1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2021

സ്വന്തം ലേഖകൻ: യുകെയിൽ ട്രാഫിക് ലൈറ്റ് സംവിധാനത്തിലെ ആംബർ ലിസ്റ്റിൽ നിന്ന് ഫ്രാൻസിനെ മാറ്റാൻ നീക്കം. അടുത്തയാഴ്ച നടക്കാനിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച അവലോകനത്തിൽ ഫ്രാൻസിൽ നിന്നുള്ള യാത്രാ ചട്ടങ്ങൾ പുതുക്കുമെന്നാണ് സൂചന. ഫ്രാൻസിൽ ബീറ്റ വേരിയൻറ് ഭീഷണി നിയന്ത്രണ വിധേയമായതായി ബ്രിട്ടീഷ് സർക്കാർ സ്ഥിരീകരിച്ചു.

കൂടാതെ കേസ് നിരക്കിൽ വർദ്ധനയുണ്ടെങ്കിലും ഗ്രീസിനെയും സ്‌പെയിനിനെയും ആംബർ പ്ലസ് പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്നാണ് സൂചന. ഓഗസ്റ്റ് 5 ന് ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. നിലവിൽ ഫ്രാൻസിൽ നിന്ന് മടങ്ങിയെത്തുന്ന രണ്ട് ഡോസ് വാക്സിനും എടുത്തവർ പത്തുദിവസം വരെ ക്വാറന്റൈനിൽ കഴിയണം. എന്നാൽ രാജ്യം ആംബർ പ്ലസ് പട്ടികയിൽ നിന്ന് ആംബറിലേക്ക് മാറുമ്പോൾ ഈ നിബന്ധനയിൽ നിന്ന് യാത്രക്കാർക്ക് രക്ഷപ്പെടാം.

അതേസമയം ബ്രിട്ടനിൽ രൂക്ഷ വ്യാപനമുള്ള ഡെൽറ്റ വേരിയന്റ് യൂറോപ്പിലെ ബീറ്റ വേരിയന്റിനേക്കാൾ വേഗത്തിൽ പടരുകയാണെന്നും വരും ആഴ്ചകളിൽ ഇത് വീണ്ടും ഉയരുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്പെയിനിൽ ആശങ്ക പടർത്തുന്നതും കൂടുതൽ വാക്സിൻ പ്രതിരോധ ശേഷിയുമുള്ള ബീറ്റ അഥവാ ദക്ഷിണാഫ്രിക്കൻ വേരിയന്റ് ബ്രിട്ടനിൽ അത്ര പ്രബലമല്ല.

കഴിഞ്ഞ നാല് ആഴ്ചയ്ക്കിടെ ഫ്രാൻസിലെ 3.7 ശതമാനം കേസുകളും ബീറ്റ വേരിയന്റ് മൂലമാണ്. സ്പെയിനിൽ ഇത് 6.9 ശതമാനമാണ്. ഫ്രാൻസിലും കരീബിയൻ പ്രദേശങ്ങളിലെ മാർട്ടിനിക്, ഗ്വാഡലൂപ്പ് ദ്വീപുകൾ, ഇന്ത്യൻ മഹാസമുദ്രത്തിലെ റീയൂണിയൻ എന്നിവ ഉൾപ്പെടുന്ന മേഖല എന്നിവിടങ്ങളിൽ ബീറ്റയുടെ വ്യാപനവും ആംബർ ലിസ്റ്റ് പുതുക്കാാനൊരുങ്ങുന്ന യുകെ സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

അതിനിടെ ഇംഗ്ലണ്ടിൽ അതിശക്തമായ മഴ പെയ്തിറങ്ങിയതോടെ തലസ്ഥാന നഗരമായ ലണ്ടനിലെ റോഡുകളും വീടുകളും ട്യൂബ് സ്റ്റേഷനുകളും വെള്ളത്തില്‍ മുങ്ങി. ഇടിമിന്നലോട് കൂടിയ കൂടുതല്‍ മഴയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലണ്ടനിലും ഏതാനും ഹോം കൗണ്ടികള്‍ക്കും കൊടുങ്കാറ്റിന് സാധ്യതയുള്ള ആംബര്‍ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നൽകിയിരിക്കുന്നത്.

നോര്‍വിച്ച് മുതല്‍ പ്ലൈമൗത്ത് വരെയുള്ള മേഖലകള്‍ക്ക് ഗതാഗത തടസ്സവും, വൈദ്യുതി തകരാറിനും കാരണമാകുന്ന കൊടുങ്കാറ്റിന് സാധ്യതയുള്ളതിനാല്‍ യെല്ലോ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ ഇത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.

ഈസ്റ്റ് ലണ്ടനിലെ ന്യൂഹാം ഹോസ്പിറ്റലിന്റെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ചില ഭാഗങ്ങളിൽ വെള്ളം കയറിയതിനാൽ ചികിത്സ ആവശ്യമുള്ളവര്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ പോകാൻ അധികൃതർ ആവശ്യപ്പെട്ടു. വിപ്‌സ് ക്രോസ് ഹോസ്പിറ്റല്‍, ന്യൂഹാം ഹോസ്പിറ്റല്‍ എന്നിവിടങ്ങളിളും കനത്ത മഴയില്‍ പ്രശ്‌നങ്ങള്‍ തുടരുന്നതായി ബാര്‍ത്സ് ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.