
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പുതിയ കൊവിഡ് യാത്രാ മാർഗനിർദേശങ്ങൾ ലംഘിച്ചാൽ 10,000 പൗണ്ടുവരെ പിഴയും ജയിലും. റെഡ് ലിസ്റ്റിൽ പെടുത്തിയിട്ടുള്ള 33 രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർ 1750 പൗണ്ട് അടച്ച് നിർബന്ധമായും ഹോട്ടൽ ക്വാറന്റീന് വിധേയരാകാണം. ഇവർക്ക് രണ്ടുവട്ടം പിസിആർ ടെസ്റ്റ് നടത്തും. ഇതിനുള്ള ഫീസും ഉൾപ്പെടെയാണ് 1750 പൗണ്ട് യാത്രക്കാരിൽനിന്നും ഈടാക്കുന്നത്. ഇന്ത്യ ഈ ലിസ്റ്റിലില്ല.
അതിനാൽ ഇന്ത്യയിൽനിന്നും എത്തുന്ന യാത്രക്കാർക്ക് 10 ദിവസത്തെ ഹോം ക്വാറന്റീൻ മതി. എന്നാൽ സ്കോട്ട്ലൻഡ് എല്ലാ വിദേശ യാത്രക്കാർക്കും ഹോട്ടൽ ക്വാറന്റീനാണ് ഏർപ്പെടുത്തുന്നത്. അതിനാൽ സ്കോട്ട്ലൻഡിലേക്കുള്ള ഇന്ത്യൻ യാത്രക്കാർക്ക് ഹോട്ടൽ ക്വാറന്റീൻ ആവശ്യമായി വരും.
ഏതു രാജ്യത്തുനിന്നും റോഡ്, റെയിൽ വ്യോമ, ജല ഗതാഗത മാർഗങ്ങളിലൂടെ ബ്രിട്ടനിലേക്കെത്തുന്നവർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതിയിരിക്കണം. ഇതില്ലാത്തവരിൽ നിന്നും എയർപോർട്ടിൽ വച്ചു തന്നെ 500 പൗണ്ട് പിഴ ഈടാക്കും. ബ്രിട്ടനിൽ നിന്നും വിദേശത്തേക്കു പോകാനും ഇപ്പോൾ ഈ ടെസ്റ്റ് റിസൾട്ട് നിർബന്ധമാണ്.
തിങ്കളാഴ്ച മുതൽ വിദേശങ്ങളിൽ നിന്നും ബ്രിട്ടനിലെത്തുന്ന എല്ലാവരും പത്തുദിവസത്തെ ക്വാറന്റീൻ കാലാവധിക്കുള്ളിൽ രണ്ട് പിസിആർ ടെസ്റ്റുകൾക്ക് വിധേയരാകാണം. ക്വാറന്റീന്റെ രണ്ടാം ദിവസവും എട്ടാം ദിനവുമാണ് ടെസ്റ്റുകൾ നടത്തേണ്ടത്. ഇതിൽ പോസിറ്റീവാകുന്ന റിസൾട്ടുകൾ ജെനോമിക് സീക്വൻസിങ്ങിന് വിധേയമാക്കി ജനിതകമാറ്റം വന്ന വൈറസാണോ എന്നു കണ്ടെത്തും.
യുകെ അതിർത്തിയിൽ തങ്ങളുടെ യാത്രാ ഹിസ്റ്ററി മറച്ചുവെച്ച് നുണ പറയുന്നവർക്ക് 10 വർഷം തടവ് ശിക്ഷ നൽകും. പുതിയ നീക്കം നിലവിലെ സാഹചര്യത്തിൽ ആവശ്യമാണെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു. പുതിയ യാത്രാ മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി, യാത്രക്കാർ വരുന്നതിന് 10 ദിവസത്തിനുള്ളിൽ ഏതെങ്കിലും ഒരു “റെഡ് ലിസ്റ്റ്” രാജ്യത്ത് ഉണ്ടായിരുന്നതായി തെളിഞ്ഞാൽ 10 വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.
എന്നാൽ ഈ പുതിയ ശിക്ഷ അൽപ്പം കടുത്തതാണെന്ന വാദവുമായി നിരവധി എംപിമാരും മുൻ ജഡ്ജിമാരും രംഗത്തെത്തിയിട്ടുണ്ട്. പുതിയ കൊറോണ വൈറസ് വേരിയന്റുകൾ ബ്രിട്ടനിലേക്ക് കടക്കുന്നതും കൂടുതൽ വ്യാപകമാകുന്നതും തടയുക എന്നതാണ് സർക്കാരിന്റെ മുൻ ഗണനയെന്നാണ് പുതിയ നിയന്ത്രണങ്ങൾ കാണിക്കുന്നത് എന്നായിരുന്നു ഇതിന് ഷാപ്പ്സിൻ്റെ മറുപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല