
സ്വന്തം ലേഖകൻ: യുകെയിൽ 16, 17 പ്രായക്കാർക്ക് ഓഗസ്റ്റ് 23ന് മുമ്പായി ആദ്യ ഡോസ് വാക്സിൻ നൽകുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്. സ്കൂളിലേക്ക് മടങ്ങുന്നതിന് കൗമാരക്കാർക്ക് പരമാവധി പ്രതിരോധശേഷി ഉണ്ടാക്കാൻ കഴിയണമെന്നാണ് സർക്കാർ ഓഗ്രഹികുന്നതെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ് സെപ്റ്റംബറിൽ ആറാം ഫോമിലേക്കും കോളേജിലേക്കും തിരിച്ചു പോകാനിരിക്കുകയാണ് രാജ്യത്തെ 16, 17 പ്രായക്കാരായ വിദ്യാർഥികൾ.
16 നും 17 നും ഇടയിൽ പ്രായമുള്ളവർക്ക് 800ലധികം ജിപികളുടെ നേതൃത്വത്തിൽ ഒരുക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നിൽ കുത്തിവയ്പ് എടുക്കാവുന്നതാണെന്ന് ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പ് (ഡിഎച്ച്എസ്സി) അറിയിച്ചു. ജിപിമാർ വഴിയോ വാക്ക്-ഇൻ സെന്ററുകൾ മുഖേനയോ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ആയിരക്കണക്കിന് ടെക്സ്റ്റുകളും കത്തുകളും കൗമാരക്കാർക്ക് അയക്കും.
“പതിനായിരക്കണക്കിന് ചെറുപ്പക്കാർക്ക് ഇതിനകം തന്നെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ചത് വളരെ നല്ല കാര്യമാണ്. രാജ്യ വ്യാപകമായി കോവിഡിനെതിരായ നമ്മുടെ പ്രതിരോധ മതിൽ തീർക്കുന്നതിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദി,“ സാജിദ് ജാവിദ് പറഞ്ഞു.
കോവിഡ് ബാധിക്കാൻ സാധ്യത കൂടുതലുള്ളവരോ മറ്റ് രോഗങ്ങൾ മൂലം ദുർബല രോഗപ്രതിരോധമുള്ള മുതിർന്നവരോടൊപ്പം താമസിക്കുന്നവരോ ആയ 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കും ഓഗസ്റ്റ് 23 നകം വാക്സിൻ നൽകും. ഈ വിഭാഗക്കാരെ വാക്സിൻ ബുക്ക് ചെയ്യാൻ എൻഎച്ച്എസ് നേരിട്ട് ക്ഷണിക്കുമെന്ന് ഡി എച്ച് എസ് സി വ്യക്തമാക്കി.
മൂന്ന് മാസത്തിനുള്ളിൽ 18 വയസ് പൂർത്തിയാകുന്ന കൗമാരക്കാർക്ക് ഏകദേശം 100,000 ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കുമെന്നും ഡി എച്ച് എസ് സി അറിയിച്ചു. നാഷണൽ ബുക്കിംഗ് സർവീസ് വഴിയോ 119 എന്ന നമ്പറിലൂടെയോ ഇവർക്ക് വാക്സിൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല