൻ സാധ്യതയുണ്ടെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ 18 വയസ്സിന് താഴെയുള്ളവർക്ക് വാക്സിൻ നൽകുന്നതുമായ ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്നും വാക്സിൻ ബോഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല